Saturday, July 27, 2024
HomeKeralaവിദ്യാവാഹന്‍ ആപ്പ് തടസമാകുന്നു; ഫിറ്റ്‌നസ് ലഭിക്കാതെ സ്‌കൂള്‍ ബസുകള്‍

വിദ്യാവാഹന്‍ ആപ്പ് തടസമാകുന്നു; ഫിറ്റ്‌നസ് ലഭിക്കാതെ സ്‌കൂള്‍ ബസുകള്‍

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ വിദ്യാവാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകാതെ സ്‌കൂള്‍ ബസുകള്‍.

യാത്ര ചെയ്യുന്ന കുട്ടികളുടെ വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്താത്ത വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നല്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നിലപാടെടുത്തതോടെ നിരവധി കുട്ടികള്‍ക്ക് വാഹന സൗകര്യം നിഷേധിക്കപ്പെടുമെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. മോട്ടോര്‍ വാഹന വകുപ്പ് നിലപാടു കടുപ്പിച്ചതോടെ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ച സ്‌കൂള്‍ അധികൃതര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനും സാധിക്കുന്നില്ല. സെര്‍വര്‍ തകരാറാകുന്നതാണ് പ്രശ്‌നമെന്നും ശേഷി വര്‍ധിപ്പിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍.

ആപ്പില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ ടെസ്റ്റിനെത്തിയപ്പോള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിരസിച്ച്‌ നിരവധി വാഹനങ്ങളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തിരിച്ചയച്ചത്. സ്‌കൂള്‍ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ച്‌ സുരക്ഷാ മിത്ര സോഫ്റ്റ് വെയറുമായി ടാഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ നിജപ്പെടുത്തിയ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ച്‌ വിദ്യാവാഹന്‍ ആപ്പില്‍ കുട്ടികളുടെ വിശദാംശങ്ങളും രേഖപ്പെടുത്തിയാലേ ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുക്കാനാകൂ. നടപടികളെല്ലാം പൂര്‍ത്തിയായാലും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഫിറ്റ്‌നസ് ടെസ്റ്റ്.

സ്‌കൂള്‍ തുറക്കുന്നതിനു മുമ്ബ് ഇനി 28നും 31നും മാത്രമാണ് ടെസ്റ്റുണ്ടാകുക. ഫിറ്റ്‌നസ് നേടാനായില്ലെങ്കില്‍ മൂന്നിനു സ്‌കൂള്‍ തുറക്കുമ്ബോള്‍ മുതല്‍ പല ബസുകളും ഓടിക്കാനാകില്ല.

സ്‌കൂള്‍ ബസില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂളുകള്‍ക്ക് രണ്ടു വര്‍ഷം മുമ്ബുതന്നെ നിര്‍ദേശം നല്കിയിരുന്നു. എന്നാല്‍ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ വര്‍ഷം തന്നെ പൂര്‍ത്തിയാക്കിയവര്‍ക്കും ആപ്പ് പ്രവര്‍ത്തനരഹിതമാണെന്നാക്ഷേപമുണ്ട്. യാത്രയ്‌ക്കിടെ കുട്ടികള്‍ എവിടെയാണെന്ന് സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും അറിയാനാകുമെന്നായിരുന്നു ആപ്പ് അവതരിപ്പിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പറഞ്ഞ സേവനങ്ങളൊന്നും ലഭ്യമല്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കൂടാതെ സ്‌കൂള്‍ തുറന്ന് ക്ലാസുകള്‍ തുടങ്ങിയാലേ സ്‌കൂള്‍ ബസില്‍ പോകുന്ന കുട്ടികളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനാകൂ.

അപ്രായോഗികം: കെപിഎസ്‌എംഎ

സ്‌കൂള്‍ തുറക്കുന്നതിന് മുമ്ബ് കുട്ടികളുടെ ലിസ്റ്റ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നത് പ്രായോഗികമല്ലെന്ന് കേരള പ്രൈവറ്റ് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ്.

ജൂണ്‍ മൂന്ന് മുതല്‍ ആഗസ്ത് വരെ പുതിയ കുട്ടികളെത്താന്‍ സാധ്യതയുണ്ട്. അപ്പോള്‍ കുട്ടികളുടെ എണ്ണം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിരസിക്കുന്നതു ന്യായീകരിക്കാനാകില്ല. സര്‍ക്കാര്‍ പിടിവാശിയില്‍ നിന്നു മാറണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

STORIES

Most Popular