Tuesday, April 23, 2024
HomeKeralaകാട്ടുപന്നി ഒരു ക്ഷുദ്രജീവിയല്ല കര്‍ഷകനെ വേട്ടയാടുന്ന നീക്കം കര്‍ഷകന്‍ ഒരു ക്ഷുദ്രജീവി?

കാട്ടുപന്നി ഒരു ക്ഷുദ്രജീവിയല്ല കര്‍ഷകനെ വേട്ടയാടുന്ന നീക്കം കര്‍ഷകന്‍ ഒരു ക്ഷുദ്രജീവി?

കാട്ടുപന്നി ഒരു ക്ഷുദ്രജീവിയല്ല. പകരം കര്‍ഷകനെ ക്ഷുദ്രജീവിയാക്കിക്കോ. വനംവകുപ്പിനും കേന്ദ്രസര്‍ക്കാരിനും സന്തോഷമാകും, പ്ന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരസിച്ചിരിക്കുകയാണ് കേന്ദ്ര വനം വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണം വര്‍ധിക്കുകയും കര്‍ഷകര്‍ക്ക് വന്‍തോതിലുള്ള നഷ്ടങ്ങള്‍ വരുത്തിവെക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച വനം മന്ത്രി എ കെ ശശീന്ദ്രന്‍, കേന്ദ്ര വനം മന്ത്രി ഭൂപേന്ദര്‍ യാദവിനെ കണ്ട് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് സാധാരണക്കാരായ കര്‍ഷകര്‍ക്ക് വെടിവെച്ചു കൊല്ലാന്‍ അനുമതി ആവശ്യപ്പെട്ടത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതിനാല്‍ അനുവദിക്കാനാകില്ല, കേരളം അനുഭവിക്കുന്ന കാട്ടുപന്നി പ്രശ്‌നങ്ങള്‍ പരിശോധിക്കാനും പഠിക്കാനുമായി ഉന്നതതല സംഘത്തെ അയക്കാമെന്നുമായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. വന്യമൃഗ ശല്യം തടയുന്നതിനായി കേരളത്തിന് മറ്റെന്തെങ്കിലും സഹായം നല്‍കാനാകുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാട്ടുപന്നികള്‍ വന്യജീവി സംരക്ഷണത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ നിലവില്‍ അവയെ വെടിവെച്ചു കൊല്ലുന്നതിന് കര്‍ശനമായ നിബന്ധനകളുണ്ട്. ജാഗ്രതാസമിതികള്‍ ചേര്‍ന്നു തീരുമാനിക്കുന്ന എംപാനല്‍ഡ് ചെയ്ത തോക്ക് ലൈസന്‍സുള്ള കര്‍ഷകര്‍ക്കേ കൊല്ലാന്‍ അനുമതിയുള്ളൂ. കൊന്ന ശേഷം വനം വകുപ്പിനെ അറിയിച്ച് മഹസര്‍ തയ്യാറാക്കണം. മറവു ചെയ്യുന്നതും വനംവകുപ്പ് അധികൃതരുടെ അനുമതിയോടെയായിരിക്കണം. നിയമത്തിലെ ഈ കാര്‍ക്കശ്യം മൂലം കര്‍ഷകര്‍ അവയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിക്കാറില്ല. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക മൂന്നില്‍ നിന്ന് പട്ടിക അഞ്ചിലേക്ക് മാറ്റി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ക്ക് കടുത്ത നടപടിക്രമങ്ങളില്ലാതെ വെടിവെച്ചു കൊല്ലാന്‍ സാധിക്കും.

ഝാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ രീതിയില്‍ ഇളവുനല്‍കിയിട്ടുമുണ്ട്. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് മുമ്പും കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും ചില കാര്യങ്ങളില്‍ വിശദീകരണം തേടി തിരിച്ചയക്കുകയായിരുന്നു കേന്ദ്രം. ഈ വിശദീകരണങ്ങള്‍ക്കൊപ്പം സംസ്ഥാനത്ത് കാട്ടുപന്നികള്‍ വരുത്തിവെച്ച നാശനഷ്ടങ്ങളുടെ കണക്കുകൂടി കാണിച്ചാണ് കഴിഞ്ഞ ദിവസം വനം മന്ത്രി കേന്ദ്രത്തെ സമീപിച്ചത്. എന്തുകൊണ്ടാണ് വന്യജീവികള്‍ കാടുവിട്ട് നാടുകളിലേക്ക് ഇറങ്ങുന്നത് എന്നതു സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും തദടിസ്ഥാനത്തില്‍ വന്യ ജീവികള്‍ക്ക് കാട്ടില്‍ തന്നെ കഴിയാനുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുകയുണ്ടായി.

പൂര്‍വോപരി രൂക്ഷവും വ്യാപകവുമാണ് ഇപ്പോള്‍ സംസ്ഥാനത്ത് കാട്ടുപന്നി ശല്യം. നേരത്തേ മലയോര മേഖലയിലായിരുന്നു പന്നികള്‍ ഇറങ്ങുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ നഗര മേഖലകളില്‍ കൂടി ഇറങ്ങി വരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം കൂട്ടത്തോടെയാണ് ഇവ ഇറങ്ങുന്നത്. കുറ്റിക്കാടുകളും ആള്‍പാര്‍പ്പില്ലാത്ത ഉള്‍പ്രദേശങ്ങളുമാണ് പന്നികളുടെ ആവാസ കേന്ദ്രമെങ്കിലും രാത്രികാലങ്ങളില്‍ തീറ്റ തേടി നാടുകളിലെ കൃഷിയിടങ്ങളിലേക്കിറങ്ങുകയും എല്ലായിനം വിളകളും ഒരുപോലെ നശിപ്പിക്കുകയും ചെയ്യുന്നു. തേറ്റകള്‍ ഉപയോഗിച്ച് വിളകള്‍ പിഴുതെടുത്ത് ചവിട്ടി നശിപ്പിക്കുകയാണ് ചെയ്യുന്നത്. കാടുവെട്ടിത്തെളിച്ചും പ്രതികൂല കാലാവസ്ഥയോടു പോരാടിയും ലോണെടുത്തുമാണ് കര്‍ഷകരില്‍ നല്ലൊരു പങ്കും വിളയിറക്കുന്നത്. കഷ്ടപ്പെട്ടുണ്ടാക്കിയ വിളകളെല്ലാം ഒറ്റ രാത്രി കൊണ്ട് ഇവ നശിപ്പിക്കുകയാണ്. നേരത്തേ രാത്രികാലങ്ങളില്‍ കൃഷിയിടങ്ങളില്‍ ആളുകള്‍ കാവല്‍ കിടക്കുന്നത് പതിവായിരുന്നു. പന്നികള്‍ കൂട്ടത്തോടെ ഇറങ്ങി ഇവരെയും അക്രമിക്കാന്‍ തുടങ്ങിയതോടെ കാവല്‍ കിടപ്പ് അവസാനിച്ചു.

വാഹന യാത്രക്കാര്‍ക്കും ഇവ പ്രയാസം സൃഷ്ടിക്കാറുണ്ട്. കൃഷിസ്ഥലങ്ങളിലേക്കുള്ള യാത്രാമധ്യേ റോഡിലിറങ്ങുന്ന പന്നികളുമായി കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. കോഴിക്കോട് താമരശ്ശേരിയില്‍ ഒരു മാസം മുമ്പ് ബാര്‍ബര്‍ തൊഴിലാളിയുടെ വീട്ടില്‍ കടന്ന് സോഫയും ബെഡും കുത്തിക്കീറി നശിപ്പിക്കുകയുണ്ടായി പന്നികള്‍. വിവരമറിഞ്ഞ് അയല്‍വീട്ടുകാര്‍ എത്തി പന്നികളെ വിരട്ടിയോടിച്ചതു കൊണ്ടാണ് വീട്ടിനകത്തുണ്ടായിരുന്ന കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

മുഹമ്മദ് ഫൈസല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular