Saturday, July 27, 2024
HomeIndiaബംഗാളില്‍ സംവണം നല്‍കിയത് നുഴഞ്ഞുകയറ്റക്കാരായ മുസ്‌ലിംകള്‍ക്ക്; ദലിതര്‍ക്കും ആദിവാസികള്‍ക്കുമുള്ള സംവരണം ആര്‍ക്കും തട്ടിയെടുക്കാനാകില്ല - മോദി

ബംഗാളില്‍ സംവണം നല്‍കിയത് നുഴഞ്ഞുകയറ്റക്കാരായ മുസ്‌ലിംകള്‍ക്ക്; ദലിതര്‍ക്കും ആദിവാസികള്‍ക്കുമുള്ള സംവരണം ആര്‍ക്കും തട്ടിയെടുക്കാനാകില്ല – മോദി

ഭിവാനി (ഹരിയാന): നുഴഞ്ഞുകയറ്റക്കാരായ മുസ്‌ലിംകള്‍ക്കാണ് ബംഗാളില്‍ സംവണം നല്‍കിയതെന്നും മുസ്‌ലിം പ്രീണനമാണ് ഇൻഡ്യ സഖ്യത്തിലെ പാർട്ടികള്‍ സ്വീകരിക്കുന്ന നയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

താൻ ജീവിച്ചിരിക്കുന്ന കാലത്തോളം ദലിതർക്കും ആദിവാസികള്‍ക്കുമുള്ള സംവരണം ആർക്കും തട്ടിയെടുക്കാനാകില്ലെന്നും ഹരിയാനയിലെ ഭിവാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ 2010നു ശേഷമുള്ള അഞ്ചുലക്ഷത്തോളം ഒ.ബി.സി സർട്ടിഫിക്കറ്റുകള്‍ റദ്ദാക്കാൻ കൊല്‍ക്കത്ത ഹൈകോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

“പശ്ചിമ ബംഗാളില്‍, നുഴഞ്ഞുകയറ്റക്കാരായ മുസ്‌ലിംകള്‍ക്ക് അവർ ഒ.ബി.സി സർട്ടിഫിക്കറ്റു നല്‍കി. കഴിഞ്ഞ 10-12 വർഷമായി അത്തരത്തില്‍ നല്‍കിയ സർട്ടിഫിക്കറ്റുകള്‍ ഹൈകോടതി റദ്ദാക്കിയിരിക്കുന്നു. കോടതിയുടെ തീരുമാനത്തെ അംഗീകരിക്കില്ലെന്ന നിലപാടാണ് ബംഗാള്‍ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. മുസ്‌ലിംകള്‍ക്ക് ഒ.ബി.സി സംവരണം നല്‍കുമെന്നാണ് അവർ പറയുന്നത്. ഇതാണ് ഇൻഡ്യ സഖ്യത്തിന്റെ മനോഭാവം. കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും ഇൻഡ്യ സഖ്യത്തിലെ മറ്റു പാർട്ടികളും അവരുടെ വോട്ടു ബാങ്ക് രാഷ്ട്രീയമാണ് നടപ്പാക്കുന്നത്. എന്നാല്‍ മോദി ജീവിച്ചിരിക്കുമ്ബോള്‍ ദലിതർക്കും ആദിവാസികള്‍ക്കുമുള്ള സംവരണം ആർക്കും തട്ടിയെടുക്കാനാവില്ലെന്ന് ഞാൻ ഉറപ്പു നല്‍കുകയാണ്. പാവപ്പെട്ടവരുടെ അവകാശ സംരക്ഷകനാണ് മോദി. ഇത് വെറും രാഷ്ട്രീയ പ്രസംഗമല്ല, മോദിയുടെ ഗ്യാരന്റിയാണ്” -പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ ജോലികളിലെ നിയമനത്തിന് പശ്ചിമ ബംഗാളില്‍ 2011 മുതല്‍ അനുവദിച്ച ഒ.ബി.സി സർട്ടിഫിക്കറ്റുകളാണ് കൊല്‍ക്കത്ത ഹൈകോടതി റദ്ദാക്കിയത്. 2012ലെ പശ്ചിമ ബംഗാള്‍ പിന്നാക്കവിഭാഗ നിയമപ്രകാരം വിവിധ വിഭാഗങ്ങള്‍ക്ക് ഒ.ബി.സി പദവി അനുവദിച്ചതിനെതിരായ ഹരജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഈ വിഭാഗങ്ങള്‍ക്ക് ഒ.ബി.സി പദവി നല്‍കിയത് നിയമവിരുദ്ധമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സർട്ടിഫിക്കറ്റുകള്‍ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. അഞ്ച് ലക്ഷത്തോളം സർട്ടിഫിക്കറ്റുകളാണ് ഹൈകോടതി ഉത്തരവിലൂടെ റദ്ദായത്. എന്നാല്‍, 2012ലെ നിയമപ്രകാരം സംവരണാനുകൂല്യം ലഭിച്ചവർക്കും നിയമനപ്രക്രിയയില്‍ വിജയിച്ചവർക്കും ഉത്തരവ് ബാധകമല്ല.

RELATED ARTICLES

STORIES

Most Popular