Saturday, July 27, 2024
HomeIndiaപിൻഗാമിയാക്കാൻ മോദിക്ക് താത്പര്യം ഷായെ, ഞാൻ രാജിവെച്ചാല്‍ അടുത്ത ലക്ഷ്യം പിണറായിയും മമതയും- കെജ്‌രിവാള്‍

പിൻഗാമിയാക്കാൻ മോദിക്ക് താത്പര്യം ഷായെ, ഞാൻ രാജിവെച്ചാല്‍ അടുത്ത ലക്ഷ്യം പിണറായിയും മമതയും- കെജ്‌രിവാള്‍

ന്യൂഡല്‍ഹി: രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അവർ ആദ്യം ഹേമന്ത് സോറനേയും പിന്നീട് തന്നെയും അറസ്റ്റ് ചെയ്തു.

കെജ്രിവാളിനെ കള്ളക്കേസില്‍ കുടുക്കിയാല്‍ ആരെ വേണമെങ്കിലും കള്ളക്കേസില്‍ കുടുക്കാമെന്ന സന്ദേശമാണ് ബി.ജെ.പി സർക്കാർ നല്‍കുന്നതെന്നും ദ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

താൻ ഇന്ന് രാജിവെച്ചാല്‍ പിണറായി വിജയന്റേയും മമതാ ബാനർജിയുടേയും സർക്കാരുകളെ ബി.ജെ.പി താഴെയിറക്കും. ബി.ജെ.പി എവിടെ തോല്‍ക്കുന്ന സാഹചര്യമുണ്ടായാലും, മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തുകൊണ്ട് അവർ സർക്കാരിനെ അസ്ഥിരമാക്കും. ഇതിനെതിരേ ശക്തമായി പോരാടേണ്ടതുണ്ട്. അവർ ജനാധിപത്യത്തെ തുറങ്കിലടയ്ക്കുകയാണെങ്കില്‍ ജനാധിപത്യം ജയിലിനകത്ത് നിന്നുകൊണ്ട് പ്രവർത്തിക്കും.

മൂന്നാം വട്ടവും മോദി അധികാരത്തിലേറിയാല്‍ അവർ ഭരണഘടന തിരുത്തും. രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങും. ഒന്നുകില്‍ തിരഞ്ഞെടുപ്പ് നടക്കാതിരിക്കും. മറിച്ചാണെങ്കില്‍, റഷ്യൻ മാതൃകയിലായിരിക്കും തിരഞ്ഞെടുപ്പെന്നും പ്രതിപക്ഷാംഗങ്ങളെ ജയിലിലടയ്ക്കുന്ന പുതിൻ സർക്കാരിനെ ചൂണ്ടിക്കാട്ടി കെജ്രിവാള്‍ പറഞ്ഞു.

മുഴുവൻ പ്രതിപക്ഷത്തേയും ബി.ജെ.പി ജയിലിലടയ്ക്കുകയും അവർക്ക് വോട്ട് കിട്ടുന്നത് തുടരുകയും ചെയ്യും. അവർ തന്നേയും സിസോദിയയേയും ജയിലിലടച്ചു. കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ആം ആദ്മി പാർട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായിരിക്കും അടുത്ത നീക്കം. എൻ.സി.പിയെ രണ്ടായി പിളർത്തി. ശിവസേനയെ പിളർത്തി അവരുടെ ചിഹ്നം നഷ്ടപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ പ്രതിപക്ഷം ഏത് രീതിയിലാണ് പോരാടുന്നതെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാൻ പോലും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മോദിയോട് വിരമിക്കരുതെന്ന് അമിത് ഷായും മറ്റ് പല നേതാക്കളും അഭ്യർഥിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം മോദി സ്ഥിരീകരിച്ചിട്ടില്ല. മോദി അടുത്ത വർഷം വിരമിക്കുമെന്നാണ് കരുതുന്നത്. അമിത് ഷായെ പിൻഗാമിയാക്കാനാണ് അദ്ദേഹത്തിന് താത്പര്യം. എന്നാല്‍, ബി.ജെ.പിയില്‍ ഇക്കാര്യത്തില്‍ എതിർപ്പുണ്ട്’, കെജ്രിവാള്‍ പറഞ്ഞു.

RELATED ARTICLES

STORIES

Most Popular