Saturday, July 27, 2024
HomeIndiaകാര്‍ത്തിക വിളക്ക് കളം വിടുമ്ബോള്‍

കാര്‍ത്തിക വിളക്ക് കളം വിടുമ്ബോള്‍

റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു എലിമിനേറ്ററില്‍ രാജസ്ഥാൻ റോയല്‍സിനോട് തോറ്റുപുറത്തായപ്പോള്‍ ഏറെ സങ്കടപ്പെട്ട രണ്ടുപേർ വിരാട് കൊഹ്‌ലിയും ദിനേഷ് കാർത്തികുമായിരിക്കും.

ഈ സീസണിന്റെ തുടക്കത്തില്‍ പ്ളേ ഓഫ് കാണാതെ ആദ്യം പുറത്താകുന്ന ടീം എന്ന് ഉറപ്പിച്ചിരുന്ന ആർ.സി.ബിയെ പ്ളേഓഫിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചവരാണ് ഇരുവരും. പക്ഷേ ക്ളബിനൊപ്പം കിരീ‌ടമുയർത്താൻ ഇരുവർക്കും കഴിഞ്ഞില്ല. ഐ.പി.എല്ലില്‍ മറ്റൊരു ടീമിലും കളിച്ചിട്ടില്ലാത്ത ആളാണ് വിരാട്. ദിനേഷ് കാർത്തിക് ആകട്ടെ ആർ.സി.ബി ഉള്‍പ്പടെ ആറു ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി കളിച്ച താരവും. ‌

ഈ സീസണോടെ താൻ ഐ.പി.എല്‍ അവസാനിപ്പിക്കുകയാണെന്ന് 39കാരനായ ദിനേഷ് കാർത്തിക് പറഞ്ഞിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ വിജയം നേടി സന്തോഷത്തോടെ കുപ്പായമഴിച്ചുവയ്ക്കാൻ കാർത്തികിന് കഴിഞ്ഞില്ല. 11 പന്തുകള്‍ ബാറ്റുചെയ്തെങ്കിലും 13 റണ്‍സ് മാത്രമാണ് കാർത്തികിന് നേടാനായത്.തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ആർ.സി.ബിയെ 200 കടത്താനും കളിയുടെ വിധിതന്നെ മാറ്റിമറിക്കാനും കഴിഞ്ഞേനെ. ഈ സീസണില്‍ 13 ഇന്നിംഗ്സുകളില്‍ നിന്ന് രണ്ട് അർദ്ധസെഞ്ച്വറികളടക്കം 326റണ്‍സാണ് കാർത്തിക് ആകെ നേടിയത്. 187.35 ആണ് കാർത്തികിന്റെ സീസണ്‍ സ്ട്രൈക്ക് റേറ്റ്.

ദേശീയ ടീമില്‍ ധോണിയുടെ നിഴലില്‍ ഒതുങ്ങിപ്പോയിരുന്ന കാർത്തിക് തന്റെ കരിയറിന്റെ ഒടുവിലെ വർഷങ്ങളിലാണ് അവസാന ഓവറുകളില്‍ അടിച്ചുപറത്താനും മികച്ചരീതിയില്‍ വിക്കറ്റ് കീപ്പ് ചെയ്യാനും കഴിയുന്ന താരം എന്ന നിലയില്‍ ഇന്ത്യൻ ടീമില്‍ സ്ഥിരമായത്. അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ കമന്റേറ്ററായി പോയ കാർത്തിക് ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിലൂടെ 2022ലെ ട്വന്റി-20 ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തിയ അത്ഭുതകാഴ്ചയ്ക്കും ഇന്ത്യൻ ആരാധകർ സാക്ഷ്യം വഹിച്ചിരുന്നു. ലോകകപ്പില്‍ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയാതിരുന്നതോടെ പിന്നീട് ദേശീയ ടീമിലെത്തിയിരുന്നില്ല. ഈ വരുന്ന ലോകകപ്പില്‍ കാർത്തികിന് സ്ഥാനമുണ്ടാകുമോയെന്ന ചോദ്യമുയർത്താൻ ശേഷിയുള്ളതായിരുന്നു ഈ സീസണിലും ആർ.സി.ബിക്ക് വേണ്ടിയുള്ള കാർത്തിക്കിന്റെ പ്രകടനം.

257

ഐ.പി.എല്‍ മത്സരങ്ങളിലാണ് കാർത്തിക് കളിച്ചത്. ധോണിക്ക് (264) പിന്നില്‍ ആകെ ഐ.പി.എല്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കാർത്തിക്കും രോഹിത് ശർമ്മയും.

174

പേരെ പുറത്താക്കുന്നതില്‍ വിക്കറ്റ് കീപ്പർ എന്ന നിലയില്‍ പങ്കാളിയായ ദിനേഷ് കാർത്തിക് ഇക്കാര്യത്തിലും ധോണിക്ക് (190) മാത്രം പിന്നില്‍.

4842

റണ്‍സാണ് ഐ.പി.എല്‍ കരിയറില്‍ ആകെ കാർത്തിക് നേടിയത്. 22 അർദ്ധസെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുണ്ട്.161 സിക്സുകളും 466 ഫോറുകളും പറത്തി.

6 ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി ( ഡല്‍ഹി ഡെയർഡെവിള്‍സ്, പഞ്ചാബ് കിംഗ്സ്,മുംബയ് ഇന്ത്യൻസ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു,കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്,ഗുജറാത്ത് ലയണ്‍സ്). കളിച്ച ആറ് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയും അർദ്ധസെഞ്ചറി നേടിയിട്ടുമുണ്ട്.

2

2008 മുതല്‍ ഐ.പി.എല്ലില്‍ കളിക്കുന്ന കാർത്തിക് 17 സീസണുകളിലായി ആകെ മിസാക്കിയത് രണ്ട് കളികള്‍ മാത്രം. 2008ല്‍ ഡല്‍ഹി ഒരു കളിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ 2023ലായിരുന്നു രണ്ടാമത്തെ വിട്ടുനില്‍ക്കല്‍.

RELATED ARTICLES

STORIES

Most Popular