Tuesday, April 23, 2024
HomeKeralaദാരിദ്ര്യ സൂചികയിലെ നേട്ടം ഉമ്മൻചാണ്ടി സർക്കാരിന് അർഹതപ്പെട്ടത്: രമേശ് ചെന്നിത്തല

ദാരിദ്ര്യ സൂചികയിലെ നേട്ടം ഉമ്മൻചാണ്ടി സർക്കാരിന് അർഹതപ്പെട്ടത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളം ദാരിദ്ര്യ സൂചികയിൽ ഏറ്റവും പിന്നിലാണെന്ന നിതി ആയോഗിന്റെ റിപ്പോർട്ട് കേരളത്തിന് അഭിമാനമാണെന്ന് രമേശ് ചെന്നിത്തല. 2015-16 കാലത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നിതി ആയോഗ് പുറത്തു വിട്ടത്. ഈ അംഗീകാരം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യുഡിഎഫ് സർക്കാരിന് ജനകീയ പരിപാടികളുടെ പ്രതിഫലനമാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവിൽ ജനങ്ങളുടെ മനസ്സും വയറും നിറയ്ക്കാൻ അന്നത്തെ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളും നടപടികളും ലോക ശ്രദ്ധ നേടി. എന്നാൽ ഇന്ന് ഇതാണോ സ്ഥിതിയെന്ന് സംശയിക്കേണ്ടതാണ്. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപ്പോർട്ട് പുറത്തിറങ്ങുമ്പോൾ കേരളത്തിന് ഇപ്പോഴത്തെ റിപ്പോർട്ടിലെ നില തുടരുവാൻ കഴിയുമോയെന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

നിതി ആയോഗ് (Niti Ayog) പുറത്തിറക്കിയ മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡെക്‌സിലാണ് (Multi dimensional Poverty Index-MDPI)കേരളത്തിന് നേട്ടം ലഭിച്ചത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമാണ് (Keralam) 2015-16 കാലത്ത് മുന്നിലുള്ളതെന്ന് റിപ്പോർട്ട് പറയുന്നു. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍. റിപ്പോര്‍ട്ട് പ്രകാരം ബിഹാറിലെ ജനസംഖ്യയില്‍ 51.91 ശതമാനം ജനങ്ങളും ദരിദ്രരാണ്. ഝാര്‍ഖണ്ഡില്‍ 42.16 ശതമാനം ജനങ്ങളും ഉത്തര്‍പ്രദേശില്‍ 37.79 ജനങ്ങളും ദരിദ്രരാണ്. മധ്യപ്രദേശ് (36.65 ശതമാനം) നാലാം സ്ഥാനത്താണ്. മേഘാലയ(32.67) ആണ് അഞ്ചാമത്.

പട്ടികയില്‍ ഏറ്റവും താഴെയാണ് കേരളം. കേരളത്തില്‍ വെറും 0.71 ശതമാനം മാത്രമാണ് ദരിദ്രര്‍. ഗോവ(3.76), സിക്കിം (3.82), തമിഴ്‌നാട്(4.89), പഞ്ചാബ് (5.59) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ഓക്‌സ്ഫോർഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവും യുനൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെയും രീതിശാസ്ത്രപ്രകാരമാണ് നിതി ആയോഗ് സംസ്ഥാനങ്ങളിലെ ദാരിദ്ര്യം കണക്കാക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയാണ് പ്രധാനമായി പരിഗണിക്കുന്നത്. പോഷകാഹാരം, ശിശുമരണം, കൗമാരക്കാരുടെ മരണം, സ്‌കൂള്‍ വിദ്യാഭ്യാസം, ഗര്‍ഭസ്ഥ ശിശുപരിചരണം, പാചക ഇന്ധനം, മാലിന്യ നിര്‍മാര്‍ജനം, കുടിവെള്ളം, വൈദ്യുതി, ഭവനം, സ്വത്ത്, ബാങ്ക് അക്കൗണ്ട് എന്നിവയും പ്രധാന മാനദണ്ഡങ്ങളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular