Saturday, July 27, 2024
HomeAsiaജനങ്ങള്‍ ബഹിഷ്‌കരിച്ചിട്ടും അധികാരത്തില്‍, മെഹ്‌സയുടെ മരണത്തില്‍ അറിഞ്ഞ പ്രതിഷേധച്ചൂട്; ആരാണ് റെയ്‌സി?

ജനങ്ങള്‍ ബഹിഷ്‌കരിച്ചിട്ടും അധികാരത്തില്‍, മെഹ്‌സയുടെ മരണത്തില്‍ അറിഞ്ഞ പ്രതിഷേധച്ചൂട്; ആരാണ് റെയ്‌സി?

ടെഹ്റാൻ: ഗാസയെച്ചൊല്ലി ഇസ്രയേലുമായി സംഘർഷം നിലനില്‍ക്കവെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ദുരൂഹമരണം വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.

പലസ്തീന് പിന്തുണയുമായെത്തിയ ഇറാന്റെ ദമാസ്കസിലെ നയതന്ത്രകാര്യാലയത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ജനറല്‍മാരായ മുഹമ്മദ് റിസ സഹേദിയും മുഹമ്മദ് ഹാദി റഹീമിയും കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിച്ച ഇറാൻ വിജയം അവകാശപ്പെട്ടിരുന്നെങ്കിലും ലക്ഷ്യത്തിലെത്തുംമുമ്ബ് അവരുടെ ആളില്ലാ വിമാനങ്ങള്‍ തകർത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.

തീവ്രനിലപാടുകാരനായ റെയ്സി, ഇറാന്റെ പരമോന്നതനേതാവായ ആയത്തൊള്ള ഖമീനിയുടെ പിൻഗാമിയായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഖമീനിയുടെ മാനസപുത്രനായി അറിയപ്പെട്ടിരുന്ന റെയ്സി പ്രസിഡന്റായി എത്തിയതോടെ, ഇറാന്റെ ‘പരിഷ്കരണകാല’ത്തിനാണ് അന്ത്യമായത്. പ്രസിഡന്റാവുമ്ബോള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നു റെയ്സി. മനുഷ്യാവകാശധ്വംസനങ്ങളുടെ പേരില്‍ അമേരിക്കയുടെ ഉപരോധം നേരിടുന്നയാളാണ്. രാഷ്ട്രീയത്തടവുകാരെ തൂക്കിലേറ്റാനായി നിയമിതമായ സമിതിയിലെ റെയ്സിയുടെ അംഗത്വമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്കയുടെ ഉപരോധം.

രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കുറവ് വോട്ടർമാർ സമ്മതിദാനവകാശം വിനിയോഗിച്ച തിരഞ്ഞെടുപ്പിലാണ് റെയ്സി 62% വോട്ട് നേടി പ്രസിഡന്റാവുന്നത്. 48.8 ശതമാനം വോട്ടുകള്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഖമീനിയെപ്പോലെ പാശ്ചാത്യരാജ്യശക്തികളുടെ കടുത്തവിമർശകനാണ് റെയ്സി.

റെയ്സിയുടെ വരവിന് വഴിയൊരുക്കാൻ സ്ഥാനാർഥിനിർണയംതന്നെ അട്ടിമറിച്ചെന്ന ആരോപണമുണ്ടായിരുന്നു. ബഹിഷ്കരണ ആഹ്വാനത്തെത്തുടർന്ന് 5.9 കോടി വോട്ടർമാരില്‍ പകുതിയോളംപേർ വിട്ടുനിന്നു. രേഖപ്പെടുത്തിയ 2.89 കോടി വോട്ടുകളില്‍ 37 ലക്ഷം അസാധുവായി.

ഇറാന്റെ ദരിദ്രമായ സാമ്ബത്തികസ്ഥിതിയിലും തൊഴിലില്ലായ്മയിലുമുള്ള ജനരോഷവും റെയ്സിയുടെ കാലത്ത് രൂക്ഷമായി. 2017-ല്‍ തുടർഭരണം ലഭിച്ച ഹസൻ റൂഹാനിയുടെ കാലത്ത് തുടങ്ങിയ ജനരോഷത്തിന്റെ തുടർച്ചയായിരുന്നു റെയ്സിയുടെ കാലത്ത് കണ്ടത്. ജനങ്ങളുടെ ആവശ്യങ്ങളേക്കാള്‍ പ്രതിരോധമേഖലയ്ക്ക് പ്രധാന്യംകൊടുക്കുന്നുവെന്ന ആരോപണം റെയ്സിയുടെ ഭരണകാലം കേട്ടു.

ഇറാന്റെ മതപോലീസിന്റെ കസ്റ്റഡിയില്‍ മഹ്സ അമീനി മരിച്ചതിനെത്തുടർന്നുണ്ടായ ജനമുന്നേറ്റം റെയ്സി കാലത്തെ പ്രധാന സംഭവങ്ങളില്‍ ഒന്നായിരുന്നു. 500-ലേറെ പേർ പ്രതിഷേധങ്ങളെത്തുടർന്ന് കൊല്ലപ്പെട്ടു. ഏഴുപേരെ ഭരണകൂടം തൂക്കിലേറ്റി. പ്രതിഷേധങ്ങളെത്തുടർന്ന് മതകാര്യപോലീസിനെ ഇറാൻ പിരിച്ചുവിട്ടു.

ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇറാനും പങ്കാളിയായതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായി. ഏപ്രിലില്‍ ദമാസ്കസിലെ ഇറാനിയൻ നയതന്ത്രകെട്ടിടം ഇസ്രയേല്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ജനറല്‍മാരായ മുഹമ്മദ് റിസ സഹേദിയും മുഹമ്മദ് ഹാദി റഹീമിയും കൊല്ലപ്പെട്ടു. പിന്നാലെ ഇറാൻ ഇസ്രയേലിനെതിരെ ഡ്രോണ്‍ ആക്രമണം നടത്തി. 120 ബാലിസ്റ്റിക് മിസൈലുകളും 170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും ഇസ്രയേലിന് നേരെ ഇറാൻ തൊടുത്തുവിട്ടു.

15-ാം വയസ്സില്‍ പ്രസിദ്ധമായ ക്വോം സെമിനാരിയില്‍ മതപഠനമാരംഭിച്ച റെയ്സി, നിരവധി മുസ്ലിം പണ്ഡിതർക്കുകീഴില്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. 20-കളില്‍ തന്നെ വിവിധ നഗരങ്ങളിലെ പ്രോസിക്യൂട്ടറായി നിയമിതനായ റെയ്സി പിന്നീട് തലസ്ഥാനമായ ടെഹ്റാനിലെ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി. 1988-ലാണ് റെയ്സി രാഷ്ട്രീയത്തടവുകാരെ തൂക്കിലേറ്റാൻ നിയമിച്ച സമിതിയില്‍ അംഗമാവുന്നത്. 2016-ല്‍ മഷാദിലെ അസ്താൻ ഖുദ്സ് റസാവിയുടെ ചെയർമാനായതോടെ ഇറാനിലെ അനിഷേധ്യനേതാക്കളിലൊരാളായി റെയ്സിയുടെ ഉയർച്ച ആരംഭിച്ചു.

2017-ല്‍ ഹസൻ റൂഹാനിക്കെതിരെയാണ് ആദ്യമായി റെയ്സി മത്സരിച്ചത്. ഇറാനും ആറുവൻശക്തികളുമായി ചേർന്നുണ്ടാക്കിയ ആണവക്കരാറിലൂടെ ശ്രദ്ധനേടിയ റൂഹാനി അന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് കോമ്ബ്രഹൻസീവ് പ്ലാൻ ഓഫ് ആക്ഷൻ എന്ന പേരില്‍ അറിയപ്പെട്ട കരാറിനെതിരെ കടുത്ത നിലപാടായിരുന്നു തീവ്രപക്ഷക്കാരനായ റെയ്സി അന്ന് എടുത്തത്. 2017-ലെ പരാജയത്തോടെ തന്നെ 2021-ലെ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കം റെയ്സി ആരംഭിച്ചിരുന്നു.

1983-ല്‍ മഷാദിലെ പ്രമുഖ മതപുരോഹിതനായ ഇമാം അഹ്മദ് അലമോല്‍ഹോദയുടെ മകള്‍ ജമീല അലമോല്‍ഹോദയെ വിവാഹംചെയ്തു. ഇവർക്ക് രണ്ടുപെണ്‍കുട്ടികളുണ്ട്.

RELATED ARTICLES

STORIES

Most Popular