Tuesday, June 25, 2024
HomeKeralaപാര്‍ട്ടിപത്രത്തിന്‍റെ വരിക്കാരായില്ല; കുടുംബശ്രീ കഫേ അടച്ചുപൂട്ടിച്ചു

പാര്‍ട്ടിപത്രത്തിന്‍റെ വരിക്കാരായില്ല; കുടുംബശ്രീ കഫേ അടച്ചുപൂട്ടിച്ചു

ത്തനംതിട്ട: പാർട്ടിപത്രം എടുത്തില്ലെന്ന കാരണത്താല്‍ പത്തു വർഷത്തിലധികമായി മലയാലപ്പുഴയില്‍ പ്രവർത്തിച്ചുവന്ന കുടുംബശ്രീ ഹോട്ടല്‍ സിപിഎം നേതാക്കള്‍ അടച്ചുപൂട്ടിച്ചു.
കോവിഡ് കാലത്ത് അടക്കം നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ മലയാലപ്പുഴയിലെ മൗണ്ട് ഇൻ കഫേക്കാണ് പൂട്ടു വീണത്. ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് ഹോട്ടല്‍ നടത്തിയിരുന്ന ആറു വനിതകള്‍ ഇതോടെ പെരുവഴിയിലായി.

ആറു കുടുംബശ്രീ പ്രവർത്തകർ ചേർന്ന് പത്തു വർഷം മുന്പ് ആരംഭിച്ച കുടുംബശ്രീയുടെ മൗണ്ട് ഇൻ കഫേ കെടിഡിസിയുടെ മലയാലപ്പുഴയിലുള്ള അമിനിറ്റി സെന്‍ററിലാണ് പ്രവർത്തിച്ചുവന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സില്‍ അധികൃതർ മുന്നറിയിപ്പില്ലാതെ ഇവരോട് കെട്ടിടത്തില്‍നിന്ന് ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു. ആറന്മുള, വടശേരിക്കര, കുളനട എന്നിവിടങ്ങളിലെ അമിനിറ്റി സെന്‍ററുകള്‍ കാടുപിടിച്ച്‌ നാശത്തിന്‍റെ വക്കിലായിരിക്കുമ്ബോഴും മലയാലപ്പുഴയിലേത് നല്ലനിലയില്‍ പ്രവർത്തിക്കുകയായിരുന്നു.

2014ല്‍ ജില്ലയിലെ ഏറ്റവും നല്ല സിഡിഎസായി തെരഞ്ഞെടുക്കപ്പെട്ട ഈ കുടുംബശ്രീ ഗ്രൂപ്പിന്‍റെ വിജയഗാഥ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുടുംബശ്രീയുടെ നാടക ട്രൂപ്പായ രംഗശ്രീയുടെ പരിശീലനത്തിനടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കിനല്‍കിയിരുന്നതും മൗണ്ട് ഇൻ കഫേ പ്രവർത്തകരാണ്. പൂട്ടു വീണതോടെ ലോണെടുത്ത് വാങ്ങിയ എസി അടക്കമുള്ള ഉപകരണങ്ങള്‍ നശിച്ചുപോകുകയും വായ്പ മുടങ്ങുകയും ചെയ്തിരിക്കുകയാണ്.

ഹോട്ടലില്‍ ഇപ്പോള്‍ ഒരു പാർട്ടിപത്രം വരുത്തുണ്ട്. ഇതുകൂടാതെ ഓരോ അംഗവും ഒരു വർഷത്തേക്ക് പത്രത്തിന്‍റെ വരിക്കാരാകണമെന്നും തുക മുൻകൂട്ടി അടയ്ക്കണമെന്നും പ്രാദേശിക സിപിഎം നേതാക്കള്‍ ഹോട്ടലില്‍ എത്തി ആവശ്യപ്പെട്ടിരുന്നു. സാമ്ബത്തിക ബുദ്ധിമുട്ട് കാരണം അതിനു സാധിക്കില്ലെന്ന് അറിയിച്ചതിനെത്തുടർന്നാണ് കെടിഡിസി, കുടുംബശ്രീ അധികൃതരെക്കൊണ്ട് ഇത്രയും വേഗം തങ്ങളെ ഇറക്കിവിട്ടതെന്ന് ഹോട്ടല്‍ നടത്തിപ്പുകാരായിരുന്ന വനിതകള്‍ പറഞ്ഞു.

ഇറക്കിവിടുമെന്ന് നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നതായും കുടുംബശ്രീ വനിതകള്‍ പറഞ്ഞു. തങ്ങളെ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ ജില്ലാ മിഷനും ഡിടിപിസി അധികൃതർക്കും കത്ത് നല്‍കിയിരുന്നതായും അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായും കുടുംബശ്രീ വനിതകള്‍ പറഞ്ഞു. ഇതിനിടെ സിപിഎം നേതാക്കള്‍ ചേർന്ന് പാർട്ടി അനൂകൂലികളായ ചിലരെ ഹോട്ടല്‍ നടത്തിപ്പ് ചുമതലയേല്‍പ്പിച്ചതായും പറയുന്നു.

ഹോട്ടല്‍ നടത്തിപ്പിനായി ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വിവിധ ഫർണിച്ചറുകള്‍, പാത്രങ്ങള്‍, എസികള്‍, ഫ്രിഡ്ജ് എന്നിവ തുച്ഛമായ വിലയ്ക്കു വില്‍ക്കേണ്ടിവരുമെന്നും കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള തങ്ങളുടെ കുടുംബങ്ങളുടെ ഏക വരുമാനമാർഗം ഇല്ലാതായതുമൂലം ഭാവി അനിശ്ചിതത്വത്തിലായതായും ഇനി എന്തു ചെയ്യണമെന്നറിയില്ലെന്നും അവർ പറഞ്ഞു.

RELATED ARTICLES

STORIES

Most Popular