Saturday, July 27, 2024
HomeKeralaകേരളത്തെ ഇല്ലാത്ത പ്രളയത്തില്‍ മുക്കി രാജീവ് ചന്ദ്രശേഖര്‍; ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനവും

കേരളത്തെ ഇല്ലാത്ത പ്രളയത്തില്‍ മുക്കി രാജീവ് ചന്ദ്രശേഖര്‍; ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനവും

തിരുവനന്തപുരം: കേരളത്തെ ഇല്ലാത്ത പ്രളയത്തില്‍ മുക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക് പോസ്റ്റ്.

പ്രളയത്തില്‍ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും കേന്ദ്രമന്ത്രിയുടെ ഫേസ്ബുക് കുറിപ്പിലുണ്ട്. എന്നാല്‍ നെറ്റിസണ്‍സ് ഏറ്റുപിടിച്ചതോടെ രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിൻവലിച്ചു. കേരളത്തില്‍ പ്രളയമില്ലെന്നും എവിടെ നിന്നാണ് ഈ വിവരം ലഭിച്ചതെന്നുമാണ് നെറ്റിസണ്‍സിന്റെ ചോദ്യം.

കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളും പരിഹാസവും ഉയർന്നിട്ടുണ്ട്. പോസ്റ്റ് പിൻവലിച്ചെങ്കിലും ഇതിന്റെ സ്ക്രീൻ ഷോട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്നും താങ്കളുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസില്‍ പോലും കേരളത്തില്‍ പ്രളയമുള്ളതായി റിപ്പോര്‍ട്ട് ചെയതിട്ടില്ലെന്നും ആളുകള്‍ കമന്റ് ചെയ്തു.

കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. അപകടത്തില്‍ പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.’-എന്നുമാണ് കേന്ദ്രമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇംഗ്ലീഷിലും ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളത്തില്‍ മഴക്കെടുതി രൂക്ഷമാണ്. എന്നാല്‍ അത് പ്രളയമായി മാറിയിട്ടില്ല. കൊച്ചിയില്‍ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. അതേസമയം, കേന്ദ്ര മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന തരത്തിലുള്ള അപകടങ്ങളോ മരണങ്ങളോ ഈ മഴക്കെടുതിയില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതിനിടെ കേന്ദ്രമന്ത്രിയെ പരിഹസിച്ച്‌ മന്ത്രി വി. ശിവൻകുട്ടിയും രംഗത്തുവന്നു. ‘താങ്കള്‍ ഇപ്പോള്‍ കണ്ടത് 2018 സിനിമയാണ്. തെരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടക്ക് ഇങ്ങോട്ടു വന്നാല്‍ ബോധം പോകാതെ രക്ഷപ്പെടാം.’-എന്നായിരുന്നു ഫേസ്ബുക് പോസ്റ്റിലൂടെ ശിവൻ കുട്ടിയുടെ പരിഹാസം.

RELATED ARTICLES

STORIES

Most Popular