Thursday, July 18, 2024
HomeKeralaജെ.എൻ.യു. ജയിക്കുന്നു, വിവാദങ്ങള്‍ പഴങ്കഥ- വൈസ് ചാൻസലര്‍ ഡോ. ശാന്തിശ്രീ ധൂളിപ്പുടി പണ്ഡിറ്റ്

ജെ.എൻ.യു. ജയിക്കുന്നു, വിവാദങ്ങള്‍ പഴങ്കഥ- വൈസ് ചാൻസലര്‍ ഡോ. ശാന്തിശ്രീ ധൂളിപ്പുടി പണ്ഡിറ്റ്

കൊച്ചി: ‘വിവാദങ്ങളിലും സമരങ്ങളിലും മങ്ങിയ പ്രതിച്ഛായയല്ല ഇന്ന് ജെ.എൻ.യുവിന്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റാങ്കിങ്ങില്‍ ഞങ്ങള്‍ രണ്ടാമതാണ്.

ക്യു.എസ്. ലോക സർവ്വകലാശാലാ റാങ്കിങ്ങില്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ ഞങ്ങള്‍ 20-ാമതെത്തി’, പറയുന്നത് സർവകലാശാല വൈസ് ചാൻസലർ ഡോ. ശാന്തിശ്രീ ധൂളിപ്പുടി പണ്ഡിറ്റ്.

സമരങ്ങളുടെ പ്രഭവകേന്ദ്രമായി വാർത്തയില്‍ നിറഞ്ഞ ജെ.എൻ.യു.വിലെ ആദ്യവനിതാ വിസിയാണ് ശാന്തിശ്രീ. പഠനം ചെന്നൈയിലും ജെ.എൻ.യുവിലുമായിരുന്നു. ദീർഘകാലം ഗോവയിലും പൂണെ സാവിത്രി ഫൂലെ സർവ്വകലാശാലയിലും പ്രൊഫസറായിരുന്നു. എഴുത്തുകാരനും മാധ്യമപ്രവർത്തകനും സർക്കാർ ജീവനക്കാരുമായിരുന്ന ഡോ. ധൂളിപ്പുടി ആഞ്ജനേയലുവിന്റെയും പഴയ യു.എസ്.എസ്.ആറിലെ ലെനിൻ ഗ്രാഡ് ഓറിയന്റല്‍ ഫാക്കല്‍റ്റി ഡിപ്പാർട്ട്മെന്റില്‍ തമിഴ് പ്രൊഫസറായിരുന്ന ആദിലക്ഷ്മിയുടെയും മകളാണ്.

‘ഞാൻ ജനിച്ചത് റഷ്യയില്‍ പഴയ ലെനിൻ ഗ്രാഡിലാണ്. അമ്മയുടെ സുഹൃത്തുക്കള്‍ തുടങ്ങിയ ഇൻഡോ-റഷ്യൻ സൗഹൃദസംഘത്തിന്റെ പരിപാടിക്കായി ഈയിടെ അവിടെ പോയിരുന്നു. 1985 കാലത്താണ് ഞാൻ ജെ.എൻ.യുവില്‍ വിദ്യാർഥിയായിരുന്നത്. ഇന്റർനാഷണല്‍ റിലേഷൻസായിരുന്നു ഗവേഷണ വിഷയം. പിന്നീട് ഇ.കെ. നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായ പി.കെ. അരുണ്‍ ആയിരുന്നു അന്ന് സർവ്വകലാശാല യൂണിയൻ പ്രസിഡന്റ്’, കൊച്ചിയില്‍ എൻ.ജി.ഒ സംഘ് വനിതാസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഡോ.ശാന്തിശ്രീ ‘മാതൃഭൂമി’യോട് സംസാരിക്കുന്നു.

‘ജെ.എൻ.യു. കാമ്ബസ് സമരകലുഷിതമായിരുന്ന കാലത്ത് 400 സുരക്ഷാ ഭടന്മാരാണ് വി.സിക്ക് ചുറ്റും ഉണ്ടായിരുന്നത്. ഇപ്പോള്‍ ഒറ്റയ്ക്കാണ് ഞാൻ കാമ്ബസില്‍ എല്ലായിടത്തും പോകുന്നത്. ഹോസ്റ്റലുകളില്‍ സർപ്രൈസ് വിസിറ്റുകള്‍ക്കും അങ്ങനെ തന്നെ’, കാമ്ബസില്‍ത്തന്നെയാണ് ശാന്തിശ്രീയുടെ താമസം. ഗൂഗിള്‍ സൈബർ സെക്യൂരിറ്റിയില്‍ എൻജിനീയറായ മകളും ഒപ്പമുണ്ട്.

‘ജെ.എൻ.യുവിലെ വിദ്യാർഥികള്‍ക്കിടയില്‍ പല രാഷ്ട്രീയ വിശ്വാസധാരകളെ പിൻപറ്റുന്നവർ ഉണ്ട്. എല്ലാത്തരം ചർച്ചകളും പരിപാടികളും നടക്കാറുണ്ട്. ചില വിദ്യാർഥികള്‍ അമ്മയോടെന്ന പോലെ എന്നോട് അടുപ്പം കാട്ടും. ചിലർ സുഹൃത്തിനോടെന്ന പോലെ തർക്കിക്കും. എല്ലാവരെയും ചേർത്തു നിർത്തിയാണ് ഞാൻ മുന്നോട്ടു പോകുന്നത്. ഇപ്പോള്‍ ക്യാമ്ബസില്‍ തമ്മില്‍ത്തല്ലില്ല. ആശയസംഘട്ടനങ്ങള്‍ മാത്രം. ആറു വർഷത്തിനു ശേഷമുള്ള വിദ്യാർഥി യൂണിയൻ ഇലക്ഷനും ഞാൻ നടത്തി’, ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണഘോഷങ്ങള്‍ കാമ്ബസിലേക്ക് എത്തിയില്ലെന്ന് ഡോ.ശാന്തിശ്രീ പറയുന്നു.

‘യോഗ്യതയ്ക്ക് അംഗീകാരം നല്‍കുന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു ആക്ഷേപവുമില്ലാതെ 175 നിയമനങ്ങള്‍ നടത്തി. കാമ്ബസില്‍ കെട്ടിടങ്ങള്‍ക്കെല്ലാം നല്ല കാലപ്പഴക്കമുണ്ട്. അതുകൊണ്ട് 500 കോടിയുടെ അടിസ്ഥാനവികസനം നടത്താൻപദ്ധതിയുണ്ട്’, ഡോ. ശാന്തിശ്രീ പറയുന്നു. ‘മുൻവിധികളോടെ വിമർശിക്കുന്നവരുണ്ട്. ചിലർ കരുതിയത് ഞാൻ ഒരു ഉത്തരേന്ത്യൻ ബ്രാഹ്മണ സമുദായാംഗമാണെന്നാണ്. ഒ.ബി.സി.വിഭാഗത്തില്‍നിന്നുള്ള ഒരു വനിത ജെ.എൻ.യു പോലൊരു സ്ഥാപനത്തിന്റെ തലപ്പത്തെത്തുന്നത് അപൂർവ്വമാണ്. ലഭിച്ച അവസരത്തോട് ഞാൻ നീതി പുലർത്തും’, അവർ പറഞ്ഞു.

RELATED ARTICLES

STORIES

Most Popular