Saturday, July 27, 2024
HomeIndiaട്രെയിൻ കോച്ചുകളിലെ വ്യത്യസ്ത നിറമുള്ള വരകള്‍ എന്തിനാണെന്ന് നിങ്ങള്‍ക്കറിയാമോ?

ട്രെയിൻ കോച്ചുകളിലെ വ്യത്യസ്ത നിറമുള്ള വരകള്‍ എന്തിനാണെന്ന് നിങ്ങള്‍ക്കറിയാമോ?

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെയും ഏഷ്യയിലെ രണ്ടാമത്തെയും റെയില്‍ ഗതാഗത ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ ഗതാഗത മാർഗം ട്രെയിനാണ്.
ചരക്കുഗതാഗതത്തിലൂടെയും വലിയൊരു വരുമാനം ഇന്ത്യൻ റെയില്‍വേയ്ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ ജീവിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും തീവണ്ടിയില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്തു കാണുമെന്ന് ഉറപ്പാണ്.

ഇങ്ങനൊയെക്കെയാണെങ്കിലും റെയില്‍വേയും ട്രെയിനുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ഇപ്പോഴും ആളുകള്‍ക്ക് വ്യക്തമായി അറിയില്ല. ട്രെയിൻ കോച്ചുകള്‍ക്ക് പുറത്തെ നിറമുള്ള വരകള്‍ എന്തിനാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിലർ അത് ശ്രദ്ധിച്ചിട്ട് പോലുമുണ്ടാവില്ല. ഇനി മറ്റ് ചിലർ ശ്രദ്ധിച്ചാലും എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടാകില്ല.

ട്രെയിൻ കോച്ചുകളുടെ പുറത്തെ നിറമുള്ള വരകള്‍ വെറുതെയങ്ങ് വരച്ചതല്ല. അതിന് കൃത്യമായ കാരണം തന്നെയുണ്ട്. തീവണ്ടിയില്‍ വ്യത്യസ്ത തരത്തിലുള്ള കോച്ചുകള്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ജനറല്‍ കോച്ചും ലേഡീസ് കോച്ചുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തിലുള്ള വ്യത്യസ്ത കോച്ചുകളെ തിരിച്ചറിയാൻ വേണ്ടിയാണ് വ്യത്യസ്ത നിറങ്ങളില്‍ വരച്ചിരിക്കുന്നത്.

കോച്ചുകള്‍ക്ക് മുകളിലുള്ളത് വെള്ള വരയാണെങ്കില്‍ അത് ജനറല്‍ കോച്ചായിരിക്കും. ഭിന്നശേഷിയുള്ളതോ അസുഖബാധിതരോ ആയവർക്ക് വേണ്ടിയുള്ള കോച്ചുകളില്‍ മഞ്ഞവരയായിരിക്കും ഉണ്ടായിരിക്കുക. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക കോച്ചുകള്‍ ഗ്രേ നിറത്തിലായിരിക്കും പെയിൻറ് ചെയ്തിരിക്കുക. അതിന് മുകളിലുള്ള വരകളും ഗ്രേ നിറത്തില്‍ തന്നെയാണ് വരയ്ക്കുക.

ഫസ്റ്റ് ക്ലാസ് കോച്ചുകളില്‍ ഗ്രേ നിറം കൊണ്ട് പെയിൻറ് അടിച്ചതിന് മുകളില്‍ ചുവപ്പ് നിറത്തിലുള്ള വരകളായിരിക്കും ഉണ്ടായിരിക്കുക. മിക്ക തീവണ്ടികള്‍ക്കും നീല നിറത്തിലുള്ള കോച്ചുകള്‍ ഉണ്ടെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. ഇത് ഐസിഎഫ് കോച്ചുകള്‍ എന്നാണ് അറിയപ്പെടുന്നത്. അവയ്ക്ക് ചില പ്രത്യേകതളുണ്ട്.

മണിക്കൂറില്‍ 70 കിലോമീറ്റർ മുതല്‍ 140 കിലോമീറ്റർ വരെ വേഗതയാണ് ഇത്തരത്തിലുള്ള കോച്ചുകള്‍ ഉള്ള തീവണ്ടികള്‍ക്ക് ഉണ്ടാവുക. മെയില്‍ എക്സ്പ്രസ് തീവണ്ടികളിലോ സൂപ്പർ ഫാസ്റ്റ് തീവണ്ടികളിലോ ആണ് പ്രധാനമായും ഇത്തരത്തിലുള്ള കോച്ചുകള്‍ ഉണ്ടായിരിക്കുക. ഐസിഎഫ് എസി കോച്ചുകളുള്ള തീവണ്ടികള്‍ക്ക് മുകളില്‍ ചുവപ്പ് നിറത്തിലുള്ള വരകളായിരിക്കും ഉണ്ടായിരിക്കുക. രാജധാനി എക്സ്പ്രസ് ഇത്തരത്തിലുള്ള തീവണ്ടികള്‍ക്ക് ഉദാഹരണമാണ്.

ഇരിക്കാനുള്ള സീറ്റുകള്‍ മാത്രമുള്ള തരത്തിലുള്ള കോച്ചുകളില്‍ പച്ച നിറത്തിലുള്ള വരകളാണ് ഉണ്ടാവുക. മീറ്റർ ഗേജ് തീവണ്ടികളുടെ കോച്ചുകള്‍ക്ക് ബ്രൌണ്‍ നിറമാണ് ഉണ്ടായിരിക്കുക. മുംബൈയിലെ പ്രാദേശിക തീവണ്ടി ശൃംഖലയില്‍ ഗ്രേ നിറത്തിലുള്ള കോച്ചുകള്‍ക്ക് മുകളില്‍ ചുവപ്പ് നിറത്തിലുള്ള വരകള്‍ കാണാം. ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ മനസ്സിലാകാൻ വേണ്ടിയാണിത്.

ഇന്ത്യയിലെ വലിയൊരു വിഭാഗം ജനതയും നിരക്ഷരരായിരുന്ന കാലമുണ്ടായിരുന്നു. അവർ പ്രധാനമായും ഗതാഗതത്തിന് ആശ്രയിച്ചിരുന്നത് തീവണ്ടികളെയാണ്. അക്കാലത്ത് വ്യത്യസ്ത കോച്ചുകളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഇങ്ങനെ നിറങ്ങള്‍ ഉപയോഗിച്ചിരുന്നത്. തീവണ്ടിയും റെയില്‍വേയുമായി ബന്ധപ്പെട്ട് പ്രധാന വിവരങ്ങള്‍ നല്‍കാൻ വേണ്ടിയാണ് നിറങ്ങളും ചിഹ്നങ്ങളുമൊക്കെ ഉപയോഗിച്ചിരുന്നത്. അത് ഇപ്പോഴും തുടർന്ന് പോരുകയാണ് റെയില്‍വേ ചെയ്യുന്നത്.

RELATED ARTICLES

STORIES

Most Popular