Saturday, July 27, 2024
HomeKeralaപഴയ മോഷണത്തിന് പുത്തൻ പ്രായശ്ചിത്തം; മോഷ്ടിച്ച പുസ്തകം തിരിച്ചുനല്‍കാനെത്തി എഴുത്തുകാരൻ

പഴയ മോഷണത്തിന് പുത്തൻ പ്രായശ്ചിത്തം; മോഷ്ടിച്ച പുസ്തകം തിരിച്ചുനല്‍കാനെത്തി എഴുത്തുകാരൻ

മൂവാറ്റുപുഴ: വായനയോടുള്ള പ്രണയംകൊണ്ട് ഒരൊൻപതാം ക്ലാസുകാരൻ 17 വർഷം മുൻപ് മോഷ്ടിച്ച പുസ്തകം തിരിച്ചുനല്‍കാനെത്തി, ക്ഷമാപണത്തോടെ…

തൃക്കളത്തൂർ കൈതമറ്റത്തില്‍ വീട്ടില്‍ റീസ് തോമസാണ് മൂവാറ്റുപുഴ ന്യൂ കോളേജ് ബുക്സ്റ്റാളില്‍ പഴയൊരു തെറ്റ് തിരുത്താനെത്തിയത്.

2007-ല്‍ ഇറങ്ങിയ ‘ഹാരി പോർട്ടർ ദി ഡെത്ത്ലി ഹാലോസ്’ എന്ന പുസ്തകം കടയുടമ ദേവദാസിന്റെ മുന്നിലേക്ക് നീട്ടി റീസ് പറഞ്ഞു: ഇത് വാങ്ങണം, അല്ലെങ്കിലിതിന്റെ വില വാങ്ങണം. ദേവദാസ് സ്നേഹത്തോടെ പുസ്തകം വാങ്ങിയ ശേഷം തിരിച്ച്‌ റീസിനുതന്നെ സമ്മാനിച്ചു. ഇതിനെല്ലാം സാക്ഷിയായി റീസിന്റെ ’90സ് കിഡ്’ എന്ന പുസ്തകം അപ്പോള്‍ ബുക്സ്റ്റാളിന്റെ അലമാരയിലിരിക്കുന്നുണ്ടായിരുന്നു.

‘റീസിനെ കണ്ടപ്പോള്‍ തന്നെ ആളെ മനസ്സിലായി, സ്വന്തം പുസ്തകത്തില്‍ അദ്ദേഹത്തെക്കൊണ്ട് ഒപ്പിടുവിച്ച്‌ മേടിക്കുകയും ചെയ്തു’ – മാതൃഭൂമി ഏജന്റ് കൂടിയായ ദേവദാസ് പറഞ്ഞു.

റീസ് മണ്ണൂർ ഗാർഡിയൻ ഏയ്ഞ്ചല്‍ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് സംഭവം. ബുക്സ്റ്റാളില്‍ കൈയെത്തും ദൂരത്ത് അന്നിറങ്ങിയ ഹാരി പോർട്ടർ ഡെത്ത്ലി ഹാലോസ് കണ്ടു. വാങ്ങാൻ പണമില്ല. ആരും കാണാതെ പുസ്തകം കൈയിലെടുത്ത് മുങ്ങി. പേടിയും കുറ്റബോധവും മനസ്സില്‍ നിറഞ്ഞെങ്കിലും ഇഷ്ടപുസ്തകം കിട്ടിയതില്‍ സന്തോഷവാനായിരുന്നു.

രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ചെന്ന് വേറൊരു പുസ്തകം കൈയിലെടുത്തപ്പോള്‍ പിടിവീണു. കടയില്‍ പുസ്തകത്തിന്റെ എണ്ണം കുറഞ്ഞപ്പോള്‍ ഉടമ തങ്കപ്പൻ ചേട്ടനും മകൻ ദേവദാസും നിരീക്ഷണം കർശനമാക്കിയിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ കാണാതായ ഹാരി പോർട്ടർ താനെടുത്തിട്ടില്ലെന്ന് കള്ളം പറഞ്ഞ് രക്ഷപ്പെട്ടു.

പുസ്തകം മോഷ്ടിച്ചതും കള്ളം പറഞ്ഞതും പക്ഷേ മനസ്സില്‍ നീറ്റലായി കിടന്നു. മൂന്നു വർഷം മുൻപ് കടയുടെ പേര് പറയാതെ ഫെയ്സ് ബുക്കില്‍ ഒരു കുറിപ്പിട്ടു. അന്നൊരാള്‍ അതിനോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു – ‘റീസ് നീയൊരു പുസ്തകമെഴുതി ആ ബുക്സ്റ്റാളിലെ അതേ അലമാരയിലെത്തിക്കണം. അതല്ലേ ഹീറോയിസം’…

‘അന്നിങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല, പുസ്തകത്തോടും വായനയോടുമുള്ള ഇഷ്ടംകൊണ്ട് ചെയ്ത തെറ്റ് ഇങ്ങനെ തിരുത്താനായത് ഭാഗ്യമല്ലേ’- റീസ് ചോദിക്കുന്നു.

മലയാള സാഹിത്യത്തില്‍ ബിരുദധാരിയായ റീസ് എഴുത്തുകാരനും സഞ്ചാരിയുമൊക്കെയാണ്. സിനിമാ രംഗത്ത് സഹ സംവിധായകനായും പ്രവർത്തിക്കുന്നുണ്ട്. ആല്‍ക്കമിസ്റ്റ് വായിച്ച്‌ പൗലോ കൊയ്ലോക്കയച്ച കത്തിന് മറുപടി കിട്ടിയെന്നു മാത്രമല്ല, അദ്ദേഹം ട്വിറ്ററില്‍ അത് ടാഗ് ചെയ്യുകയും ചെയ്തു. ലൂക്ക, മിന്നല്‍ മുരളി, പത്മിനി, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളുടെ സഹ സംവിധായകനാണ്. സ്വതന്ത്ര സിനിമയ്ക്കുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.

RELATED ARTICLES

STORIES

Most Popular