Saturday, July 27, 2024
HomeIndiaവിജിലൻസ് ക്ലാര്‍ക്കില്‍ നിന്ന് ജയിലിലേക്ക്... കൂട്ടിന് വിവാദങ്ങളും ! ആരാണ് സവുക്ക് ശങ്കര്‍?

വിജിലൻസ് ക്ലാര്‍ക്കില്‍ നിന്ന് ജയിലിലേക്ക്… കൂട്ടിന് വിവാദങ്ങളും ! ആരാണ് സവുക്ക് ശങ്കര്‍?

വുക്ക് ശങ്കർ- തമിഴ്‌നാട് പൊലീസിനും സർക്കാരിനും കുറച്ച്‌ നാളുകളായി സ്ഥിരം തലവേദന സൃഷ്ടിക്കുന്ന കുപ്രസിദ്ധ യൂട്യൂബർ.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കഴിഞ്ഞ ദിവസം ശങ്കറിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഒരു വർഷം വരെ ജാമ്യം ലഭിക്കാൻ വകുപ്പില്ലാത്ത ഗുണ്ടാ നിയമവും ചുമത്തി.

ഈ കേസ് കൂടാതെ കാറില്‍ നിന്ന് കഞ്ചാവ് കടത്തിയതിനും മറ്റുമായി ഏഴോളം കേസുകളാണ് അച്ചിമുത്ത് ശങ്കർ എന്ന സവുക്ക് ശങ്കറിനെതിരെ നിലവിലുള്ളത്. വിജിലൻസ് ക്ലാർക്കില്‍ നിന്നും, അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ തമിഴ്‌നാട്ടില്‍ സെൻസേഷൻ ആയി മാറിയ അച്ചിമുത്ത് ശങ്കർ, സവുക്ക് ശങ്കർ എന്ന കുറ്റവാളിയായി മാറിയതിന് പിന്നില്‍ സിനിമാക്കഥയെ വെല്ലുന്ന ഒരു ജീവിതകഥ തന്നെയുണ്ട്… ആ കഥയിലേക്ക്…

തമിഴ്‌നാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റില്‍ ക്ലാർക്ക് ആയിരുന്ന അച്ചിമുത്ത് ശങ്കർ 2008ലാണ് വാർത്തകളില്‍ ഇടം പിടിക്കുന്നത്. തമിഴ്‌നാട്ടിലെ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ നിയമവിരുദ്ധമായ ഫോണ്‍ ടാപ്പിങ് രീതികള്‍ വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ പുറത്തു വിട്ടതോടെയായിരുന്നു ഇത്. ഡിഎംകെ മന്ത്രിയുടെ രാജിയില്‍ കലാശിച്ച ഈ സംഭവത്തോടെ ശങ്കർ സർവീസില്‍ നിന്ന് പുറത്തായി. അറസ്റ്റ് ഉള്‍പ്പടെയുള്ള നിയമനടപടികളും നേരിട്ടു. കുറച്ച്‌ നാളത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ശങ്കർ, ‘അഴിമതിയുടെ അന്തകൻ’ എന്ന വിശേഷണം സ്വയമേറ്റെടുത്ത കാഴ്ചയാണ് പിന്നീട് കണ്ടത്.

സവുക്ക് എന്ന പേരില്‍ ഒരു ഓണ്‍ലൈൻ വെബ്‌സൈറ്റ് ആരംഭിച്ചതായിരുന്നു ശങ്കറിന്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവ്. ഉന്നതതലങ്ങളില്‍ മാത്രം പരസ്യമായിരുന്ന പല രഹസ്യങ്ങളും ശങ്കർ തന്റെ സവുക്കിലൂടെ പൊതുജനശ്രദ്ധയിലെത്തിച്ചു. ഒരു ബ്ലോഗ് എന്ന നിലയില്‍ തുടങ്ങിയ സവുക്ക് അന്വേഷണാത്മക ന്യൂസ് വെബ്‌സൈറ്റ് ആയി രൂപം പ്രാപിച്ചത് വളരെ പെട്ടന്നായിരുന്നു. രാഷ്ട്രീയപ്രമുഖരുടെ അഴിമതികള്‍ മറയില്ലാതെ തുറന്നു കാട്ടിയ വെബ്‌സൈറ്റിലൂടെ ജുഡീഷ്യറിക്കെതിരെയും ശങ്കർ ആഞ്ഞടിച്ചു.

2022ല്‍ ഇതിന് ആറുമാസത്തെ ജയില്‍വാസത്തിന് ശങ്കർ വിധേയനായി. ജുഡീഷ്യറി അഴിമതിയാല്‍ കളങ്കപ്പെട്ടു എന്ന പ്രസ്താവനയാണ് കോടതിയെ ചൊടിപ്പിച്ചത്. നിരന്തര വിമർശനങ്ങളിലൂടെയും അഴിമതി ആരോപണങ്ങളിലൂടെയും നിരവധി തവണയാണ് വെബ്‌സൈറ്റ് റദ്ദാക്കപ്പെട്ടത്. കണക്കില്ലാത്തത്ര മാനനഷ്ടക്കേസുകളും ഇക്കാലയളവില്‍ ശങ്കർ സമ്ബാദിച്ചെടുത്തു.

ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച ശങ്കർ, കസ്റ്റഡി മർദനത്തിന് ഇരയായതായും റിപ്പോർട്ടുണ്ട്. തുടക്കത്തില്‍ ഡിഎംകെ അനുയായി ആണെന്ന തരത്തില്‍ ശങ്കറിനെതിരെ എഐഎഡിഎംകെയുടെ ഭാഗത്ത് നിന്ന് കടുത്ത വിമർശനങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ 2021ല്‍ അധികാരത്തിലേറിയതിന് ശേഷം ഡിഎംകെയ്‌ക്കെതിരെയും ശങ്കർ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതോടെ അത്തരം വിവാദങ്ങള്‍ക്ക് അവസാനമായി.

ഈ സംഭവങ്ങളൊക്കെ നടന്നിട്ടും സമൂഹമാധ്യമങ്ങളിലെ താരം തന്നെയായിരുന്നു സവുക്ക് ശങ്കർ. ഇയാള്‍ പങ്കെടുക്കുന്ന യൂട്യൂബ് വീഡിയോകള്‍ക്ക് കാഴ്ചക്കാർ ഏറെയായിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലെ വീഡിയോകളും അതിഥിയായി പങ്കെടുത്ത വീഡിയോകളുമെല്ലാം വൻ ഹിറ്റുകളായി. സവുക്ക് എന്ന ബ്രാൻഡ് രൂപപ്പെടുന്നതിന് വഴിയൊരുക്കുകയായിരുന്നു ഈ സംഭവങ്ങളെല്ലാം തന്നെ. പരസ്യങ്ങളിലൂടെയും പെയ്ഡ് പാർട്ണർഷിപ്പുകളിലൂടെയുമെല്ലാം ധാരാളം സമ്ബാദ്യവും ‘സവുക്ക്’, ശങ്കറിനെത്തിച്ചു കൊടുത്തു.

ആരോപണം പ്രത്യാരോപണങ്ങളും കേസും കോലാഹലവുമായി മുന്നോട്ട് പോകവേയാണ് ശങ്കറിനെതിരെ ഈ വർഷം മെയ് 4ന് അപകീർത്തികരമായ പരാമർശത്തിന് കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. വനിതാ കോണ്‍സ്റ്റബിള്‍മാരും സബ് ഇൻസ്‌പെക്ടർമാരും സൗകര്യപ്രദമായ സ്ഥലംമാറ്റങ്ങള്‍ക്കും പോസ്റ്റിങ്ങുകള്‍ക്കും പ്രമോഷനുമായി ഉയർന്ന പോസ്റ്റിലുള്ള പുരുഷ ഉദ്യോഗസ്ഥർക്ക് പല വിട്ടു വീഴ്ചകളും ചെയ്തു കൊടുക്കുന്ന എന്നായിരുന്നു ഇയാളുടെ പരാമർശം. ഇത് ഏറെ വിവാദങ്ങളും സൃഷ്ടിച്ചു. അഭിമുഖം നല്‍കിയ റെഡ് പിക്‌സ് എന്ന യൂട്യബ് ചാനലിന്റെ ഫെലിക്‌സ് ജെറാള്‍ഡിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പിന്നാലെ കിലമ്ബാക്കത്തെ ബസ് ടെർമിനല്‍ നിർമാണവുമായി ബന്ധപ്പെട്ട രേഖകള്‍ ശങ്കർ കൃത്രിമമായി നിർമിച്ചു എന്ന് കാട്ടി ചെന്നൈ മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പരാതി… മാനനഷ്ടത്തിനും പുറകെ നടന്ന് ശല്യം ചെയ്തതിനും മാധ്യമപ്രവർത്തക സന്ധ്യ രവിശങ്കർ നല്‍കിയ മറ്റൊരു പരാതി… ഒടുവില്‍ കഞ്ചാവ് കൈവശം വച്ചതിനുള്‍പ്പടെ അറസ്റ്റും ജയില്‍വാസവും…

യഥാർഥത്തില്‍ അഴിമതി വെളിച്ചത്ത് കൊണ്ടുവരാൻ തന്നെയാണോ അച്ചിമുത്ത് ശങ്കർ തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും വിനിയോഗിച്ചത്? അതോ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് തന്റെ സ്വാർഥലക്ഷ്യങ്ങള്‍ നിറവേറ്റുകയായിരുന്നോ അയാളുടെ ലക്ഷ്യം? രണ്ട് ചോദ്യങ്ങള്‍ക്കും ഉത്തരം സവുക്ക് ശങ്കറിന്റെ ജയില്‍വാസം മാത്രം

RELATED ARTICLES

STORIES

Most Popular