Saturday, July 27, 2024
HomeIndiaഡല്‍ഹി ഒപ്പത്തിനൊപ്പം

ഡല്‍ഹി ഒപ്പത്തിനൊപ്പം

കേന്ദ്രം ആര് ഭരിക്കുന്നുവോ അവർക്കൊപ്പം നില്‍ക്കുന്നതാണ് ഡല്‍ഹിയുടെ ചരിത്രം. ഇത് 1988 മുതല്‍ കണ്ടുവരുന്ന പാരമ്ബര്യമാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്ബ്, മോദി മൂന്നാമതും അധികാരത്തില്‍ എത്തുമെന്ന പ്രതീതി രാജ്യത്ത് ഉണ്ടായിരുന്നപ്പോള്‍ ഡല്‍ഹി ബി.ജെ.പിതന്നെ തൂത്തുവാരുമെന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നാല്‍, രാഷ്ട്രീയ സമവാക്യം മാറുകയും ബദ്ധവൈരികളായ ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും ഒന്നിക്കുകയും ചെയ്തതോടെ ഈസി വാക്കോവർ ഉണ്ടാവില്ലെന്ന് ബി.ജെ.പി തുറന്നുസമ്മതിക്കുന്നു.

2019ല്‍ ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി പാർട്ടി ത്രികോണ മത്സരത്തില്‍ ബി.ജെ.പി മുഴുവൻ സീറ്റുകളും തൂത്തുവാരുകയുണ്ടായി. എന്നാല്‍, ഇൻഡ്യ മുന്നണിയുടെ ഭാഗമായി ആം ആദ്മി പാർട്ടി നാലു സീറ്റിലും കോണ്‍ഗ്രസ് മൂന്നു സീറ്റിലും ഒരുമിച്ച്‌ മത്സരിക്കാൻ തീരുമാനിച്ചതും കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്നുണ്ടായ സഹതാപ തരംഗവുമാണ് വീണ്ടും തൂത്തുവാരാമെന്ന ബി.ജെ.പി പ്രതീക്ഷക്ക് മങ്ങലേറ്റത്. തുടക്കത്തില്‍ കല്ലുകടിയുണ്ടായിരുന്ന ആം ആദ്മി പാർട്ടി-കോണ്‍ഗ്രസ് സഖ്യം കെജ്രിവാളിന്റെ അറസ്റ്റോടെയാണ് കൂടുതല്‍ ദൃഢമായത്. ഇടക്കാല ജാമ്യം ലഭിച്ച്‌ പുറത്തുവന്ന കെജ്രിവാള്‍ പ്രചാരണരംഗത്ത് സജീവമായതും മോദിയെ കടന്നാക്രമിച്ചുള്ള പ്രചാരണരീതിയും ഇൻഡ്യ മുന്നണിക്ക് ഏറെ നേട്ടമുണ്ടാക്കി.

പാർട്ടിയിലെ തലമുതിർന്ന നേതാവ് ജെ.പി. അഗർവാള്‍ മത്സരിക്കുന്ന ചാന്ദ്നി ചൗക്, യുവ നേതാവ് കനയ്യകുമാർ മത്സരിക്കുന്ന നോർത്ത് ഈസ്റ്റ്, ദലിത് നേതാവ് ഉദിത് രാജ് മത്സരിക്കുന്ന നോർത്ത് വെസ്റ്റ് ഡല്‍ഹി എന്നീ മണ്ഡലങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ ചാന്ദ്നി ചൗക്കിലും നോർത്ത് ഈസ്റ്റിലും കോണ്‍ഗ്രസ് വിജയപ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. നാലിടത്ത് മത്സരിക്കുന്ന ആം ആദ്മി പാർട്ടിക്ക് ഈസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി മണ്ഡലങ്ങളിലാണ് വിജയപ്രതീക്ഷ.

ഏഴില്‍ ആറു പേരെയും മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കുന്ന ബി.ജെ.പിക്ക് മോദി ഫാക്ടറില്‍ മുഴുവൻ സീറ്റിലും വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര മന്ത്രിമാരായ ഹർഷ് വർധൻ, മീനാക്ഷി ലേഖി, ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം ഗൗതം ഗംഭീർ, വർഗീയപ്രസംഗങ്ങളില്‍ പേരുകേട്ട രമേശ് ബിധൂരി, പർവേശ് വർമ എന്നിവരെയാണ് മാറ്റിയത്. വീണ്ടും അവസരം ലഭിക്കാതെവന്നതോടെ ഹർഷ് വർധനും ഗൗതം ഗംഭീറും സജീവ രാഷ്ട്രീയത്തില്‍നിന്ന് പിൻമാറി. പാർട്ടി പ്രവർത്തകർക്കിടയില്‍ സ്വാധീനമുള്ള മറ്റു സിറ്റിങ് എം.പിമാർ സജീവമായി പങ്കെടുത്തിട്ടുമില്ല. ഇത് പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാള്‍ മുഖ്യമന്ത്രി കെജ്രിവാളിന്റെ വസതിയില്‍വെച്ച്‌ ആക്രമിക്കപ്പെട്ടെന്ന പരാതി ബി.ജെ.പി ആയുധമാക്കുന്നുണ്ടെങ്കിലും വോട്ടർമാരില്‍ വിഷയം ചർച്ചയായിട്ടില്ല.

45 ഡിഗ്രി കടന്ന ഡല്‍ഹിയിലെ താപനിലയും തുടർച്ചയായി ഒഴിവും വോട്ടിങ് ഏതുരീതിയില്‍ പ്രതിഫലിക്കുമെന്ന ഭയം ബി.ജെ.പിക്കും ഇൻഡ്യ മുന്നണിക്കുമുണ്ട്. വോട്ട് ചെയ്യുന്നതില്‍ പിന്നാക്കം നില്‍ക്കുന്നവരാണെന്ന ആക്ഷേപം ഡല്‍ഹിക്കാർക്ക് നേരത്തേ മുതലുണ്ട്. 2019ല്‍ 60.5 ശതമാനവും 2014ല്‍ 65.1 ശതമാനവും മാത്രമാണ് ഡല്‍ഹിയിലെ പോളിങ് നില.

RELATED ARTICLES

STORIES

Most Popular