Saturday, July 27, 2024
HomeAsiaഅന്തര്‍ധാര സജീവം; അമേരിക്കയുമായി ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ച്‌ ഇറാന്‍

അന്തര്‍ധാര സജീവം; അമേരിക്കയുമായി ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ച്‌ ഇറാന്‍

ടെഹ്‌റാന്‍: ഒമാനില്‍ വച്ച്‌ അമേരിക്കയുമായി പരോക്ഷ ചര്‍ച്ച നടത്തിയ കാര്യം ഇറാന്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.

പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ എ എഫ് പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വാഷിംഗ്ടണും ടെഹ്റാനും വളരെക്കാലമായി കടുത്ത വിയോജിപ്പിലാണ്. ഇറാന്റെ ആണവ പദ്ധതിയെ സംബന്ധിച്ചാണ് തര്‍ക്കം ഉടലെടുക്കുന്നത്. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളുടേയും സഖ്യകക്ഷികളായ ഇസ്രയേലും ഹമാസും ഉള്‍പ്പെടുന്ന ഗാസ സംഘര്‍ഷം സ്ഥിതി കൂടുതല്‍ തീവ്രമാക്കി.

‘പ്രാദേശിക ആക്രമണങ്ങള്‍ എങ്ങനെ ഒഴിവാക്കാം’ എന്നതിനെക്കുറിച്ച്‌ യുഎസും ഇറാനിയന്‍ ഉദ്യോഗസ്ഥരും ഒമാനില്‍ പരോക്ഷ ചര്‍ച്ച നടത്തിയതായി അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റ് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഒമാനില്‍ ഇറാനും അമേരിക്കയും തമ്മില്‍ പരോക്ഷമായ ചര്‍ച്ചകള്‍ നടന്നതായി ഐക്യരാഷ്ട്രസഭയിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പ്രതിനിധി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഈ ചര്‍ച്ചകള്‍ ആദ്യത്തേതല്ലെന്നും അവസാനത്തേതുമാകില്ലെന്നും അദ്ദേഹം പറഞ്ഞു എന്നാണ് വിവരം. ഏപ്രില്‍ 13 നും 14 നും ഇടയില്‍ ഇസ്രയേലിനുനേരെ ഇറാന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ നടന്നത്. ഏപ്രില്‍ 1 ന് നടന്ന മാരകമായ വ്യോമാക്രമണത്തിനുള്ള പ്രതികാരമായാണ് മിസൈല്‍ ആക്രമണുണ്ടായത്. ഡമാസ്‌കസിലെ ഇറാന്റെ കോണ്‍സുലേറ്റ് തകര്‍ക്കപ്പെടുകയും രണ്ട് ജനറല്‍മാരുള്‍പ്പെടെ ഏഴ് റവല്യൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഇറാന്‍ വിക്ഷേപിച്ച 300 ലധികം മിസൈലുകളും ഡ്രോണുകളും അമേരിക്കയുടെയും മറ്റ് സഖ്യകക്ഷികളുടെയും സഹായത്തോടെ വിജയകരമായി തടഞ്ഞുവെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു. ആക്രമണത്തില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായത്. ഒരാഴ്ചയ്ക്കുള്ളില്‍, ഇറാന്റെ മധ്യ പ്രവിശ്യയായ ഇസ്ഫഹാനിലെ ഒരു സൈറ്റില്‍ സ്ഫോടനങ്ങളുണ്ടായി.

ഇറാന്റെ ആക്രമണത്തോടുള്ള ഇസ്രയേലിന്റെ പ്രതികരണമായാണ് യുഎസ് മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രണ്ട് രാജ്യങ്ങളും സമീപ വര്‍ഷങ്ങളില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു. ടെഹ്റാന്റെ ആണവ പദ്ധതികള്‍ പരിമിതപ്പെടുത്തുന്നതിനുള്ള വഴികള്‍, തടവുകാരെ കൈമാറല്‍, വിദേശത്ത് കൈവശം വച്ചിരിക്കുന്ന ഇറാന്റെ ഫണ്ട് റിലീസ് എന്നിവയില്‍ ഈ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചിരുന്നു. ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് നെതന്യാഹു ബൈഡനെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഇസ്രായേല്‍ ഇറാനെ വീണ്ടും ആക്രമിച്ചല്‍ അമേരിക്ക അതിനെ പിന്തുണക്കില്ല എന്നായിരുന്നു ബൈഡന്റെ നിലപാട്.

അതേസമയം പ്രത്യക്ഷത്തില്‍ ഇറാനുമായുള്ള അസ്വാരസ്യം അമേരിക്ക പലകുറി വെളിവാക്കിയിട്ടുണ്ട്. ചബഹര്‍ തുറമുഖ നടത്തിപ്പിനായുള്ള കരാറില്‍ ഇന്ത്യ, ഇറാനുമായി ഒപ്പ് വെച്ചതിന് പിന്നാലെ ഉപരോധ ഭീഷണിയുമായി അമേരിക്ക രംഗത്തെത്തിയത് ഇതിന് ഉദാഹരണമാണ്. ഇറാനുമായി വ്യാപാര ഇടപാടുകള്‍ പരിഗണിക്കുന്നത് ആരായാലും അപകടസാധ്യതയെക്കുറിച്ചും ഉപരോധത്തിന്റെ സാധ്യതയെക്കുറിച്ചും അറിഞ്ഞിരിക്കണം എന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്.

RELATED ARTICLES

STORIES

Most Popular