Saturday, July 27, 2024
HomeIndiaകരഞ്ഞുതീര്‍ക്കുന്ന വികാരജീവികള്‍

കരഞ്ഞുതീര്‍ക്കുന്ന വികാരജീവികള്‍

രേന്ദ്രമോദി പരസ്യമായ സംവാദത്തിന് തയ്യാറുണ്ടോ? ഈ ചോദ്യം കുറച്ചുനാളായി ചോദിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍.

ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ‘ദി ഹിന്ദു’വിന്റെ എന്‍.റാം ഈ ചോദ്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതി. അതിന് സ്മൃതി ഇറാനി നല്‍കിയ മറുപടിയാണ് എന്തുകൊണ്ടും ഉചിതം. നരേന്ദ്രമോദി പ്രധാനമന്ത്രിയാണ്. അങ്ങിനെയൊരാളെ സംവാദത്തിന് വിളിക്കാനുള്ള യോഗ്യതയുള്ള ആളാണോ രാഹുല്‍? രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണോ? ഈ ചോദ്യമാണ് സ്മൃതി ഇറാനി ചോദിച്ചത്. എന്നുവച്ചാല്‍ തരത്തില്‍ ചെന്ന് കളിക്കെടൊ എന്ന്. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഭരണഘടന പിച്ചിച്ചീന്തുമെന്നാണ് രാഹുല്‍ പറഞ്ഞത്. റായ്ബറേലിയില്‍ പെങ്ങളോടൊപ്പം സംസാരിക്കവെ പറഞ്ഞതാണത്. ഭാരത ഭരണഘടനയാണ് എന്റെ മതമെന്ന് മോദി പരസ്യമായി പ്രസ്താവിച്ചത് അധികാരമേറ്റ ഉടനെയാണ്. പത്തുവര്‍ഷം ആ സ്ഥാനത്തിരുന്നു. ഭരണഘടനയ്‌ക്ക് ഇതുവരെ ഒരുക്ഷതവും ഏറ്റിട്ടില്ല. ഇനി ഒട്ടേല്‍ക്കാനും പോകുന്നില്ല. അതേസമയം തന്നെ പറയുന്നു, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തന്റെ സഖ്യം അധികാരത്തിലെത്തുമെന്ന്. സാധാരണപറയാറില്ലെ, ചില മോഹങ്ങള്‍ ചില ജീവികള്‍ കരഞ്ഞുതീര്‍ക്കുമെന്ന്. അതുപോലെയെ ഈ മോഹത്തെ കാണാന്‍ കഴിയൂ. രാഹുല്‍ റായ്ബറേലിയിലെ വോട്ടര്‍മാര്‍ക്ക് ഒരു ഗ്യാരന്റി നല്‍കി. താന്‍ ഉടനെ പെണ്ണുകെട്ടിക്കോളാമെന്നതാണത്. നടക്കാന്‍ മടിച്ചിട്ട് ചിറ്റപ്പന്‍ വീട്ടില്‍ നിന്നു തന്നെ പെണ്ണെടുക്കുമോ? എന്തോ? അമേഠിയും റായ്ബറേലിയും എന്റെമ്മയുടെയും അമ്മൂമ്മയുടെയും സീറ്റാണെന്ന് രാഹുല്‍ പറയുന്നു. അതിന് അമിത്ഷാ മറുപടി തേടുന്നുണ്ട്. അമ്മ ഇറ്റലിയില്‍ നിന്നും കൊണ്ടുവന്നതാണോ ഈ സീറ്റുകളെന്നാണത്.

അഴിമതിക്കേസില്‍ തടവില്‍ കഴിയുന്ന പ്രതിക്ക് ലഭിച്ച പരോളില്‍ ഇറങ്ങിയ വ്യക്തി പറയുന്നതുകേട്ടു. നരേന്ദ്രമോദി അധികാരമേല്‍ക്കുമെന്ന്. പക്ഷേ ഒരുവര്‍ഷം കഴിഞ്ഞാല്‍ പിന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരിക്കില്ല, അമിത്ഷാ ആയിരിക്കുമെന്ന്. ഏതായാലും അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരിക്കുമെന്ന കാര്യത്തില്‍ അരവിന്ദ് കേജ്‌രിവാളിന് സംശയമില്ല. പിന്നെ ഒരുവര്‍ഷം കഴിഞ്ഞ് ആളുമാറുമെന്ന ഭീഷണിമുഴക്കുന്നു എന്നുമാത്രം. അപ്പോഴും കേജ്‌രിവാളിന് ഭരണത്തില്‍ പങ്ക് ലഭിക്കുമെന്ന് സൂചനയൊന്നും ആദ്യദിവസമുണ്ടായില്ല. രണ്ടാം ദിവസം ബിജെപിയുടെ പ്രകടനപത്രിക കോപ്പിയടിച്ചുണ്ടാക്കിയ പ്രകടനപത്രിക പുറത്തിറക്കിപറയുന്നതുകേട്ടു ആപ്പിന് പങ്കാളിത്തമുള്ള സര്‍ക്കാറായിരിക്കും കേന്ദ്രഭരണത്തിലെന്ന്. അതും നേരത്തെ പറഞ്ഞതുപോലെ കഴുതക്കാമം കരഞ്ഞുതീര്‍ക്കുന്നതു തന്നെ.

കേജ്്‌രിവാളിന് കിട്ടിയ പരോളുതന്നെ വിചിത്രമാണ്. 50000 രൂപയുടെ ആള്‍ ജാമ്യത്തിലാണ് പരോള്‍. മുഖ്യമന്ത്രിയാണ് പക്ഷേ ഓഫീസില്‍ കയറാന്‍ പാടില്ല. ഫയലിലൊന്നും ഒപ്പിടാനും പറ്റില്ല. കേസിനെപ്പറ്റി ഒരക്ഷരം മിണ്ടാന്‍ പാടില്ല. സാക്ഷികളെ ഒരാളെ പോലും കാണാനോ സംസാരിക്കാനും പറ്റില്ല. ഇ ഡി പറഞ്ഞ കാര്യങ്ങള്‍ അപ്പടി അംഗീകരിച്ചുകൊണ്ട് കിട്ടിയ പരോള്‍ മുമ്ബും പലര്‍ക്കും ലഭിച്ചിട്ടുണ്ട്. ലാലു പ്രസാദ് യാദവിനും നമ്മുടെ ബാലകൃഷ്ണപിള്ളയ്‌ക്കും കിട്ടിയിട്ടുണ്ട്. 21 ദിവസം കഴിഞ്ഞാല്‍ ഇറങ്ങിയ ജയിലില്‍ തന്നെ പോയി കിടക്കാം. പരോളില്‍ ഇറങ്ങിയതുകൊണ്ട് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കാം. പരിധി കഴിഞ്ഞാല്‍ വിചാരണ നേരിടാം. ശിക്ഷിച്ചാല്‍ ജയില്‍വാസം തുടരാം. കേസില്‍ പിന്നെയും പ്രത്യേകതയുണ്ട്. ദല്‍ഹി പിസിസി സെക്രട്ടറി അനില്‍കുമാറാണ് പരാതിക്കാരന്‍. 2022 മാര്‍ച്ചില്‍ നല്‍കിയ പരാതിയിലാണ് കേസ്സെടുത്തത്. കേജ്‌രിവാളിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് നിരന്തരം ചോദിച്ചുകൊണ്ടിരുന്നത് കോണ്‍ഗ്രസുകാരാണ്. കേസ്സെടുത്തപ്പോള്‍ കോണ്‍ഗ്രസ് കേജ്‌രിവാളിന്റെ പക്ഷത്തായി. കഴുത്തു വെളുത്തതാണെന്ന് കരുതി കാക്ക ഗരുഡനാകില്ലെന്ന് പറഞ്ഞതുപോലെയാണ് കേജ്‌രിവാളിന്റെ കേസ്സും.

വാര്‍ത്താ സമ്മേളനം നടത്തവെ കേജ്‌രിവാള്‍ ഒരു കാര്യം കൂടി പറയുന്നുകേട്ടു. ബിജെപി ഇതര മുഖ്യമന്ത്രിമാരെല്ലാം ജയിലിലാകാന്‍ പോകുന്നു. അടുത്തുതന്നെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ജയിലില്‍ പോകേണ്ടിവരുമെന്നതാണ്. ഇതില്‍പരം കോണ്‍ഗ്രസുകാര്‍ക്ക് സന്തോഷിക്കാനെന്തിരിക്കുന്നു. കോണ്‍ഗ്രസുകാര്‍ നിരന്തരം ആവശ്യപ്പെടുന്നതല്ലെ അത്. പക്ഷേ കമ്മ്യൂണിസ്റ്റുകാര്‍ക്കതില്‍ അമര്‍ഷം പൊതിഞ്ഞുതുള്ളും. എന്നാല്‍ കോണ്‍ഗ്രസുകാരോ? കള്ളന്‍ കക്കുന്നതും നരി നക്കുന്നതും ഇഷ്ടം കൊണ്ടല്ലെന്നപോലെ എന്തുകാര്യം പറയുമ്ബോഴും ഇടംവലം നോക്കണം. നല്ല സ്‌കൂളുകളും ആശുപത്രിയും നല്‍കിയതുകൊണ്ടാണ് ജയിലില്‍ പോകേണ്ടിവന്നതെന്നാണ് കേജ്‌രിവാളിന്റെ വാദം. എത്ര അസംബന്ധമാണിതെന്ന് പറയേണ്ടതുണ്ടോ? ദല്‍ഹിയില്‍ അണ്ണാ ഹസാരെ നയിച്ച അഴിമതിക്കെതിരായ സമരത്തിന്റെ വെള്ളി വെളിച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു വളര്‍ന്നയാളല്ലെ കേജ്‌രിവാള്‍. അഴിമതിവിരുദ്ധ സമരക്കാര്‍ രാഷ്‌ട്രീയക്കാരാകുന്നതില്‍ അമര്‍ഷം പ്രകടിപ്പിച്ച അണ്ണാഹസാരയെ തള്ളിയല്ലെ കേജ്‌രിവാള്‍ ചൂലുമായി ഇറങ്ങിയത്. അങ്ങനെയല്ലെ ആംആദ്മി പാര്‍ട്ടി പിറന്നത്. ഷീലാദീക്ഷിതിന്റെ സര്‍ക്കാരിനെ താഴെ ഇറക്കി അധികാരത്തിലെത്തിയ ആപ്പിന്റെ ഭരണം മറ്റൊരു കോണ്‍ഗ്രസ് ഭരണം തന്നെയായി. അഴിമതി കൊടികുത്തിവാണു. മദ്യനയത്തില്‍ വരുത്തിയ മാറ്റത്തിലൂടെ കോടികള്‍ വാരിക്കൂട്ടി. അതിന്റെ അന്വേഷണത്തിന്റെ ഒടുവിലല്ലെ തടവറക്കുള്ളിലാകുന്നത്.

ദല്‍ഹി മദ്യക്കോഴയുടെ ചരട് ഹൈദ്രബാദിലേക്കും ഇങ്ങ് കൈരളി വരെ നീണ്ടതല്ലെ. ഹൈദ്രാബാദിലെ മുന്‍മുഖ്യമന്ത്രിയുടെ മകള്‍ കവിത കൂട്ടുപ്രതിയല്ലെ? അവരിപ്പോഴും ജയിലില്‍ കഴിയുകയല്ലെ? നല്ല സ്‌കൂളുകളും ആശുപത്രിയും നല്‍കിയതിനാണ് ജയില്‍ പിടിച്ചിട്ടതെന്ന നിലവിളി എത്രതരംതാണതാണെന്ന് പറയേണ്ടതില്ലല്ലോ. എഎപിക്ക് വോട്ടു ചെയ്താല്‍ ഇനി തനിക്ക് ജയിലില്‍ പോകേണ്ടിവരില്ലെന്നാണ് റോഡ്‌ഷോക്കിടിയില്‍ കേജ്‌രിവാള്‍ പറയുന്നത്. എഎപി ജയിച്ചാല്‍ കേജ്‌രിവാളിന് ജയില്‍ പോകേണ്ടതില്ല എന്ന വ്യവസ്ഥ പരോളിലുണ്ടോ? പരോള്‍ വ്യവസ്ഥയെ പോലും വെല്ലുവിളിച്ച്‌ പ്രസംഗിക്കുന്ന കേജ്‌രിവാള്‍ കോടതിയെ തന്നെ വെല്ലുവിളിക്കുകയല്ലെ ചെയ്യുന്നത്.

RELATED ARTICLES

STORIES

Most Popular