Saturday, July 27, 2024
HomeGulfമല്‍ഖ ചികിത്സ: ലുലു ഗ്രൂപ് വക ഒരു ലക്ഷം റിയാല്‍

മല്‍ഖ ചികിത്സ: ലുലു ഗ്രൂപ് വക ഒരു ലക്ഷം റിയാല്‍

ദോഹ: ടൈപ് വണ്‍ എസ്.എം.എ ബാധിതയായി ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ നോവായി മാറിയ മല്‍ഖ റൂഹിയുടെ ചികിത്സയിലേക്ക് ഒരു ലക്ഷം റിയാല്‍ സംഭാവന നല്‍കി ലുലു ഹൈപർമാർക്കറ്റ്.

ഖത്തർ ചാരിറ്റി നേതൃത്വത്തില്‍ നടക്കുന്ന ധനസമാഹരണത്തിലേക്കാണ് ലുലു ഗ്രൂപ്പിന്റെ കോർപറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സി.എസ്.ആർ) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത്രയും തുക സംഭാവന നല്‍കിയത്. ഒരു ലക്ഷം റിയാലിന്റെ ചെക്ക് ലുലു ഹൈപർമാർക്കറ്റ് റീജനല്‍ ഡയറക്ടർ എം.ഒ. ഷൈജാൻ ഖത്തർ ചാരിറ്റി റിസോഴ്സ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ അലി അല്‍ ഗാരിബിന് കൈമാറി. അഞ്ചുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മല്‍ഖ റൂഹിയുടെ ചികിത്സ ധനശേഖരണത്തിനുള്ള ഖത്തർ ചാരിറ്റി ശ്രമങ്ങള്‍ക്ക് ലുലു ഹൈപർമാർക്കറ്റ് നല്‍കിയ പിന്തുണക്ക് അലി അല്‍ ഗാരിബ് നന്ദി അറിയിച്ചു. 12 ദശലക്ഷം റിയാല്‍ വിലയുള്ള മരുന്ന് ലഭ്യമാക്കാൻ ഇനിയും ഏറെ തുക വേണമെന്നും, ഖത്തർ ചാരിറ്റിയുടെ ഫണ്ട് ഡ്രൈവില്‍ ഖത്തറിലെ വ്യക്തികളും സ്ഥാപനങ്ങളും എല്ലാത്തരത്തിലും പങ്കുചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിലെ ധനശേഖരണ യത്നത്തില്‍ പങ്കുചേരുന്നതിലെ സന്തോഷം ലുലു ഹൈപർമാർക്കറ്റ് റീജനല്‍ ഡയറക്ടർ എം.ഒ. ഷൈജാൻ പ്രകടിപ്പിച്ചു. കുഞ്ഞു മല്‍ഖയുടെ ചികിത്സക്കാവശ്യമായ മരുന്ന് വൈകാതെ കണ്ടെത്താൻ കഴിയുമെന്നും, കൂട്ടായ ദൗത്യത്തില്‍ ഖത്തർ ചാരിറ്റിയോടൊപ്പം ചേർന്നു നില്‍ക്കാൻ കഴിഞ്ഞത് ആദരവാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ കുഞ്ഞ് മല്‍ഖ റൂഹിക്കും അവളുടെ കുടുംബത്തിനും ഒപ്പം ഞങ്ങളുടെ പ്രാർഥനയുണ്ട്. വേഗത്തില്‍ രോഗം ഭേദമാവാൻ ആശംസിക്കുകയും ചെയ്യുന്നു -അദ്ദേഹം പറഞ്ഞു. പാലക്കാട് സ്വദേശികളായ ദമ്ബതികളുടെ മകള്‍ അഞ്ചു മാസം പ്രായമുള്ള മല്‍ഖ റൂഹിക്ക് ടൈപ് വണ്‍ എസ്.എം.എ രോഗമാണ് സ്ഥിരീകരിച്ചത്. രോഗത്തിനെതിരായ മരുന്നിന് ഭീമമായ തുക ആവശ്യമായതിനാലാണ് ഖത്തർ ചാരിറ്റി നേതൃത്വത്തില്‍ പൊതുജനങ്ങളില്‍നിന്നും ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചത്. ഖത്തർ ചാരിറ്റി ഓണ്‍ലൈൻ ലിങ്ക് വഴി ഫണ്ട് സമാഹരണത്തില്‍ പങ്കുചേരാവുന്നതാണ്.

RELATED ARTICLES

STORIES

Most Popular