Sunday, June 23, 2024
HomeIndiaപോക്കറ്റില്‍ ഇരിക്കേണ്ടിയിരുന്നത് 5 ലക്ഷം രൂപ, ഹൈബ്രിഡ് കാറുകളുടെ നികുതി കുറക്കില്ലെന്ന് നിര്‍മല സീതാരാമൻ

പോക്കറ്റില്‍ ഇരിക്കേണ്ടിയിരുന്നത് 5 ലക്ഷം രൂപ, ഹൈബ്രിഡ് കാറുകളുടെ നികുതി കുറക്കില്ലെന്ന് നിര്‍മല സീതാരാമൻ

ന്ത്യയും നികുതിയും വാഹന നിർമാതാക്കളെ സംബന്ധിച്ച്‌ എക്കാലവും വലിയൊരു തലവേദന തന്നെയാണ്. മെയ്ക്ക് ഇൻ ഇന്ത്യ എന്ന പിടിവാശിയുമായി രാജ്യം മുന്നോട്ടു പോവുമ്ബോള്‍ ടെസ്‌ല പോലുള്ള ആഗോള ഭീമൻമാർ രാജ്യത്തേക്ക് ചുവടുവെക്കാനാവാതെ പിന്നാക്കം നില്‍ക്കുന്നതിന്റെയെല്ലാം മൂലകാരണം നികുതിയുമായി സംബന്ധിച്ച തർക്കങ്ങളാണ്.

സർക്കാരും മസ്ക്കും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും നടത്തിക്കഴിഞ്ഞതാണ്.

അതുപോലെ തന്നെയാണ് ഹൈബ്രിഡ് കാറുകളുടെ അവസ്ഥയും. കേന്ദ്രം സമ്മതം മൂളിയാല്‍ വില കുറക്കാൻ നിർമാതാക്കള്‍ റെഡിയാണെങ്കിലും കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്ന വാശിയിലാണ് കമ്ബനികളും. ഹൈബ്രിഡ് കാറുകളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) കുറയ്ക്കണമെന്ന ആവശ്യം ഗതാഗത മന്ത്രിയായ നിതിൻ ഗഡ്‌കരിയും മുമ്ബോട്ടുവെച്ചിരുന്നു. എന്നാല്‍ ധനമന്ത്രി നിർമല സീതാരാമൻ ഈ തീരുമാനം പൂർണമായും തള്ളക്കളഞ്ഞതായാണ് ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍.

നേരത്തെ നിതിൻ ഗഡ്കരി നിർദ്ദേശിച്ച ഈ നീക്കം ഹൈബ്രിഡ് വാഹനങ്ങളുടെ വിലയില്‍ ഏകദേശം 5 ലക്ഷം രൂപയിലധികം കുറയാൻ സഹായിച്ചേക്കുമായിരുന്നു. നിലവില്‍ ഇലക്‌ട്രിക് കാർ വില്‍പ്പനയാണ് സർക്കാർ ആദ്യം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതെന്നാണ് നിർമല സീതാരാമൻ്റെ വശം. ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ മലിനീകരണ തോത് കുറയ്ക്കാനുമാണ് ധനമന്ത്രിയുടെ ശ്രമം.

വരാനിരിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഹൈബ്രിഡ് കാറുകളുടെ നികുതിയിളവ് നടപ്പിലാക്കിയെടുക്കാൻ കഴിയുമെന്നായിരുന്നു മുമ്ബുണ്ടായിരുന്ന റിപ്പോർട്ടുകള്‍. എന്നാല്‍ നിർമല സീതാരാമൻ അധ്യക്ഷയായ ധനമന്ത്രാലയം ഹൈബ്രിഡ് കാറുകള്‍ക്ക് നികുതി ഇളവ് അനുവദിക്കുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. പകരം ഇലക്‌ട്രിക് വാഹന (EV) മേഖലയെ ഉത്തേജിപ്പിക്കുന്നതിലാവും മന്ത്രാലയം ഊന്നല്‍കൊടുക്കുക.

ഈ നീക്കം ഇന്ത്യൻ വാഹന ഭീമൻമാരായ ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയ്ക്ക് അനുകൂലമാകും. ഈ രണ്ട് വാഹന നിർമാതാക്കളും രാജ്യത്ത് വൈദ്യുത കാറുകള്‍ സൃഷ്ടിക്കുന്നതിനായി കോടിക്കണക്കിന് രൂപയാണ് നിക്ഷേം നടത്തിയിരിക്കുന്നത്. അടുത്തിടെ ടാറ്റ ഗ്രൂപ്പ് സിഎഫ്‌ഒ പിബി ബാലാജിയും ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി കുറയ്ക്കാനുള്ള സർക്കാരിൻ്റെ നിർദ്ദേശത്തെക്കുറിച്ചുള്ള തൻ്റെ സംശയം പങ്കുവെച്ചിരുന്നു.

എന്തായാലും ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും ഇക്കാര്യത്തില്‍ ആശ്വസിക്കാമെങ്കിലും മറുവശത്ത് ഹൈബ്രിഡ് മോഡലുകള്‍ നിർമിക്കുന്ന മാരുതി സുസുക്കിക്കും ടൊയോട്ടക്കും തീരുമാനം തിരിച്ചടിയാവും. ഹൈബ്രിഡ് വാഹനങ്ങളുടെ നിലവിലെ ജിഎസ്ടി നിരക്ക് നിലനിർത്താനുള്ള ധനമന്ത്രാലയത്തിൻ്റെ തീരുമാനം ഇലക്‌ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ ഇലക്‌ട്രിക് വാഹന മേഖലയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാണ്.

ശുദ്ധമായ ഊർജ പരിഹാരങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്ന വിശ്വാസവും കേന്ദ്ര സർക്കാരിനുണ്ട്. പെട്രോള്‍ എഞ്ചിനും ഇലക്‌ട്രിക് മോട്ടോറും സംയോജിപ്പിച്ച്‌ ഇന്ധന ഉപഭോഗവും മലിനീകരണവും കുറയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഹൈബ്രിഡ് വാഹനങ്ങള്‍ സമന്വയിപ്പിക്കുന്നത്. പൂർണ ഇലക്‌ട്രിക്കിനേക്കാള്‍ പ്രായോഗികവുമാണെന്നതും ഇത്തരം വാഹനങ്ങളിലേക്ക് ആളുകളെ അടുപ്പിക്കുന്ന കാര്യമാണ്.

സാധാരണയായി പെട്രോള്‍ കാറുകളേക്കാള്‍ വില കൂടുതലാണെങ്കിലും ഇവികളേക്കാള്‍ വില കുറവായതും ഹൈബ്രിഡ് മോഡലുകളിലേക്ക് ആളുകളെ ആകർഷിക്കുന്ന കാര്യമാണ്. ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകളുടെ നികുതിയില്‍ 21 ശതമാനം വെട്ടിക്കുറച്ചാല്‍ ഇത്തരം പ്രായോഗികമായ വണ്ടികള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാനാവുന്നതുമാകുമായിരുന്നു. നിലവില്‍ എന്തായാലും ഈ നീക്കത്തോട് സർക്കാർ മുഖംതിരിച്ചു നില്‍ക്കുന്നത് വണ്ടിവാങ്ങുന്നവരെയും നിരാശരാക്കുന്ന കാര്യമാണ്.

നിലവില്‍ 43 ശതമാനമാണ് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന നികുതി. ഇതിലെ 28 ശതമാനം ജിഎസ്‌ടിയും 15 ശതമാനം സെസും അടക്കമാണ് ആകെ 43 ശതമാനം ടാക്‌സ് വരുന്നത്. ഹൈബ്രിഡുകളുടെ ജിഎസ്ടിയില്‍ കുറവുണ്ടാകില്ലെന്നാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും. ഗഡ്കരിയുടെ നിർദ്ദേശം പിന്നീടുള്ള ഏതെങ്കിലും ഘട്ടത്തില്‍ ചർച്ച ചെയ്‌തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി, ഹോണ്ട, ടൊയോട്ട എന്നീ ബ്രാൻഡുകളാണ് സ്ട്രോംഗ് ഹൈബ്രിഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ബ്രാൻഡുകള്‍.

RELATED ARTICLES

STORIES

Most Popular