Thursday, April 25, 2024
HomeKeralaനിയമ വിദ്യാർത്ഥിയുടെ ആത്മഹത്യ: പൊലീസിന്‍റേത് സ്ത്രീവിരുദ്ധ മനോഭാവമെന്ന് ആനി രാജ

നിയമ വിദ്യാർത്ഥിയുടെ ആത്മഹത്യ: പൊലീസിന്‍റേത് സ്ത്രീവിരുദ്ധ മനോഭാവമെന്ന് ആനി രാജ

ദില്ലി: ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ അത്മഹത്യ(Mofiya Parveen Suicide) ചെയ്ത സംഭവത്തില്‍ കേരള പൊലീസിനെതിരെ(Kerala police) വിമര്‍ശനവുമായി സി പി ഐ ദേശീയ നേതാവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറിയുമായ ആനി രാജ(Annie Raja). കുടുംബം തകരാതെ നോക്കേണ്ടത് സ്ത്രീകളാണെന്ന മനോഭാവം പൊലീസിൽ വലിയ ഒരു വിഭാഗത്തിനുണ്ടെന്നും, ഇത് സ്ത്രീവിരുദ്ധമാണെന്നും ആനി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഗാർഹിക പീഢന പരാതികളിൽ ഒത്തുതീർപ്പാക്കേണ്ട ചുമതലയല്ല പൊലീസിന്‍റേതെന്നും സിഐക്ക് എതിരെ  സർക്കാർ എടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ആനി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം പൊലീസിനെതിരെ ഭരണകക്ഷികളില്‍ നിന്നുള്‍പ്പെടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.  പൊലീസ് മാറ്റങ്ങൾക്ക് വിധേയമാകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.  ആലുവ സംഭവത്തിൽ നടപടി വൈകി എന്ന അഭിപ്രായമില്ലെന്ന് പറയുമ്പോഴും പൊലീസ് മാറണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.  വേലിതന്നെ വിളവ് തിന്നുന്നു എന്ന വിശേഷണത്തോടെയാണ് സിപിഐ മുഖപത്രം ജനയുഗം പൊലീസിനെ വിമർശിച്ചത്.

സിപിഐ നേതാവ് സി ദിവാകരനും കേരള പൊലീസിനെതിരെ രംഗത്തെത്തി. വി എസ് അച്യുതാനന്ദൻ സര്‍ക്കാരിന്‍റെ കാലത്തെ പൊലീസായിരുന്നു നല്ലതെന്ന് സി ദിവാകരൻ വിമര്‍ശിച്ചു. കോടിയേരിയുടെ സാന്നിധ്യത്തിലായിരുന്നു സി ദിവാകരൻറെ കുറ്റപ്പെടുത്തൽ. പണ്ട് ഇടതുമുന്നണി സ‍ർക്കാരാണ് ജനമൈത്രിപൊലീസ് ഉണ്ടാക്കി ജനകീയമാക്കിയത്.  ഇന്ന് കാണിക്കുന്ന ആക്രമങ്ങൾ പാടില്ലെന്ന് അന്നേ പഠിപ്പിച്ചതാണ്. പക്ഷെ പഠിക്കുന്നില്ലെന്നും ദിവാകരൻ വിമർശിച്ചു. കർഷകസമരത്തിന്റെ ഒന്നാം വാർഷിത്തോടനുബന്ധിച്ച് ഇടതുമുന്നണി സംഘടിപ്പിച്ച ധർണ്ണയിലാണ് ദിവാകരന്‍റെ പ്രതികരണം.

മോൻസൻ മാവുങ്കൽ കേസ് മുതല്‍ കൊച്ചിയിലെ നിയമവിദ്യാര്‍ത്ഥിയുടെ മരണം വരെയുള്ള വിഷയങ്ങളിൽ പൊലീസിനെതിരെ ശക്തമായ സമരവുമായി പ്രതിപക്ഷം നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെ മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ ഭരണ മുന്നണിയില്‍ നിന്ന് തന്നെ വിമര്‍ശനമുയരുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular