Saturday, July 27, 2024
HomeIndiaകണ്ണീരൊഴുക്കി ഇറാൻ: അന്തിമോപചാരമര്‍പ്പിച്ച്‌ ആയിരങ്ങള്‍; റഈസിയുടെ ഖബറടക്കം നാളെ ജന്മനാട്ടില്‍

കണ്ണീരൊഴുക്കി ഇറാൻ: അന്തിമോപചാരമര്‍പ്പിച്ച്‌ ആയിരങ്ങള്‍; റഈസിയുടെ ഖബറടക്കം നാളെ ജന്മനാട്ടില്‍

തെഹ്റാൻ: ഹെലികോപ്ടർ അപകടത്തില്‍ കൊല്ലപ്പെട്ട രാഷ്ട്രനായകന് കണ്ണീരില്‍ കുതിർന്ന അന്തിമോപചാരമർപ്പിച്ച്‌ ഇറാൻ ജനത.

പ്രസിഡന്റ് ഇബ്രാഹിം റഈസി, വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാൻ എന്നിവരടക്കം എട്ടുപേരുടെ മൃതദേഹവുമായി തബ്രീസ് നഗരത്തില്‍ നടന്ന വിലാപയാത്രയില്‍ ആയിരങ്ങളാണ് അണിനിരന്നത്. പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച തുറന്ന വാഹനത്തിനിരുവശത്തും നിന്ന് ദേശീയപതാക വീശിയും പുഷ്പവൃഷ്ടി നടത്തിയും അവർ ജനനായകർക്ക് വിട നല്‍കി. തുടർന്ന് ഖും നഗരത്തിലും വിലാപയാത്ര നടന്നു.

ബുധനാഴ്ച തെഹ്റാനിലെത്തിച്ചശേഷം നടക്കുന്ന മയ്യിത്ത് നമസ്കാരത്തിന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ നേതൃത്വം നല്‍കും. ബുധനാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. റഈസിയുടെ ഖബറടക്കം വ്യാഴാഴ്ച ജന്മനഗരമായ മശ്ഹദിലാണ്. അഞ്ചുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം വെള്ളിയാഴ്ച വരെയാണ്. പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂണ്‍ 28ന് നടക്കും.

അതേസമയം, ഹെലികോപ്ടർ അപകടത്തെക്കുറിച്ച്‌ ഇറാൻ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സൈനിക മേധാവി മേജർ ജനറല്‍ മുഹമ്മദ് ഹുസൈൻ ബാഖിരിയുടെ നിർദേശാനുസരണമാണ് ഉന്നതതല സംഘത്തെ നിയോഗിച്ചത്. ഇവർ അസർബൈജാൻ അതിർത്തിയിലെ അപകടസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കും. അന്വേഷണത്തിന് റഷ്യൻ സഹായവുമുണ്ടാകും.

അട്ടിമറി സാധ്യത തള്ളിയ ഇറാൻ വൃത്തങ്ങള്‍ മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന നിഗമനത്തിലാണിപ്പോള്‍. യു.എസ് നിർമിത ബെല്‍ 212 ഹെലികോപ്ടറിന്റെ കാലപ്പഴക്കവും അപകടത്തിന് വഴിവെച്ചിരിക്കാം. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മൂലം യന്ത്രഭാഗങ്ങളുടെ ലഭ്യത കുറഞ്ഞതിനാല്‍ ഹെലികോപ്ടറിന്റെ അറ്റകുറ്റപ്പണി യഥാസമയം നടന്നിരുന്നില്ല.

എന്നാല്‍, കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നിട്ടും പ്രസിഡന്റിന്റെ ഹെലികോപ്ടറിന് യാത്രാനുമതി എങ്ങനെ ലഭിച്ചുവെന്നതും അന്വേഷണവിധേയമാക്കും. അതിനിടെ, ഹെലികോപ്ടറിന്റെ ട്രാൻസ്പോണ്ടർ പ്രവർത്തിച്ചിരുന്നില്ലെന്ന് തുർക്കിയ രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ട്രാൻസ്പോണ്ടർ സിഗ്നല്‍ ലഭിച്ചിരുന്നുവെങ്കില്‍ ഹെലികോപ്ടർ തകർന്നുവീണത് എവിടെയെന്ന് വളരെ വേഗം കണ്ടെത്താനാകുമായിരുന്നു.

ഉപരാഷ്ട്രപതി പങ്കെടുക്കും

RELATED ARTICLES

STORIES

Most Popular