Friday, June 21, 2024
HomeIndiaകണക്കുകൂട്ടലില്‍ ഡല്‍ഹി സ്ഥാനാര്‍ഥികളും

കണക്കുകൂട്ടലില്‍ ഡല്‍ഹി സ്ഥാനാര്‍ഥികളും

ധികാരകേന്ദ്രം ഡല്‍ഹിയായതിനാല്‍ കേന്ദ്രത്തിന്‍റെ മനസിനൊപ്പമാണ് എപ്പോഴും ഡല്‍ഹി. കേന്ദ്രത്തില്‍ ആരു വരുന്നോ അവരെ പിന്തുണയ്ക്കുന്നതാണ് ഡല്‍ഹിയുടെ ചരിത്രം.
വെള്ളവും വൈദ്യുതിയും സൗജന്യമായി നല്‍കിയ ആംആദ്മി പാർട്ടി സർക്കാർ അധികാരത്തില്‍ വന്നിട്ടും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പമായിരുന്നു ഡല്‍ഹി.

പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ കണക്കുകൂട്ടിയാണ് ഡല്‍ഹിയുടെ ജനവിധി വിലയിരുത്തുന്നത്. പോളിംഗ് നടക്കുന്ന നാളെ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. കനത്ത ചൂടിലും ഡല്‍ഹിയില്‍ പോളിംഗ് ഉയരുമെന്ന് ഡല്‍ഹി നിവാസികള്‍ പറയുന്നു.

മുഖ്യമന്ത്രി കേജരിവാളില്‍ ജനത്തിനു വിശ്വാസമുണ്ട്. വികസന, ക്ഷേമ പദ്ധതികളുടെ കാർഡ് എടുത്തെറിയാൻ സാധിക്കാത്ത ബിജെപി പാക്കിസ്ഥാനും മുസ്‌ലിം വിരുദ്ധ നിലപാടുമൊക്കെയാണ് എടുത്തിടുന്നത്.

ചർച്ചയായി പ്രാദേശിക വിഷയങ്ങളും

ദേശീയ വിഷയങ്ങള്‍ക്കൊപ്പം പ്രാദേശിക വിഷയങ്ങളും ഡല്‍ഹി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചർച്ചയാകുന്നുണ്ട്. നോർത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ മാലിന്യപ്രശ്നം വലിയ ചർച്ചയാണ്. സൗത്ത് ഡല്‍ഹിയില്‍ കുടിവെള്ള വിതരണമാണു പ്രശ്നം. ആംആദ്മി സർക്കാരിന്‍റെ പിടിപ്പുകേടായി ഇതിനെ ചിത്രീകരിക്കാൻ ബിജെപി നോക്കുന്നുണ്ടെങ്കിലും കേന്ദ്രത്തിന്‍റെ നോമിനിയായ ഗവർണറുടെ തീരുമാനമാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്.

ആംആദ്മി പാർട്ടി എംഎല്‍എ കുല്‍ദീപ് കുമാറാണ് ഈസ്റ്റ് ഡല്‍ഹിയിലെ ഇന്ത്യ സഖ്യം സ്ഥാനാർഥി. ജയിലില്‍ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ തട്ടകമാണ് ഈസ്റ്റ് ഡല്‍ഹി. അദ്ദേഹത്തിന്‍റെ സ്വാധീനവും ആംആദ്മി പാർട്ടിയുടെ ജനക്ഷേമ പദ്ധതികളും കുല്‍ദീപ് കുമാറിനെ പിന്തുണച്ചേക്കും.

ഉയർന്ന ഇന്ധന വിലയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ബിജെപിക്ക് തിരിച്ചടിയാകും. സാധരണക്കാർ അധികമായി വസിക്കുന്ന മണ്ഡലമാണ് ഈസ്റ്റ് ഡല്‍ഹി. സിറ്റിംഗ് എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന അർവീന്ദർ ലൗലിയെയാണ് ഗംഭീർ പരാജയപ്പെടുത്തിയത്. ഇക്കുറി ഗംഭീറിനു സീറ്റ് നല്‍കാതെ പാർട്ടി ജനറല്‍ സെക്രട്ടറി ഹർഷ് മല്‍ഹോത്രയാണ് ബിജെപി പരീക്ഷിക്കുന്നത്.

സ്വാതി മലിവാളും വോട്ടും

കേജരിവാളിന്‍റെ തിരിച്ചുവരവ് ബിജെപിക്ക് വൻ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. ഇതിനെ തിരിച്ചടിക്കാൻ ബിജെപി ഉയർത്തിയ ആരോപണമാണ് സ്വാതി മലിവാളിന്‍റെ കള്ളപ്രചാരണമെന്ന് ആംആദ്മി പാർട്ടി പറയുന്നു.

2019ല്‍ ത്രികോണ മത്സരം നടന്നപ്പോള്‍ മുഴുവൻ സീറ്റിലും ബിജെപിക്കായിരുന്നു വിജയം. ഇക്കുറി കോണ്‍ഗ്രസും എഎപിയും സഖ്യത്തിലാണ്. നാലു സീറ്റില്‍ എഎപിയും മൂന്നു സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കുന്നു. കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലും കേജരിവാളിന്‍റെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണം നടത്തി. രാഹുല്‍ ഗാന്ധിയും അവസാനനിമിഷം കളത്തിലിറങ്ങി. കേജരിവാളിന്‍റെ അറസ്റ്റിലുണ്ടായ സഹതാപതരംഗവും ബിജെപി വിരുദ്ധ നിലപാടും വോട്ടാകുമോയെന്ന് ജൂണ്‍ നാലിന് അറിയാം.

RELATED ARTICLES

STORIES

Most Popular