Saturday, July 27, 2024
HomeIndiaമാറ്റം വാഗ്ദാനം ചെയ്ത ആപ്പ് നേതൃത്വം ഖജനാവ് കൊള്ളയടിക്കുന്നവരായി: ബിജെപി

മാറ്റം വാഗ്ദാനം ചെയ്ത ആപ്പ് നേതൃത്വം ഖജനാവ് കൊള്ളയടിക്കുന്നവരായി: ബിജെപി

ന്യൂദല്‍ഹി: മാറ്റം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയവര്‍ ഒടുവില്‍ ഖജനാവ് കൊള്ളയടിക്കുന്നവരായെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആപ്പിനും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും ജയിലിലുള്ള മനീഷ് സിസോദിയക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് വാര്‍ത്താസമ്മേളനത്തിലുടനീളം സ്മൃതി ഇറാനി ഉയര്‍ത്തിയത്.

മാറ്റം വാഗ്ദാനം ചെയ്താണ് ആപ്പ് ഭരണത്തിലെത്തിയത്. എന്നാലിപ്പോള്‍ അവര്‍ അഴിമതി നടത്തി ജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരായി മാറി. മദ്യനയ അഴിമതി കേസില്‍ ദല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രിയും ആപ് നേതാവുമായ മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ച്‌ ദല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ആപ്പിന്റെ അഴിമതി വെളിപ്പെടുത്തുന്നതാണ്. ദല്‍ഹിയിലെ ജനങ്ങള്‍ ഇത് തിരിച്ചറിയണമെന്ന് സ്മൃതി പറഞ്ഞു.

മൂന്ന് സുപ്രധാന നിരീക്ഷണങ്ങളാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നടത്തിയതെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് മനീഷ് സിസോദിയ നൂറു കോടി രൂപയുടെ അഴിമതി നടത്തി. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചു. അഴിമതിയുടെ ഗുണഭോക്താക്കളില്‍ ആം ആദ്മി പാര്‍ട്ടിയുടെ മറ്റ് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഹൈക്കോടതി സ്ഥിരീകരിക്കുന്നു. മനീഷ് സിസോദിയക്ക് കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താനും സമ്മര്‍ദ്ദത്തിലാക്കാനും കഴിയുന്ന തരത്തില്‍ ഭരണപരവും രാഷ്‌ട്രീയപരവുമായ സ്വാധീനം ഉണ്ട്. ഇത്തരത്തില്‍ ഇടപെട്ട് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയതെന്നും അവര്‍ വ്യക്തമാക്കി.

സ്വയംപ്രഖ്യാപിത രാഷ്‌ട്രീയ പ്രവര്‍ത്തകരായി രംഗത്തെത്തിയ ആപ്പുകാര്‍ സേവനത്തിന്റെ മറവില്‍ അധികാരം പിടിച്ചെടുത്തു. പൊതുഖജനാവ് കൊള്ളയടിച്ചു. ഇത് എങ്ങനെ ചെയ്‌തെന്ന് തുറന്നുകാട്ടുകയാണ് ഹൈക്കോടതി ഉത്തരവെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. ബിജെപി മീഡിയ കണ്‍വീനര്‍ അനില്‍ ബലൂനി, കോ-കണ്‍വീനര്‍ ഡോ. സഞ്ജയ് മയൂഖ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED ARTICLES

STORIES

Most Popular