Thursday, July 18, 2024
HomeIndiaവീണാല്‍ തീര്‍ന്നു; എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാനും ബെംഗളൂരുവും

വീണാല്‍ തീര്‍ന്നു; എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാനും ബെംഗളൂരുവും

ഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണിലെ ആദ്യ എലിമിനേറ്റര്‍ പ്ലേ ഓഫില്‍ ഇന്ന് മുഖാമുഖം കാണുന്നത് രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും.

ഇന്നത്തെ പ്ലേഓഫില്‍ തോല്‍ക്കുന്നവര്‍ പുറത്തേക്ക് നടക്കും. ജയിക്കുന്നവര്‍ക്ക് ഒരു കടമ്ബ കൂടി താണ്ടണം- വെള്ളിയാഴ്‌ച്ചത്തെ ക്വാളിഫയര്‍ രണ്ട് മത്സരം.

ഇന്നത്തെ മത്സരത്തില്‍ മാറ്റുരയ്‌ക്കുന്ന രണ്ട് ടീമുകള്‍ക്കും സവിശേഷമായ പ്രത്യേകതകളാണ് ഈ സീസണില്‍ കണ്ടിട്ടുള്ളത്. സീസണിലെ ആദ്യ മത്സരങ്ങളില്‍ തുടര്‍വിജയങ്ങളിലൂടെ ആരാധകരുടെ മനംകവര്‍ന്ന ടീം ആണ് സഞ്ജു വി. സാംസണ്‍ നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ്. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ കൊല്‍ക്കത്തയെക്കാള്‍ മുന്നേ പ്ലേ ഓഫ് ഏറെക്കുറേ ഉറപ്പിച്ച ടീം ആയിരുന്നു. സീസണില്‍ ആദ്യ എട്ട് കളികളില്‍ ഏഴും ജയിച്ചുകൊണ്ടായിരുന്നു ഈ കുതിപ്പ്. മറ്റ് വമ്ബന്‍മാരെയെല്ലാം പിന്തള്ളി അതിവേഗം 14 പോയിന്റ് സ്വന്തമാക്കിയ രാജസ്ഥാന്റെ ഗ്രാഫ് പിന്നീട് കുത്തനെ താഴുന്ന കാഴ്‌ച്ചയാണ് കണ്ടത്. ശേഷിച്ച ആറ് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിച്ചില്ല. അഞ്ച് കളികളില്‍ തുടരെ പരാജയപ്പെട്ടു. ഒടുവില്‍ നിശ്ചയിക്കപ്പെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരം മഴ കാരണം നടന്നുമില്ല. ലീഗിലെ അവസാന പോരാട്ടമായിരുന്നു ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ഈ മത്സരം. അതേ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയം ആഘോഷിച്ച്‌ രണ്ടാം സ്ഥാനത്തെത്തി. കൊല്‍ക്കത്ത മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെ എലിമിനേറ്റര്‍ റൗണ്ട് കളിക്കാന്‍ വിധിക്കപ്പെട്ടു.

മറുവശത്ത് ബെംഗളൂരുവിന്റെ ഇത്തവണത്തെ തുടക്കം ഒരു ടീമും ആഗ്രഹിക്കാത്ത തരത്തിലായിരുന്നു. ആദ്യ എട്ട് കളികളില്‍ നിന്ന് ഒരു ജയം മാത്രം. പിന്നീട് ജൈത്രയാത്ര തുടങ്ങിയ ടീം കഴിഞ്ഞ ശനിയാഴ്ച നിര്‍ണായക പോരാട്ടത്തില്‍ നിലവിലെ ചാമ്ബ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ജയം സ്വന്തമാക്കി. ഒപ്പം മികച്ച റണ്‍നിരക്കോടെ പ്ലേ ഓഫ് യോഗ്യതയും നേടിയെടുത്തു. തീര്‍ത്തും സാഹസികമായ പ്രയാണമാണ് ഫാഫ് ഡുപ്ലെസിക്കു കീഴിലുള്ള ടീം നടത്തിവന്നത്. എഴുതിതള്ളിയ ഇടത്ത് നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു.

ഇത്തവണ ഈ ടീമുകള്‍ ഇതിന് മുമ്ബ് നേര്‍ക്കുനേര്‍ വന്നത് ലീഗിന്റെ ആദ്യ ഘട്ടത്തിലായിരുന്നു. അന്ന് രാജസ്ഥാന്‍ തുടര്‍വിജയങ്ങള്‍ ആഘോഷമാക്കിയ ദിവസങ്ങള്‍. ബെംഗളൂരു പരിതാപകരമായി തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്ന ഘട്ടവും. മത്സരത്തില്‍ രാജസ്ഥാന്‍ ആറ് വിക്കറ്റ് വിജയം സ്വന്തമാക്കി. അന്നും ബെംഗളൂരുവിന്റെ ഒന്നാം നമ്ബര്‍ താരം വിരാട് കോഹ്ലി തകര്‍പ്പന്‍ ഫോമിലായിരുന്നു, ഇന്നും തകര്‍പ്പന്‍ ഫോമില്‍ തന്നെ. പക്ഷെ വ്യത്യാസമുണ്ട്. രാജസ്ഥാനുമായുള്ള ആ മത്സരത്തില്‍ സെഞ്ചുറി കരുത്തുമായാണ് കോഹ്ലി നിറഞ്ഞാടിയത്. താരം പുറത്താകാതെ 113 റണ്‍സെടുത്തു അതിനായ് വേണ്ടിവന്നത് 72 പന്തുകള്‍. മിക്കവാറും കളികളില്‍ അതായിരുന്നു സ്ഥിതി. എന്നാല്‍ ബെംഗളൂരു വിജയങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്ന മത്സരങ്ങളില്‍ കോഹ്ലിയുടെ ബാറ്റിങ് ടോണിലും മാറ്റമുണ്ടായി. പ്രഹര ശേഷി 200നടുത്തെത്തുന്ന തരത്തിലേക്ക് കോഹ്ലി ഗിയര്‍ ചേയ്ഞ്ച് ചെയ്തു. ബെംഗളൂരുവിന്റെ നിലനില്‍പ്പിന് അത്യാവശ്യമായിരുന്നു ഈ മാറ്റം. സീസണ്‍ അവസാനത്തോടടുക്കുമ്ബോഴും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് കോഹ്ലിക്കയുടെ തലയിലാണ്. ഒപ്പം ടീമിന്റെ മൊത്തം പ്രകടനം കൂട്ടിവയ്‌ക്കുമ്ബോള്‍ അതിഗംഭീരമായൊരു തിരിച്ചുവരവിന്റെ കാവ്യചാരുത ആരാധകര്‍ ആര്‍സിബി എന്ന് ചുരുക്കി വിളിക്കുന്ന ഈ ടീമിനുണ്ട്.

ട്വന്റി20 ലോകകപ്പിലേക്ക് എന്റ്രി കിട്ടിയ സഞ്ജുവിന് സ്വയം തെളിയിക്കലിനുള്ള അവസരം ഇക്കുറി ഇനിയില്ലെന്ന വാസ്തവം കൂടി നിലനില്‍ക്കുന്നുണ്ട്. വലിയൊരു പരീക്ഷണമാണ് ഓരോ മലയാളികളുടെയും ചങ്കിടിപ്പായ സഞ്ജുവും ഒപ്പം രാജസ്ഥാനും അഹമ്മദാബാദില്‍ ഇന്ന് ടോസിടുമ്ബോള്‍ മുതല്‍ നേരിടേണ്ടിവരിക.

RELATED ARTICLES

STORIES

Most Popular