Saturday, July 27, 2024
HomeKeralaകെട്ടിടവും സ്‌ഥലവും സ്‌റ്റേഷനു വേണം, ആ 'കൃഷി' നടക്കില്ലെന്ന്‌ പോലീസ്‌

കെട്ടിടവും സ്‌ഥലവും സ്‌റ്റേഷനു വേണം, ആ ‘കൃഷി’ നടക്കില്ലെന്ന്‌ പോലീസ്‌

കൊച്ചി: കൃഷി ഭവന്‍ നിര്‍മാണത്തിനു പഞ്ചായത്ത്‌ അനുമതി നല്‍കിയ സ്‌ഥലത്ത്‌ പോലീസിന്റെ ‘വെട്ടിനിരത്തല്‍’. നിര്‍മാണത്തിലിരിക്കുന്ന കൃഷിഭവന്‍ കെട്ടിടവും ആറു സെന്റ്‌ സ്‌ഥലവും പോലീസ്‌ സ്‌റ്റേഷനു വേണമെന്ന്‌ ആവശ്യം.

കൊല്ലം നെടുമ്ബന പഞ്ചായത്തില്‍ കൃഷിഭവന്‍ നിര്‍മിക്കാന്‍ മാത്രമായി പഞ്ചായത്ത്‌ നല്‍കിയ ആറു സെന്റ്‌ ഭൂമിയിലാണ്‌ പോലീസ്‌ അവകാശവാദമുന്നയിച്ചത്‌. കെട്ടിടനിര്‍മാണം നടത്തിയ കേരള ലാന്‍ഡ്‌ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍, വില്ലേജ്‌ ഓഫീസര്‍, പണിയേറ്റെടുത്ത കരാറുകാരന്‍ എന്നിവര്‍ക്കെതിരേ കണ്ണനെല്ലൂര്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. മൂന്നു പേര്‍ക്കെതിരേ ക്രിമിനല്‍ കുറ്റമടക്കമുളള വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ 18 ന്‌ എഫ്‌.ഐ.ആര്‍. ഇട്ടു. കേസിലെ പരാതിക്കാരന്‍ സ്‌റ്റേഷനിലെ എസ്‌.ഐ. ആണെന്ന കൗതുകവുമുണ്ട്‌. ഇതോടെ പണി മുടങ്ങുകയും ചെയ്‌തു.

1980 ലെ പ്രത്യേക സര്‍ക്കാര്‍ ഉത്തരവിലൂടെ പഞ്ചായത്തിന്‌ ലഭിച്ച സ്‌ഥലത്താണ്‌ കൃഷിഭവന്‍ നിര്‍മിക്കുന്നത്‌. പഞ്ചായത്ത്‌ ഭരണസമിതിയുടേതായിരുന്നു തീരുമാനം. സ്‌കെച്ചും പ്ലാനും തയാറാക്കി ഫൗണ്ടേഷനിട്ട്‌ പണി മുന്നോട്ടുപോകുമ്ബോഴായിരുന്നു ‘ട്വിസ്‌റ്റ്’.
മൂന്നുവര്‍ഷം മുമ്ബ്‌ ഇതേ സ്‌ഥലത്ത്‌ പോലീസ്‌ സ്‌റ്റേഷന്‍ പണിയാന്‍ കലക്‌ടര്‍ ഉത്തരവിട്ടിരുന്നുവെന്നാണ്‌ പോലീസിന്റെ വാദം. സ്‌ഥലം കൈയേറിയുള്ള പണി നിര്‍ത്തിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടു. അതിനിടെ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കിയതോടെ പണി തല്‍ക്കാലം നിര്‍ത്തി. സ്‌റ്റോപ്പ്‌ മെമ്മോയെപ്പറ്റി കേരള ലാന്‍ഡ്‌ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‌ അറിവില്ലായിരുന്നുവെന്നാണ്‌ സൂചന. അവര്‍ പണി തുടര്‍ന്നപ്പോഴാണ്‌ പോലീസ്‌ കേസ്‌ എടുത്തത്‌.
നിലവില്‍ വിവിധ സര്‍ക്കാര്‍ സ്‌ഥാപനങ്ങളും മറ്റും നിലനില്‍ക്കുന്നത്‌ പഞ്ചായത്തുവക ഭൂമിയിലാണ്‌. സര്‍ക്കാര്‍ ഉത്തരവ്‌ നിലനില്‍ക്കുമ്ബോള്‍ മൂന്നുവര്‍ഷം മുമ്ബ്‌ കലക്‌ടര്‍ ഇറക്കിയ ഉത്തരവ്‌ നിലനില്‍ക്കുകയില്ലെന്നാണ്‌ നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌. സര്‍ക്കാര്‍ ഉത്തരവ്‌ അറിയാതെ കലക്‌ടര്‍ ഉത്തരവ്‌ ഇറക്കിയതാണ്‌ പോലീസ്‌ നടപടികളിലേക്കു കടക്കാനിടയായത്‌.

RELATED ARTICLES

STORIES

Most Popular