Thursday, July 18, 2024
HomeIndiaന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരിക്കലും സംസാരിച്ചിട്ടില്ല, പക്ഷേ, 'പ്രത്യേക പൗരൻമാരെ' അംഗീകരിക്കില്ല: മോദി

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരിക്കലും സംസാരിച്ചിട്ടില്ല, പക്ഷേ, ‘പ്രത്യേക പൗരൻമാരെ’ അംഗീകരിക്കില്ല: മോദി

ന്യൂഡല്‍ഹി: താൻ ഒരിക്കലും ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംസാരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി ഇപ്പോഴല്ല, ഒരിക്കലും അവർക്കെതിരെ പ്രവർത്തിച്ചിട്ടില്ല.

പക്ഷേ, ആരെയും പ്രത്യേക പൗരൻമാരായി അംഗീകരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

കോണ്‍ഗ്രസ് നിരന്തരം ഭരണഘടനയുടെ മതേതര സ്വഭാവം ലംഘിക്കുകയാണെന്ന് മോദി ആരോപിച്ചു. വോട്ട്ബാങ്ക് രാഷ്ട്രീയത്തിനായി പ്രതിപക്ഷ പാർട്ടികള്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത് തുറന്നുകാണിക്കാനാണ് തെരഞ്ഞെടുപ്പ് കാമ്ബയിൻ വേദികളിലെ പ്രസംഗത്തില്‍ താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ ശില്‍പികളായ ബി.ആർ അംബേദ്കറും ജവഹർലാല്‍ നെഹ്‌റുവും മതത്തിന്റെ പേരില്‍ സംവരണം വേണ്ട എന്നാണ് തീരുമാനിച്ചത്. ഇപ്പോള്‍ അവർ അതില്‍നിന്ന് പിന്തിരിയുകയാണ്. അവരെ തുറന്നുകാണിക്കേണ്ടത് തന്റെ കടമയാണ്. ഭരണഘടനാ നിർമാണസഭയില്‍ തന്റെ പാർട്ടിയിലെ ഒരു അംഗം പോലും ഉണ്ടായിരുന്നില്ല. രാജ്യമെമ്ബാടുമുള്ള പ്രഗത്ഭരുടെ സമ്മേളനമായിരുന്നു അതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബി.ജെ.പി ഒരു കാലത്തും ന്യൂനപക്ഷങ്ങള്‍ക്ക് എതിരായിരുന്നില്ല. കോണ്‍ഗ്രസ് പ്രീണന നയമാണ് സ്വീകരിക്കുന്നത്. എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്നതാണ് തന്റെ നിലപാട്. എല്ലാവരിലേക്കും വികസനം എത്തിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കി.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കളുടെ സമ്ബത്ത് മുസ്‌ലിംകള്‍ക്ക് നല്‍കുമെന്ന് പറഞ്ഞതിനെക്കുറിച്ച്‌ വ്യക്തമായി പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. അതേസമയം കോണ്‍ഗ്രസ് പ്രകടന പത്രിക മുസ്‌ലിം ലീഗിന്റെ താല്‍പ്പര്യത്തിന് അനുസരിച്ച്‌ തയ്യാറാക്കിയതാണെന്ന് താൻ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

ടെണ്ടറുകള്‍ ക്ഷണിക്കുമ്ബോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഏർപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഒരു പാലം നിർമിക്കുമ്ബോള്‍ ആർക്കാണ് ടെണ്ടർ നല്‍കേണ്ടത്? കഴിവും അനുഭവസമ്ബത്തുമുള്ള ആളുകള്‍ക്കാണ്. പക്ഷേ, അതില്‍ സംവരണം കൊണ്ടുവന്നാല്‍ നമ്മുടെ നാടിന്റെ വികസനത്തിന്റെ ഗതി എന്താവുമെന്നും മോദി ചോദിച്ചു.

രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്‌ലിംകള്‍ക്കാണ് പ്രഥമ അവകാശമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞുവെന്ന ആരോപണം മോദി ആവർത്തിച്ചു. കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ മുസ് ലിംകളെ ഒ.ബി.സി സംവരണത്തിന് കീഴില്‍ കൊണ്ടുവന്ന് ഒ.ബി.സി ക്വാട്ട കൊള്ളയടിക്കാനാണെന്നും മോദി ആരോപിച്ചു.

RELATED ARTICLES

STORIES

Most Popular