Friday, June 21, 2024
HomeIndiaരാഹുല്‍ മുംബൈയിലേക്കല്ല, സിഎസ്‌കെയിലേക്ക്? ധോണിയുടെ പകരക്കാരനായേക്കും

രാഹുല്‍ മുംബൈയിലേക്കല്ല, സിഎസ്‌കെയിലേക്ക്? ധോണിയുടെ പകരക്കാരനായേക്കും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെച്ചിരിക്കുന്നത്.

12 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള ലഖ്‌നൗ ഏഴാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ച്‌ ലഖ്‌നൗ പ്ലേ ഓഫിലേക്കെത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനിടെ ലഖ്‌നൗ ആരാധകര്‍ പ്രകീക്ഷിക്കാത്ത ഒരു സംഭവം ടീമിനുള്ളിലുണ്ടായിരുന്നു. ടീം ഉമട സഞ്ജീവ് ഗോയങ്കെ ടീം ക്യാപ്റ്റനായ കെ എല്‍ രാഹുലിനെ പരസ്യമായി ശാസിക്കുന്നതാണ് വലിയ വിവാദമായി മാറിയത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 10 വിക്കറ്റിന് ലഖ്‌നൗ തോറ്റതിന് പിന്നാലെയാണ് ടീം ഉടമ രാഹുലിനോട് കയര്‍ത്തത്. രാഹുല്‍ ഇന്ത്യയുടെ സീനിയര്‍ താരവും വലിയ ആരാധക പിന്തുണയുള്ള ബാറ്റ്‌സ്മാനുമാണ്. അതുകൊണ്ടുതന്നെ സഞ്ജീവ് രാഹുലിനെ പരസ്യമായി ശാസിച്ചത് വലിയ ചര്‍ച്ചയായി. ടീം ഉടമ രാഹുലിനെ അപമാനിക്കുകയാണ് ചെയ്തത്. ഡ്രസിങ് റൂമില്‍ നടക്കേണ്ട സംഭവമാണ് മൈതാനത്തില്‍ നടന്നത്.

ടീം ഉടമയുടെ പെരുമാറ്റത്തില്‍ രാഹുലിന് അതൃപ്തിയുണ്ടെന്ന് വ്യക്തം. രാഹുല്‍ ഈ സീസണോടെ ലഖ്‌നൗ വിടുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. രാഹുലിന്റെ കൂടുമാറ്റം എങ്ങോട്ടാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുംബൈ ഇന്ത്യന്‍സിലേക്കോ ആര്‍സിബിയിലേക്കോ ആവും രാഹുല്‍ പോവുകയെന്നാണ് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ പുതിയ വിവരം അനുസരിച്ച്‌ രാഹുല്‍ കൂടുമാറ്റം നടത്തുക ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കായിരിക്കും.

ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഈ സീസണോടെ എംഎസ് ധോണി പടിയിറങ്ങുമെന്നുറപ്പാണ്. ഈ സ്ഥാനത്ത് വിക്കറ്റ് കീപ്പറാവാന്‍ സാധിക്കുന്ന ഇന്ത്യന്‍ താരമെത്തിയാല്‍ ടീമിനത് വലിയ സന്തോഷമാവും. അതുകൊണ്ടുതന്നെ രാഹുല്‍ സിഎസ്‌കെയിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം. രാഹുലിനെപ്പോലെ സ്ലോ ബാറ്റിങ്ങിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നവര്‍ക്ക് ഏറ്റവും മികച്ച ടീം സിഎസ്‌കെയാണ്.

മോശം ഫോമിലുള്ള താരങ്ങളെപ്പോഴും അത്ഭുതകരമായ പ്രകടനത്തിലേക്ക് എത്തിക്കാന്‍ പ്രത്യേക കഴിവുള്ള ടീമാണ് സിഎസ്‌കെ. അവസാന സീസണിലെ അജിന്‍ക്യ രഹാനെയുടെ പ്രകടനവും ശിവം ദുബെയുടെ തിരിച്ചുവരവുമെല്ലാം സിഎസ്‌കെ മാജിക്കാണ്. രാഹുലിന്റെ ശൈലി ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്നതല്ല. പതിയെ തുടങ്ങി പിന്നീട് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റുന്നതാണ് രാഹുലിന്റെ ശൈലി. ഇത് ഒട്ടുമിക്ക ടീമുകളും പ്രോത്സാഹിപ്പിക്കുന്നതല്ല.

എന്നാല്‍ സിഎസ്‌കെ ഇത്തരമൊരു ശൈലിയെ തള്ളിപ്പറയുന്നവരല്ല. വ്യക്തമായ പദ്ധതികളോടെ കളിക്കുന്ന ടീമാണ് സിഎസ്‌കെ. വ്യത്യസ്തമായൊരു സംസ്‌കാരം ടീമിലുണ്ട്. ഇത് രാഹുലിന് യോജിക്കുന്നതാണ്. അതുകൊണ്ടുതന്നെ രാഹുല്‍ സിഎസ്‌കെയിലേക്ക് കൂടുമാറ്റം നടത്താനാണ് സാധ്യത കൂടുതല്‍. എംഎസ് ധോണിയെപ്പോലൊരു ഇതിഹാസ താരം പടിയിറങ്ങുമ്ബോള്‍ സിഎസ്‌കെയില്‍ വലിയ വിടവുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

ഈ വിടവ് നികത്താന്‍ രാഹുലിന് സാധിക്കുക പ്രയാസമാണെങ്കിലും നിലവില്‍ സിഎസ്‌കെയ്ക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും അനുഭവസമ്ബത്തുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ രാഹുലാണെന്ന് നിസംശയം പറയാം. ഈ സീസണില്‍ രാഹുലിന്റെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഓപ്പണറായി ഇറങ്ങി പവര്‍പ്ലേയില്‍ മെല്ലെപ്പോക്ക് ബാറ്റിങ് നടത്തുന്ന രാഹുല്‍ വലിയ വിമര്‍ശനം ഇത്തവണ കേട്ടിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും രാഹുല്‍ പവര്‍പ്ലേയില്‍ മെല്ലെപ്പോക്കാണ് നടത്തിയത്. 80ല്‍ താഴെ സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം പവര്‍പ്ലേയില്‍ ബാറ്റ് ചെയ്തത്. ഇതാണ് ടീം ഉടമയെ പ്രകോപിച്ചത്. എന്തായാലും സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി ഇത് മാറിയിരുന്നു. സഞ്ജീവ് ഗോയങ്കെക്കെതിരേ മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.

ടീം ഉടമയെന്ന നിലയില്‍ ക്യാപ്റ്റനോട് വൈകാരികമായി പെരുമാറുമ്ബോള്‍ സാഹചര്യവും സന്ദര്‍ഭവും നോക്കണമെന്നും താരത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറരുതെന്നുമാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. എന്തായാലും ഈ സീസണോടെ രാഹുല്‍ ലഖ്‌നൗ വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

RELATED ARTICLES

STORIES

Most Popular