Saturday, July 27, 2024
HomeIndiaഫാഷൻ ഡിസൈനറുടെ കൊലപാതകം; കാണ്‍പൂര്‍ ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥിയായ 45കാരന് ജീവപര്യന്തം ശിക്ഷ

ഫാഷൻ ഡിസൈനറുടെ കൊലപാതകം; കാണ്‍പൂര്‍ ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥിയായ 45കാരന് ജീവപര്യന്തം ശിക്ഷ

ക്നൌ: മുംബൈ സ്വദേശിയായ ഫാഷൻ ഡിസൈനറുടെ കൊലപാതകത്തില്‍ കാണ്‍പൂർ ഐഐടിയിലേയും ലക്നൌ ഐഐഎമ്മിലേയും പൂർവ്വ വിദ്യാർത്ഥിയായ 45കാരന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി.

ലക്നൌവ്വിലെ സിബിഐ പ്രത്യേക കോടതിയാണ് 45 കാരന് ശിക്ഷ വിധിച്ചത്. 2008ല്‍ നടന്ന കൊലപാതക കേസിലാണ് ഒടുവില്‍ വിധി വരുന്നത്.

2008ല്‍ 35 കാരനായ ആദേശ് ബാജ്പേയി എന്ന ഫാഷൻ ഡിസൈനറെയാണ് രാഹുല്‍ വർമ എന്ന ഐഐടി, ഐഐഎം പൂർവ്വ വിദ്യാർത്ഥി ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അന്വേഷണം വഴി തെറ്റിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് രാഹുല്‍ വർമയ്ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. കേസില്‍ ജാമ്യം നേടിയിരുന്ന രാഹുലിനെ ബുധനാഴ്ച സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. രാഹുലിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞതിന് പിന്നാലെ ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു. 2010ലാണ് കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. അലഹബാദ് ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയായിരുന്നു ഇത്.

മകനെ കാണാനില്ലെന്ന പരാതിയുമായി സൂര്യ കാന്ത് ബാജ്പേയി എന്നയാള്‍ 2008 ഓഗസ്റ്റ് 20നാണ് പൊലീസില്‍ പരാതി നല്‍കിയത്. കാൻപൂരിലേക്ക് ബിസിനസ് ആവശ്യങ്ങള്‍ക്കായി പോയ മകനെ കാണാനില്ലെന്നായിരുന്നു സൂര്യകാന്ത് പരാതിപ്പെട്ടത്. അന്വേഷണത്തില്‍ കാൻപൂരിലെത്തിയ ആദേശ് ബന്ധുവായ യുവാവിനെ കണ്ടതായും പൊലീസ് കണ്ടെത്തി. ബന്ധുവായ യുവാവ് ആദേശിനെ സുഹൃത്തിന്റെ അടുക്കല്‍ വിട്ടതായി മൊഴി നല്‍കി. ആദേശിന്റെ ഫോണ്‍ വിളികളെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ രാഹുല്‍ വർമയിലേക്ക് അന്വേഷണം നീണ്ടത്. എന്നാല്‍ ആദേശിനെ പരിചയം ഇല്ലെന്നായിരുന്നു രാഹുല്‍ മൊഴി നല്‍കിയത്.

ഇതിന് പിന്നാലെ 2008 ഓഗസ്റ്റ് 23ന് ഐഐടി കാണ്‍പൂർ ക്യാംപസില്‍ നിന്ന് തലയോട്ടിയും എല്ലുകളും കണ്ടെത്തി. ആസിഡ് ഒഴിച്ച്‌ കത്തിച്ച നിലയിലായിരുന്നു ഇവയുണ്ടായിരുന്നത്. ഫോറൻസിക് ലാബിലേക്ക് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചെങ്കിലും ഈ പരിശോധന പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തലയോട്ടിയും എല്ലുകളും ഹൈദരബാദിലേക്ക് അയച്ച്‌ നടത്തിയ പരിശോധനയിലാണ് കാണാതായ യുവാവിന്റേതാണെന്ന് സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ ആദേശിന്റെ ഇമെയിലുകളില്‍ സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയാണ് രാഹുലിനെതിരായ സുപ്രധാന തെളിവുകള്‍ നല്‍കിയത്.

സ്വവർഗ ലൈംഗിക ചിന്താഗതിയുള്ള ചില ഗ്രൂപ്പുകളിലൂടെ ഇവർ തമ്മില്‍ പരിചയമുണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതിന് പിന്നാലെയാണ് തെളിവുകളോടെ 2012ലാണ് രാഹുലിനെ കേസില്‍ അറസ്റ്റ് ചെയ്തത്. ആദേശ് മെയിലുകളില്‍ സൂക്ഷിച്ചിരുന്ന രാഹുലിന്റെ ചിത്രങ്ങളാണ് കേസ് അന്വേഷണത്തിന്റെ ഗതി തന്നെ മാറ്റിയത്.

RELATED ARTICLES

STORIES

Most Popular