Thursday, July 18, 2024
HomeKeralaസംസ്‌ഥാനത്ത്‌ വീണ്ടും ബാര്‍ കോഴയ്ക്ക് നീക്കം? മദ്യനയത്തിലെ ഇളവുകള്‍ക്കായി കോടികള്‍ പിരിച്ചുനല്‍കാൻ നിര്‍ദേശം; ശബ്ദസന്ദേശം പുറത്ത്

സംസ്‌ഥാനത്ത്‌ വീണ്ടും ബാര്‍ കോഴയ്ക്ക് നീക്കം? മദ്യനയത്തിലെ ഇളവുകള്‍ക്കായി കോടികള്‍ പിരിച്ചുനല്‍കാൻ നിര്‍ദേശം; ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച്‌ ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷൻ നേതാവ് അയച്ച ശബ്ദസന്ദേശം പുറത്തതായി.

ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാള്‍ രണ്ടര ലക്ഷം രൂപ നല്‍കണമെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ശബ്ദസന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് ബാർ ഉടമകള്‍ക്ക് അയച്ച വാട്സാപ്പ് സന്ദേശത്തില്‍ പറയുന്നു.

ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ സമയം കൂട്ടല്‍ അടക്കം ബാറുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകള്‍ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്തു വരുന്നത്. ”പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച്‌ കൊടുക്കാൻ പറ്റുന്നവർ നല്‍കുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യനയം വരും. അതില്‍ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം” എന്ന് ശബ്ദസന്ദേശത്തില്‍ പറയുന്നു.

ബാർ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേർന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്. ഇടുക്കിയില്‍ നിന്നും സംഘടനയില്‍ അംഗമായവരുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു. ശബ്ദരേഖ നിഷേധിക്കാതെ, പരിശോധിക്കണമെന്ന് പറഞ്ഞ് അനിമോൻ ഒഴിഞ്ഞുമാറി. കൊച്ചിയില്‍ ബാർ ഇടമകളുടെ യോഗം നടന്നുവെന്ന് സമ്മതിച്ച സംസ്ഥാന പ്രസിഡന്റ് വി.സുനില്‍ കുമാർ, പണപ്പിരിവിന് നിർദ്ദേശം നല്‍കിയിട്ടില്ലെന്നാണ് പ്രതികരിച്ചത്.

RELATED ARTICLES

STORIES

Most Popular