Friday, June 21, 2024
HomeIndiaആഡംബര കാറിടിച്ച്‌ 2 പേര്‍ മരിച്ച സംഭവം:17-കാരന് നല്‍കിയ ശിക്ഷ ഞെട്ടിപ്പിക്കുന്നത്- ദേവേന്ദ്ര ഫഡ്‌നാവിസ്

ആഡംബര കാറിടിച്ച്‌ 2 പേര്‍ മരിച്ച സംഭവം:17-കാരന് നല്‍കിയ ശിക്ഷ ഞെട്ടിപ്പിക്കുന്നത്- ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: പുണെയില്‍ ആഡംബര കാറിടിച്ച്‌ രണ്ടുപേർ മരിച്ച സംഭവത്തില്‍ ഡ്രൈവറായ പതിനേഴുകാരന് 15 ദിവസത്തെ ശിക്ഷ മാത്രം ലഭിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.

അപകടത്തിന്റെപശ്ചാത്തലത്തില്‍ ചേർന്ന ഉന്നതല യോഗത്തിനുശേഷം വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യപിച്ചു വാഹനമോടിക്കുന്ന കേസുകളില്‍ കനത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘കേസില്‍ പ്രതിയായ 17-കാരന് നല്‍കിയ ശിക്ഷ വളരെ ചെറുതാണ്. നിലവില്‍ പ്രതിക്ക് 17 വർഷവും എട്ടുമാസവുമാണ് പ്രായം. ഡല്‍ഹി നിർഭയ സംഭവത്തിന് ശേഷം ജുവനൈല്‍ ജസ്റ്റിസ് കേസുകളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഹീനമായ കുറ്റമാണ് ചെയ്തതെങ്കില്‍ 16 വയസിന് മുകളിലുള്ള ആളെ മുതിർന്ന വ്യക്തിയായി ഇതുപ്രകാരം കണക്കാക്കാം. എന്നാല്‍ അതിശയിപ്പിക്കുന്ന ഉത്തരവാണ് ജുവനൈല്‍ കോടതിയില്‍നിന്നും ഉണ്ടായത്. ഉത്തരവിനെതിരെ പോലീസ് ഉയർന്ന കോടതിയെ സമീപിച്ചിട്ടുണ്ട്’, അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച പുലർച്ചെ 2.15-ഓടെയാണ് പുണെ കല്ല്യാണിനഗറില്‍ പതിനേഴുകാരൻ ഓടിച്ച പോർഷെ കാറിടിച്ച്‌ ബൈക്ക് യാത്രികരായ യുവ എൻജിനിയർമാർ മരിച്ചത്. മധ്യപ്രദേശിലെ ബിർസിങ്പുർ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുർ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവർക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്. സംഭവത്തില്‍ കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിവാദമായി.

റോഡപകടങ്ങളെ സംബന്ധിച്ച്‌ 300 വാക്കില്‍ കവിയാത്ത ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പോലീസിനൊപ്പം പ്രവർത്തിക്കുക, മദ്യപിക്കുന്ന ശീലം ഉള്‍പ്പെടെ മാറ്റാനായി കൗണ്‍സിലിങ്ങിന് വിധേയനാകുക തുടങ്ങിയ ഉപാധികള്‍ മുന്നോട്ടുവെച്ചാണ് റിയല്‍ എസ്റ്റേറ്റ് വ്യവസായിയുടെ മകന് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍, ഇതിനെതിരേ വ്യാപക വിമർശനമാണുയർന്നത്.

അപകടത്തില്‍ കൊല്ലപ്പെട്ട അനീഷും അശ്വിനിയും പുണെയിലെ സ്വകാര്യ കമ്ബനിയില്‍ ഐ.ടി. എൻജിനിയർമാരായിരുന്നു. ശനിയാഴ്ച അർധരാത്രി ഒരു ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് അതിവേഗത്തിലെത്തിയ ആഡംബര കാർ ഇരുവരെയും ഇടിച്ചിട്ടത്. അപകടത്തില്‍ രണ്ടുപേരും തല്‍ക്ഷണം മരിച്ചു. ചോരയൊലിച്ച്‌ രണ്ടു പേരും റോഡില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങളും അപകടത്തിന് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കല്ല്യാണിനഗറിലെ അപകടത്തില്‍ ജനരോഷം ശക്തമായതിന് പിന്നാലെ കേസ് പുണെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. സംഭവത്തില്‍ പതിനേഴുകാരന്റെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് പിതാവിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനുപുറമേ, മദ്യം നല്‍കിയ ബാർ, പബ്ബുടമകളെയും പോലീസ് പിടികൂടി. ഔറംഗാബാദില്‍നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

പന്ത്രണ്ടാംക്ലാസ് പരീക്ഷയിലെ വിജയം ആഘോഷിക്കാനായാണ് പതിനേഴുകാരനും സുഹൃത്തുക്കളും പബ്ബില്‍ പോയതെന്നാണ് പോലീസ് പറയുന്നത്. മഹാരാഷ്ട്രയില്‍ 25 വയസ്സ് മുതല്‍ പ്രായമുള്ളവർക്കാണ് മദ്യം ഉപയോഗിക്കാൻ അനുവാദമുള്ളത്. ഈ നിയമം ലംഘിച്ചാണ് പതിനേഴുകാരന് ബാറില്‍ മദ്യം വിളമ്ബിയതെന്നും പോലീസ് പറഞ്ഞു. മദ്യലഹരിയിലാണ് പ്രതി കാറോടിച്ചത്. കല്ല്യാണിനഗറിലെ തിരക്കേറിയ റോഡിലൂടെ ഏകദേശം 200 കിലോ മീറ്റർ വേഗത്തിലാണ് കാർ പാഞ്ഞത്. ഇതിനിടെയാണ് ബൈക്ക് യാത്രക്കാരായ രണ്ടുപേരെയും കാർ ഇടിച്ചുതെറിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പ്രതിയെ പ്രായപൂർത്തിയായ ആളായി കണക്കാക്കി വിചാരണചെയ്യണമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യമുന്നയിച്ചുള്ള ഹർജി കോടതി തള്ളുകയാണുണ്ടായതെന്നും പുണെ പോലീസ് പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച്‌ ഇനി സെഷൻസ് കോടതിയെ സമീപിക്കുമെന്നും പോലീസ് അറിയിച്ചു.

RELATED ARTICLES

STORIES

Most Popular