Saturday, July 27, 2024
HomeIndiaമുസ്ലീങ്ങള്‍ക്ക് സംവരണം കൊണ്ടുവരുമെന്ന് രാഹുല്‍ പറഞ്ഞെന്ന് മോദി; പഴയ വീഡിയോ കുത്തിപ്പൊക്കി

മുസ്ലീങ്ങള്‍ക്ക് സംവരണം കൊണ്ടുവരുമെന്ന് രാഹുല്‍ പറഞ്ഞെന്ന് മോദി; പഴയ വീഡിയോ കുത്തിപ്പൊക്കി

കൊല്‍ക്കത്ത: പട്ടികജാതി പട്ടികവര്‍ഗ സംവരണം എടുത്തുകളഞ്ഞ് മുസ്ലിങ്ങള്‍കള്‍ക്ക് നല്‍കുന്നതിനായി കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നു എന്ന ആരോപണം ആവര്‍ത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

കഴിഞ്ഞ ദിവസം ഝാര്‍ഗ്രാമില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ആണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണമായും വര്‍ഗീയതയാണ് പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലീം ലീഗിന്റെ ചിന്താരീതി ഇപ്പോഴും നിലനില്‍ക്കുന്ന വര്‍ഗീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നായിരുന്നു മോദി പറഞ്ഞത്. ‘ഞാന്‍ അടുത്തിടെ നടത്തിയ അഭിമുഖങ്ങളില്‍ മുസ്ലീം സംവരണത്തെക്കുറിച്ച്‌ പല പത്രപ്രവര്‍ത്തകരും എന്നോട് ചോദിച്ച. എന്നാല്‍ നോക്കൂ, കോണ്‍ഗ്രസ് ‘ഷെഹ്‌സാദ’ (രാഹുല്‍ ഗാന്ധി) തന്നെ തന്റെ വീഡിയോയില്‍ അത് ഊന്നിപ്പറയുകയാണ്,’ അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ പരാമര്‍ശിച്ചുകൊണ്ടാണ് മോദിയുടെ പ്രതികരണം. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോ കണ്ടു. 11-12 വര്‍ഷം പഴക്കമുള്ള ഈ വീഡിയോയില്‍ കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കുമെന്ന് അദ്ദേഹം തുറന്ന് പറയുന്നു,’ മോദി പറഞ്ഞു. ഒരു വശത്ത് രാജ്യത്തിന്റെ വിഭവങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് മോദി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. ‘മുലായം സിംഗ് യാദവ് മൂന്ന് തവണ മുഖ്യമന്ത്രിയായി. സംവരണത്തെക്കുറിച്ച്‌ ഒരു തവണ പോലും അദ്ദേഹം സംസാരിച്ചില്ല. സംവരണത്തെ കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം മൗനിയായിരുന്നു. പക്ഷേ മുസ്ലിംകള്‍ക്ക് സംവരണം നല്‍കുമെന്ന് കോണ്‍ഗ്രസ് പറയുന്നു.

മന്‍മോഹന്‍സിംഗ് തങ്ങള്‍ മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കും എന്ന് പറഞ്ഞു. സംവരണത്തില്‍ മുസ്ലീങ്ങളേയും ഞങ്ങള്‍ ഉള്‍പ്പെടുത്തും. എന്നാല്‍ മുലായം സിംഗ് മൂന്ന് തവണ അധികാരത്തിലെത്തിയിട്ടും എന്തുകൊണ്ട് അത് ചെയ്തില്ല?,’ എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.

അതേസമയം നുഴഞ്ഞുകയറ്റക്കാരെ കുടിയിരുത്തി ബംഗാളിന്റെ തനിമ തകര്‍ക്കുകയാണ് മമത സര്‍ക്കാരെന്ന് നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ റാലിയില്‍ പറഞ്ഞു. രാജ്യം മുഴുവന്‍ ബംഗാളിനെ ഓര്‍ത്ത് ആശങ്കയിലാണ് എന്നും എല്ലാ ദിവസവും ഇവിടെ അക്രമങ്ങള്‍ നടക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഗോത്രവര്‍ഗജനതയുടെ സ്വത്വത്തെ തകര്‍ക്കുന്ന തൃണമൂല്‍ സര്‍ക്കാര്‍ സ്വന്തം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു.

തൃണമൂലുകാര്‍ നുഴഞ്ഞുകയറ്റി ദളിതരുടെയും ഗോത്രവര്‍ഗ ജനതയുടെയും ഭൂമി കൈയേറുന്നു. ബംഗാള്‍ അതിര്‍ത്തിയില്‍ ജനസംഖ്യ കുറഞ്ഞുവെന്നും കോണ്‍ഗ്രസും തൃണമൂലും നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഐഡി കാര്‍ഡുകള്‍ നല്‍കാനുള്ള വെപ്രാളത്തിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കോണ്‍ഗ്രസ് മുങ്ങിയ കപ്പലാണെങ്കില്‍ തൃണമൂല്‍ ഓട്ട വീണ കപ്പലാണ്. ബംഗാളിലെ ജനങ്ങള്‍ അവര്‍ക്കിനി വോട്ട് ചെയ്യില്ല,’ മോദി പറഞ്ഞു.

RELATED ARTICLES

STORIES

Most Popular