Saturday, July 27, 2024
HomeUSA'ഒരിക്കലും അംഗീകരിക്കാനാകാത്തത്'; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന ഐസിസി പ്രോസിക്യൂട്ടറുടെ ആവശ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡൻ

‘ഒരിക്കലും അംഗീകരിക്കാനാകാത്തത്’; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന ഐസിസി പ്രോസിക്യൂട്ടറുടെ ആവശ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡൻ

വാഷിംഗ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടറുടെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.

ഇസ്രായേല്‍-ഹമാസ് സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ കോടതിയുടെ നീക്കം പ്രതികൂലമായി ബാധിച്ചേക്കാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും മുന്നറിയിപ്പ് നല്‍കി.

ബെഞ്ചമിൻ നെതന്യാഹുവിന് പുറമെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഹമാസിന്റെ മുതിർന്ന നേതാക്കള്‍ എന്നിവർക്കെതിരെ യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് വാറന്റ് പുറത്തിറക്കണമെന്നാണ് ഐസിസി പ്രോസിക്യൂട്ടർ കരീം ഖാൻ ആവശ്യപ്പെട്ടത്. എന്നാല്‍ ഇസ്രായേല്‍ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ അംഗീകരിക്കാനാകാത്തതാണെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. പ്രോസിക്യൂട്ടറായ വ്യക്തി എന്ത് തന്നെ പറഞ്ഞാലും ഇസ്രായേലിനേയും ഹമാസിനേയും താരതമ്യം ചെയ്യാനാകില്ല. ഇസ്രായേലിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന ഏതൊരു കാര്യത്തിനെതിരെയും അമേരിക്ക ഇസ്രായേലിനൊപ്പം തന്നെ നില്‍ക്കുമെന്നും ബൈഡൻ പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള നടപടിയെടുക്കാൻ ഐസിസിക്ക് അധികാരമുണ്ടെന്ന് കരുതുന്നില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിർബി അറിയിച്ചത്. ഇത്തരം ശ്രമങ്ങളെ അമേരിക്ക ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇരുകൂട്ടർക്കുമിടയില്‍ നടക്കുന്ന സമാധാന ശ്രമങ്ങളേയും ഈ നീക്കം പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ബന്ദികളെ വിട്ടയയ്‌ക്കുന്നതിനും, ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും, വെടിനിർത്തല്‍ കരാർ നടപ്പാക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍ ഇരുപക്ഷത്തിനുമിടയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ നടന്നതുപോലെയുള്ള കാര്യങ്ങള്‍ സമാധാനശ്രമങ്ങളെ പ്രതികൂലമായി മാത്രമേ ബാധിക്കൂ എന്ന് ആന്റണി ബ്ലിങ്കനും അറിയിച്ചു.

RELATED ARTICLES

STORIES

Most Popular