Tuesday, June 25, 2024
HomeKeralaചൂട്: വാടിത്തളര്‍ന്ന് വിനോദസഞ്ചാരമേഖല

ചൂട്: വാടിത്തളര്‍ന്ന് വിനോദസഞ്ചാരമേഖല

പാലക്കാട്: ചൂടാണ് സർവത്ര, ചെറുമഴകള്‍ അങ്ങിങ്ങായി ലഭിച്ചിട്ടും ഉഷ്ണതരംഗമുന്നറിയിപ്പ് പിൻവലിച്ചിട്ടും ജില്ലയിലെ ആധി ഒഴിയുന്നില്ല.

കൃഷിമുതല്‍ വ്യവസായവും വിനോദസഞ്ചാരവും വരെ ഉഷ്ണത്തില്‍ വാടിയ ജില്ലയുടെ പ്രതീക്ഷകള്‍ നിരവധിയാണ്. ഒരുപക്ഷേ ഇനി തളിർക്കാനെത്രയോ നാള്‍ വേണ്ടിവന്നേക്കുന്ന പ്രതീക്ഷയുടെ നാമ്ബുകള്‍. ഉത്സവ-അവധിക്കാല സീസണില്‍ വിനോദസഞ്ചാര മേഖലയില്‍ ജില്ലയുടെ പ്രതീക്ഷകള്‍ ആവിയാവുന്നതാണ് കണ്ടത്. മിക്ക വിനോദസഞ്ചാ കേന്ദ്രങ്ങളിലും സന്ദർശകരുടെ എണ്ണം നാമമാത്രമായി.

ഡി.ടി.പി.സിയുടെ വരുമാനം കുത്തനെ ഇടിഞ്ഞത് മാത്രമല്ല പ്രാദേശിക തലത്തില്‍ വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങള്‍ക്കും ഇത് വെല്ലുവിളിയായി. കുട്ടികളടക്കം കുടുംബാംഗങ്ങള്‍ക്കെല്ലാം സമയം ചെലവഴിക്കാൻ സൗകര്യമൊരുക്കുന്നതുകൊണ്ട് തന്നെ അണക്കെട്ടുകളോട് ചേർന്ന് ഒരുക്കിയ ഉദ്യാനങ്ങളില്‍ വേനലവധിക്കാലത്ത് നല്ല തിരക്കാണുണ്ടാവാറുള്ളത്. അവിടെയും ഇക്കുറി പ്രതീക്ഷകള്‍ മങ്ങി.

നെല്ലിയാമ്ബതിക്ക് നിരാശ

ശനി, ഞായർ ദിവസങ്ങളില്‍ 2,000ത്തിന് മുകളില്‍ വാഹനങ്ങളായിരുന്നു നെല്ലിയാമ്ബതിയിലേക്ക് എത്തിയിരുന്നതെന്ന് അധികൃതർ പറയുന്നു. ഈ വർഷം വാരാന്ത്യങ്ങളിലൊഴികെ നൂറില്‍ത്താഴെ വാഹനങ്ങള്‍ മാത്രമാണ് വിനോദസഞ്ചാരികളുമായി എത്തുന്നതെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. കഴിഞ്ഞവർഷം ഈ സമയത്ത് വനംവകുപ്പിന്റെ പോത്തുണ്ടി ചെക്ക് പോസ്റ്റുവഴി പ്രതിദിനം ശരാശരി 1,500 വാഹനങ്ങളിലായി 3,500ലധികം പേരാണ് എത്തിയിരുന്നത്.

ഏപ്രില്‍ 28 ഞായറാഴ്ച 620 ആളുകള്‍ മാത്രമാണ് നെല്ലിയാമ്ബതിയിലേക്ക് എത്തിയതെന്ന് വനംവകുപ്പിന്റെ പോത്തുണ്ടി ചെക്പോസ്റ്റില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു. മേയ് അഞ്ചിന് ആകെ 530 പേരാണ് സന്ദർശകരായി എത്തിയത്. ഊട്ടിക്ക് സമാനമായി തണുപ്പുണ്ടായിരുന്ന നെല്ലിയാമ്ബതിയില്‍ ഇപ്പോള്‍ ഫാനില്ലാതെ മുറിക്കുള്ളില്‍ കഴിയാൻ പറ്റാത്ത സ്ഥിതിയായെന്ന് പ്രദേശവാസികള്‍ പറയുന്നു. 32-35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടെത്തിയ ദിവസങ്ങളും ഉണ്ടായി. രാത്രി താപനിലയിലും ഏതാനും വർഷങ്ങളായി വർധനവുണ്ടായിട്ടുണ്ട്. കൂടുതല്‍ തണുപ്പുള്ള നവംബർ, ഡിസംബർ മാസങ്ങളില്‍ സാധാരണ 10-12 ഡിഗ്രി സെല്‍ഷ്യസായിരുന്നത് ഇത്തവണ 14-16 ഡിഗ്രി ആയി. നിലവില്‍ നെല്ലിയാമ്ബതിയിലെ രാത്രി താപനില 20 ഡിഗ്രിയോളമാണെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ കാണിക്കുന്നു.

കാഞ്ഞിരപ്പുഴയില്‍ വരുമാനമിടിഞ്ഞു

ചൂടുകൂടിയതോടെ കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ വരുമാനത്തിലും ഇക്കുറി ഇടിവുണ്ടായി. കഴിഞ്ഞവർഷം ഏപ്രിലില്‍ 37,000 പേർ സന്ദർശിക്കുകയും 10.59 ലക്ഷം വരുമാനം ലഭിക്കയും ചെയ്തിരുന്നിടത്ത് ഈ ഏപ്രിലില്‍ 30,770 സന്ദർശകരാണ് എത്തിയത്. 8.72 ലക്ഷമായി വരുമാനം കുറഞ്ഞു.

മംഗലം ഡാമിലും വേറെയല്ല വിശേഷം

വേനലവധിക്കാലത്ത് സന്ദർശകത്തിരക്കും ഉത്സവസമാനമായ അന്തരീക്ഷവുമാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും ഓർമകള്‍. ഇത്തവണ ഏപ്രിലില്‍ 4,528 ആളുകളാണ് എത്തിയത്.

കഴിഞ്ഞവർഷം 5,991 സന്ദർശകർ എത്തിയിടത്താണിത്. രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്നുവരെ അണക്കെട്ടിന് മുകളിലേക്ക് സന്ദർശകർക്ക് വിലക്കുണ്ട്. ഉദ്യാനത്തില്‍ മാത്രമാണ് പ്രവേശനം. ഇതുകൊണ്ടുതന്നെ വൈകുന്നേരങ്ങളിലാണ് നിലവില്‍ സന്ദർശകരെത്തുന്നതെന്ന് ജീവനക്കാർ പറയുന്നു. ഈ വരുമാനം ഉദ്യാന പരിപാലനം, അറ്റകുറ്റപ്പണികള്‍ എന്നിവക്കെല്ലാം വിനിയോഗിക്കാറാണ് പതിവ്. വരുമാനത്തിലുണ്ടായ ഇടിവ് പ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ.

RELATED ARTICLES

STORIES

Most Popular