Sunday, June 23, 2024
HomeAsiaറഫ ആക്രമണം വ്യാപിപ്പിക്കുമെന്ന് അമേരിക്കയോട് ഇസ്രായേല്‍

റഫ ആക്രമണം വ്യാപിപ്പിക്കുമെന്ന് അമേരിക്കയോട് ഇസ്രായേല്‍

തെല്‍അവീവ്: 35,500ലേറെ പേർ കൊല്ലപ്പെട്ട ഗസ്സയില്‍ ആക്രമണം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ച്‌ ഇസ്രായേല്‍. ലക്ഷക്കണക്കിന് ഫലസ്തീനികള്‍ തിങ്ങിപ്പാർക്കുന്ന ഗസ്സയിലെ റഫയില്‍ കര, വ്യോമ ആക്രമണം വ്യാപിപ്പിക്കുമെന്നാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനോട് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് അറിയിച്ചത്.

റഫയിലെ കരയുദ്ധം വിപുലീകരിക്കുന്നതിനും ഹമാസിനെ ഇല്ലാതാക്കുന്നതിനും ബന്ദികളെ വീണ്ടെടുക്കുന്നതിനും ഇസ്രായേല്‍ പ്രതിജ്ഞാബദ്ധരാണെന്ന് കൂടിക്കാഴ്ചയില്‍ ഗാലൻറ് പറഞ്ഞു. യുദ്ധമന്ത്രിസഭയിലെ അംഗം ബെന്നി ഗാന്റ്സിന്റെ രാജി ഭീഷണിക്കിടെയാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.

അതിനിടെ, റഫയിലെ താല്‍ക്കാലിക ടെന്റക്കളില്‍ കഴിഞ്ഞിരുന്ന 15 ലക്ഷത്തോളം മനുഷ്യരില്‍ എട്ട് ലക്ഷത്തോളം പേർ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇവിടെ നിന്ന് പലായനം ചെയ്തതായി ഫലസ്തീനിലെ യുഎൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എ റിപ്പോർട്ട് ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ ജീവൻ അപകടത്തിലാണെന്നും സുരക്ഷിതത്വം തേടി എല്ലാം ഉപേക്ഷിച്ച്‌ പോകാൻ ആളുകള്‍ നിർബന്ധിതരാകുകയാണെന്നും യു.എൻ.ആർ.ഡബ്ല്യു.എ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.

യുദ്ധത്തിനു ശേഷം ഗസ്സയില്‍ നടപ്പാക്കേണ്ട ഭാവി പദ്ധതിയില്‍ ഉടൻ തീരുമാനമായില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയാണ് മന്ത്രി ബെന്നി ഗാന്റ്സ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. തീവ്രവലതുപക്ഷ പിന്തുണയോടെ അധികാരത്തില്‍ തുടരുന്ന നെതന്യാഹുവിന് കൂടുതല്‍ ആശങ്ക ഉയർത്തിയാണ് കഴിഞ്ഞദിവസം മന്ത്രിസഭാ യോഗത്തില്‍നിന്ന് രാജി ഭീഷണിയുമായി ഗാന്റ്സ് ഇറങ്ങിപ്പോയത്.

ബന്ദി മോചനവും ഒപ്പം ഗസ്സയുടെ ഭാവിയും അടങ്ങുന്ന പദ്ധതി ജൂണ്‍ എട്ടിനകം പ്രഖ്യാപിക്കണമെന്നാണ് നിർദേശം. അല്ലാത്ത പക്ഷം, സർക്കാറിന് പിന്തുണ പിൻവലിക്കും. നിലവില്‍ തീവ്രവലതുപക്ഷം പിന്തുണക്കുന്നതിനാല്‍ പിന്മാറ്റം സർക്കാറിന് ഭീഷണിയായേക്കില്ല. എന്നാല്‍, കൂടുതല്‍ പേർ ഗാന്റ്സിനൊപ്പം ചേരുന്നത് നെതന്യാഹുവിന് കാര്യങ്ങള്‍ അപകടത്തിലാക്കും.

RELATED ARTICLES

STORIES

Most Popular