Friday, June 21, 2024
HomeKeralaആര്‍.സി ബുക്ക് കിട്ടാനില്ല; യൂസ്ഡ് കാര്‍ വില്പന നാലിലൊന്നായി കുറഞ്ഞു

ആര്‍.സി ബുക്ക് കിട്ടാനില്ല; യൂസ്ഡ് കാര്‍ വില്പന നാലിലൊന്നായി കുറഞ്ഞു

ര്‍.സി (രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) ബുക്ക് അച്ചടിയും വിതരണവും നിലച്ചതോടെ യൂസ്ഡ് കാര്‍ വിപണിയിലും ടാക്‌സി വാഹനങ്ങളുടെ അന്തര്‍സംസ്ഥാന യാത്രകളിലും പ്രതിസന്ധി.

കൊവിഡ് മഹാമാരിക്കു ശേഷം യൂസ്ഡ് കാര്‍ മേഖല കരകയറി വരികയായിരുന്നു. ഇതിനിടെയാണ് ആര്‍.സി ബുക്കുകള്‍ കിട്ടാതായതോടെ വാഹനവില്പന ഇടിഞ്ഞത്.

ആര്‍.സി ബുക്ക് കൃത്യസമയത്ത് ലഭിക്കാതായതോടെ ഇന്‍ഷുറന്‍സ് പുതിയ ഉടമയുടെ പേരിലേക്ക് മാറ്റാന്‍ സാധിക്കുന്നില്ല. ഇന്‍ഷുറന്‍സ് മാറ്റാത്തതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ക്ലെയിം ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ആര്‍.സി ബുക്ക് പ്രശ്‌നംമൂലം അഡ്വാന്‍സ് കൊടുത്ത പലരും പഴയ കാറുകള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോകുന്നതായി ഈ രംഗത്തുള്ളവര്‍ പറയുന്നു.

വില്പന നാലിലൊന്നായി കുറഞ്ഞു

കഴിഞ്ഞ ആറുമാസത്തിനിടെ യൂസ്ഡ് കാര്‍ വിപണിയില്‍ ഇടപാടുകള്‍ നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 20-30 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത് നെഗറ്റീവ് വളര്‍ച്ചയാണ് ഈ വര്‍ഷം. കൊവിഡിനുശേഷം വാഹനം സ്വന്തമാക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. ആദ്യമായി വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരില്‍ കൂടുതലും യൂസ്ഡ് കാറുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

മാര്‍ക്കറ്റ് നല്ലരീതിയില്‍ മുന്നേറുന്നതിനിടെയാണ് ആര്‍.സി ബുക്ക് ലഭ്യത പ്രതിസന്ധിയായി മാറിയത്. വില്പന കുറഞ്ഞതിനൊപ്പം വാഹന ഉടമകള്‍ ആര്‍.സി ബുക്ക് ലഭിക്കാത്തതിനാല്‍ ഷോപ്പുകളിലെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതും പതിവായിരിക്കുകയാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ സ്ഥാപനം അടച്ചിടേണ്ടിവരുമെന്നാണ് വില്പനക്കാര്‍ പറയുന്നത്.

ടാക്‌സികള്‍ക്കും പ്രതിസന്ധി

ആര്‍.സി ബുക്ക് ലഭിക്കാത്തത് മൂലം ടാക്‌സി വാഹനങ്ങളും ഓട്ടം നിര്‍ത്തേണ്ട അവസ്ഥയാണ്. മറ്റൊരു സംസ്ഥാനത്തേക്ക് ഓട്ടം പോകണമെങ്കില്‍ പെര്‍മിറ്റ് എടുക്കണം. ആര്‍.സി ബുക്ക് സബ്മിറ്റ് ചെയ്തുവേണം പെര്‍മിറ്റ് എടുക്കാന്‍. ആര്‍.സി ബുക്ക് ലഭിക്കാത്തതിനാല്‍ അന്തര്‍സംസ്ഥാന ഓട്ടങ്ങള്‍ ഒഴിവാക്കേണ്ട അവസ്ഥയിലാണ് പലരും.

അവധിക്കാലത്ത് ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ക്കാണ് ട്രിപ്പുകള്‍ റദ്ദാക്കേണ്ടിവന്നത്. ഓട്ടം കുറഞ്ഞതോടെ ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ് എന്നിവയ്ക്കായി പണം കണ്ടെത്താനാകാതെ കഷ്ടപ്പാടിലാണ് ഈ രംഗത്തുള്ളവര്‍. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ ജില്ലാ ആര്‍.ടി.ഒ ഓഫീസുകളിലേക്ക് കേരള യൂസ്ഡ് കാര്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിന്റെ ഇന്ന് (മെയ് 21) മാര്‍ച്ച്‌ നടത്തിയിരുന്നു.

പ്രിന്റിംഗ് തുടങ്ങി, ടാക്‌സി വാഹനങ്ങള്‍ക്ക് മുന്‍ഗണന

ആര്‍.സി ബുക്കുകളുടെ പ്രിന്റിംഗ് രണ്ടാഴ്ച്ച മുമ്ബ് പൂര്‍ണതോതില്‍ ആരംഭിച്ചെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ടാക്‌സി വാഹനങ്ങളുമായി ബന്ധപ്പെട്ട ആര്‍.സി ബുക്കുകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് അച്ചടി നടക്കുന്നത്. ദിവസം 30,000-40,000 പ്രിന്റിംഗ് നടക്കുന്നുണ്ടെന്ന് പേരുവെളിപ്പെടുത്താത്ത മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ ധനംഓണ്‍ലൈനോട് പറഞ്ഞു. ജൂണ്‍ അവസാനത്തോടെ കെട്ടിക്കിടക്കുന്ന ആര്‍.സി ബുക്കുകളുടെ പ്രിന്റിംഗ് പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ.

RELATED ARTICLES

STORIES

Most Popular