Saturday, July 27, 2024
HomeAsiaറെയ്സിയുടെ മൃതദേഹം കബറടക്കി

റെയ്സിയുടെ മൃതദേഹം കബറടക്കി

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ച ഇറേനിയൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ മൃതദേഹം കബറടക്കി. അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ മഷ്ഹദ് നഗരത്തിലായിരുന്നു അന്ത്യകർമങ്ങള്‍.
ഷിയ ഇ‌‌സ്ലാമിലെ എട്ടാമത്തെ ഇമാം ആയിരുന്ന ഇമാം റേസയെ കബറടക്കിയിരിക്കുന്ന തീർഥാടനകേന്ദ്രത്തിലാണു റെയ്സിക്കും അന്ത്യവിശ്രമം ഒരുക്കിയത്. ആദ്യമായിട്ടാണ് ഒരു രാഷ്‌ട്രീയ നേതാവിനെ ഇവിടെ കബറടക്കുന്നത്.

ഞായ‍റാഴ്ച അസർബൈജാൻ അതിർത്തിയോടു ചേർന്ന് ഹെലികോപ്റ്റർ തകർന്നാണു റെയ്സിയും വിദേശകാര്യമന്ത്രി ഹുസൈൻ അബ്ദുള്ളാഹിയാനും അടക്കം എട്ടു പേർ കൊല്ലപ്പെട്ടത്. മൃതദേഹങ്ങളുമായി തലസ്ഥാനമായ ടെഹ്റാനിലടക്കം നടന്ന വിലാപയാത്രകളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. അതേസമയം, 2020ല്‍ അമേരിക്കൻ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനറല്‍ സുലൈമാനിയുടെ കബറടക്കത്തിനെത്തിയ അത്രയും ആളുകള്‍ പ്രസിഡന്‍റ് റെയ്സിയുടെ അന്ത്യകർമങ്ങളില്‍ പങ്കെടുത്തില്ലെന്നാണു റിപ്പോർട്ട്.

ഇറേനിയൻ ജനതയിലെ ഒരു വിഭാഗത്തിനു റെയ്സിയോടുള്ള എതിർപ്പാകാം ഇതിനു കാരണം. മഹ്സ അമിനിയുടെ മരണത്തിനു പിന്നാലെയുണ്ടായ ഹിജാബ് പ്രക്ഷോഭത്തെ അടിച്ചമർത്തിയതും പതിറ്റാണ്ടുകള്‍ക്കു മുന്പ് അയ്യായിരത്തിലധികം രാഷ്‌ട്രീയത്തടവുകാരെ വധശിക്ഷയ്ക്കു വിധിച്ച കൗണ്‍സിസില്‍ അംഗമായിരുന്നതും റെയ്സിയുടെ സ്വീകാര്യത കുറച്ച ഘടകങ്ങളാണ്.
വിദേശകാര്യമന്ത്രി അബ്ദുള്ളാഹിയാന്‍റെ മൃതദേഹം ടെഹ്റാനു പുറത്താണു കബറടക്കിയത്.

RELATED ARTICLES

STORIES

Most Popular