Friday, April 26, 2024
HomeIndiaട്രാക്ടർ റാലി പിൻവലിച്ചതായി കർഷകർ; കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് മന്ത്രി തോമർ

ട്രാക്ടർ റാലി പിൻവലിച്ചതായി കർഷകർ; കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് മന്ത്രി തോമർ

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) നവംബർ 29-ന് പാർലമെന്റിലേക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ റാലി മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി കർഷക നേതാവ് ദർശൻ പാൽ സിങ്. സിംഗു അതിർത്തിക്കടുത്തുള്ള യോഗത്തെ തുടർന്നാണ് തീരുമാനമെന്നും സിങ് പറഞ്ഞു.

കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനാൽ ട്രാക്ടർ മാർച്ച് തൽക്കാലം മാറ്റിവയ്ക്കണമെന്ന് നിരവധി യൂണിയനുകൾ അഭിപ്രായം പ്രകടിപ്പിച്ചതായാണ് വിവരം.

സർക്കാർ ഔപചാരികമായി ഈ നിയമങ്ങൾ പിൻവലിക്കാൻ പോകുകയാണ്. ഈ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ആരംഭിച്ചിട്ട് വെള്ളിയാഴ്ച ഒരു വർഷം തികഞ്ഞിരുന്നു.

കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നവംബർ 29 മുതൽ ആരംഭിക്കുന്ന ശീതകാല സമ്മേളന സമയത്ത് എല്ലാ ദിവസവും 500 കർഷകർ പാർലമെന്റിലേക്ക് സമാധാനപരമായ ട്രാക്ടർ മാർച്ച് നടത്തുമെന്ന് എസ്‌കെഎം ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.

മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള തീരുമാനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് ശേഷം പ്രക്ഷോഭം തുടരുന്നതിൽ അർത്ഥമില്ലെന്ന് പറഞ്ഞു കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഡൽഹിയുടെ അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരോട് വീട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ അവതരിപ്പിക്കുമെന്ന് തോമർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു സമിതിയുടെ പ്രഖ്യാപനത്തോടെ കർഷകരുടെ എംഎസ്പിയുടെ ആവശ്യത്തിന് പരിഹാരമായെന്നും തോമർ പറഞ്ഞു. വൈക്കോൽ കത്തിക്കൽ ക്രിമിനൽ കുറ്റമല്ലാതാക്കണമെന്ന തങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.

പ്രക്ഷോഭത്തിനിടെ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളുമായി ആശയ വിനിമയം നടത്തുമെന്നും തോമർ പറഞ്ഞു. ഓരോ സംസ്ഥാനവും അവരുടെ സംസ്ഥാന നിയമങ്ങൾക്കനുസൃതമായി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 29ന് ആരംഭിക്കുന്ന പാർലമെന്റ് മസമ്മേളനത്തിന്റെ തുടക്കത്തിൽ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ല് അവതരിപ്പിക്കുമെന്നും തോമർ പറഞ്ഞു. ഈ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular