Saturday, July 27, 2024
HomeIndiaമോദി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ഒരു സാധാരണക്കാരൻ പറഞ്ഞാല്‍ ജനങ്ങളയാളെ ഭ്രാന്താശുപത്രിയിലാക്കും- രാഹുല്‍

മോദി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ഒരു സാധാരണക്കാരൻ പറഞ്ഞാല്‍ ജനങ്ങളയാളെ ഭ്രാന്താശുപത്രിയിലാക്കും- രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ഏതെങ്കിലും സാധാരണക്കാരനാണ് പറയുന്നതെങ്കില്‍ ജനങ്ങള്‍ അയാളെ പിടിച്ച്‌ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മറ്റുള്ളവരെ പോലെയല്ല തന്നെ ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ചതാണെന്ന് മോദി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

ഡല്‍ഹിയുടെ വടക്കു-കിഴക്കൻ പ്രദേശമായ ദില്‍ഷദ് ഗാർഡനില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനുവേണ്ടി സംഘടിപ്പിച്ച പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ‘ജനങ്ങള്‍ക്ക് നല്ലത് ചെയ്യുന്നതിനുവേണ്ടി ദൈവം തന്നെ നേരിട്ട് ഭൂമിയിലേക്ക് അയച്ചു എന്നാണ് ബി.ജെ.പിയുടെ നേതാവ് പറയുന്നത്. എന്നാല്‍, അദ്ദേഹം ആകെ നല്ലത് ചെയ്യുന്നത് 22 പേർക്കുവേണ്ടി മാത്രമാണ്. പാവങ്ങള്‍ക്കുവേണ്ടി അദ്ദേഹം ഒന്നുംതന്നെ ചെയ്യുന്നില്ല’, രാഹുല്‍ പറഞ്ഞു.

അംബാനിയുടെയും അദാനിയുടെയും ആഗ്രഹങ്ങള്‍ പൂർത്തീകരിക്കുന്നതിനുവേണ്ടിയാണ് മോദി പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ സമ്ബാദ്യങ്ങളായ റെയില്‍വേയും തുറമുഖങ്ങളും വിമാനത്താവളങ്ങളുമെല്ലാം അവർ അദാനിക്ക് നല്‍കിക്കഴിഞ്ഞു. അതേസമയം, പാവപ്പെട്ടവർ ലോണോ റോഡുകളോ ആശുപത്രികളോ നല്ല വിദ്യാഭ്യാസമോ എന്തൊക്കെ ചോദിച്ചാലും മോദി ഒന്നും ചെയ്യില്ല. ദൈവം നേരിട്ട് അയച്ച ഒരാള്‍ സമ്ബന്നർക്കുവേണ്ടി മാത്രം നല്ലത് ചെയ്യുന്നത് വിചിത്രമായ കാര്യമാണ്, രാഹുല്‍ പരിഹസിച്ചു.

ഇന്ത്യയുടെ ഭരണഘടന വലിച്ചുകീറിക്കളയും എന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്. അവർ ഒരിക്കലും നമ്മുടെ ഭരണഘടനയെയോ ഇന്ത്യൻ പതാകയേയോ അംഗീകരിച്ചിട്ടില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അവർ അത് തുറന്ന് സമ്മതിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍, നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാൻകൂടിയുള്ളതാണ് ഈ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ വിജയം. ആയിരത്തോളം വർഷം പഴക്കമുള്ള നമ്മുടെ പൈതൃകത്തിന്റെ അടയാളമാണ്, ഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്റുവിന്റെയും ഒക്കെ ജനക്ഷേമപരമായ ആശയങ്ങളുടെ സംഹിതയാണ് നമ്മുടെ ഭരണഘടന. അത് വെറുമൊരു പുസ്തകമല്ല. അതുകൊണ്ടുതന്നെ ഭരണഘടനയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്, രാഹുല്‍ പറഞ്ഞു.

എനിക്ക് ബി.ജെ.പിയോട് പറയാനുള്ളത് ഇതാണ്- അത്ര എളുപ്പത്തില്‍ ഭരണഘടനയെ ഇല്ലാതാക്കാൻ നിങ്ങള്‍ക്കാവില്ല. നിങ്ങള്‍ അതിന് തയ്യാറാവുകയാണെങ്കില്‍ ഞങ്ങളെയും ഇന്ത്യയിലെ കോണിക്കണക്കിന് ജനങ്ങളെയും മറികടന്നേ നിങ്ങള്‍ക്കത് ചെയ്യാനാവൂ, രാഹുല്‍ ഗാന്ധി പറഞ്ഞു.

മെയ് 25-നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ പരസ്യപ്രചരണത്തിന്റെ സമയം അവസാനിക്കും. അതിനുമുമ്ബായി അവസാനഘട്ട പ്രചാരണ പരിപാടികളില്‍ വ്യാപൃതരായിരിക്കുകയാണ് കോണ്‍ഗ്രസ്, ബി.ജെ.പി. സ്ഥാനാർഥികളും നേതാക്കളും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍ നടക്കുക.

RELATED ARTICLES

STORIES

Most Popular