Friday, July 26, 2024
HomeKeralaഎയര്‍പോഡ് മോഷണ വിവാദക്കേസില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം; പ്രതിയായ ബിനുവിനൊപ്പം യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് പ്രഖ്യാപിച്ച്‌ ഇറങ്ങിപ്പോയി

എയര്‍പോഡ് മോഷണ വിവാദക്കേസില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം; പ്രതിയായ ബിനുവിനൊപ്പം യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് പ്രഖ്യാപിച്ച്‌ ഇറങ്ങിപ്പോയി

കോട്ടയം: പാലാ നഗരസഭയിലെ എയർപോഡ് മോഷണ വിവാദക്കേസില്‍ സിപിഎം കൗണ്‍സിലർ ബിനു പുളിക്കക്കണ്ടത്തിനെരെ ഭരണപക്ഷ കൗണ്‍സിലർമാരുടെ പ്രതിഷേധം.

മോഷണ കേസ് പ്രതിയായ ബിനുവിനൊപ്പം കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് പ്രഖ്യാപിച്ച്‌ ഭരണപക്ഷ കൗണ്‍സിലർമാർ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. മാണി ഗ്രൂപ്പ്കാരനായ നഗരസഭ ചെയർമാനും കൗണ്‍സിലർമാർക്കൊപ്പം ഇറങ്ങിപ്പോയി. എയര്‍പോഡ് മോഷണ കേസ് സജീവമാക്കാനാണ് മാണി ഗ്രൂപ്പ് ശ്രമം. സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു മേല്‍ മാണി ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കി.

ഇതിനിടെ എഫ്‌ഐആര്‍ തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനു പുളിക്കക്കണ്ടം ഹൈക്കോടതിയെ സമീപിച്ചു. തന്‍റെ ഇയര്‍പോഡ് നഗരസഭ കൗണ്‍സില്‍ ഹാളില്‍ വച്ച്‌ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം മോഷ്ടിച്ചു എന്നായിരുന്നു മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരാങ്കുഴിയുടെ പരാതി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോസ് പാലാ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് ആദ്യം കേസ് എടുത്തിരുന്നില്ല. മാര്‍ച്ച്‌ ആറിന് ബിനു പുളിക്കക്കണ്ടത്തിനെതിരെ കേസെടുത്തു. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് എത്തിയതോടെ കേസെടുത്ത വിവരം പോലും മറച്ചു വച്ച മാണി ഗ്രൂപ്പ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വിഷയം കടുപ്പിക്കുകയാണ്. ബിനു പുളിക്കക്കണ്ടത്തിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.

അപകടം തിരിച്ചറിഞ്ഞാണ് എഫ്‌ഐആര്‍ തന്നെ റദ്ദാക്കാനുളള അപേക്ഷയുമായി ബിനു പുളിക്കക്കണ്ടം ഹൈക്കോടതിയെ സമീപിച്ചത്. മോഷ്ടിക്കപ്പെട്ട എയര്‍പോഡ് ഇംഗ്ലണ്ടിലേക്ക് കടത്തിയെന്നും ജോസ് ചീരങ്കുഴി ആരോപിച്ചിരുന്നു. ഇംഗ്ലണ്ടില്‍ എയര്‍പോഡ് കൈവശം വച്ചിരുന്ന സ്ത്രീ കഴിഞ്ഞ ദിവസം പാലാ പൊലീസ് സ്റ്റേഷനിലെത്തി തൊണ്ടി മുതല്‍ കൈമാറിയെന്നും സൂചനയുണ്ട്. ഇവര്‍ കേസില്‍ പ്രതിയാകുമോ എന്നും വ്യക്തമല്ല. നാലു മാസത്തോളം ബിനു പുളിക്കക്കണ്ടം എയര്‍പോഡ് സ്വന്തം കൈയില്‍ സൂക്ഷിച്ചിരുന്നു എന്ന ആരോപണം സ്ഥിരീകരിക്കാന്‍ പോന്ന തെളിവുകള്‍ പൊലീസിന് ഇനിയും കിട്ടിയിട്ടില്ലെന്നാണ് വിവരം.

RELATED ARTICLES

STORIES

Most Popular