Saturday, July 27, 2024
HomeKeralaപിരിവ് കെട്ടിട നിര്‍മാണത്തിന്, അനിമോൻ സസ്പെൻഷനില്‍; ബാര്‍ കോഴ ആരോപണം തള്ളി ബാറുടമകളുടെ സംഘടന

പിരിവ് കെട്ടിട നിര്‍മാണത്തിന്, അനിമോൻ സസ്പെൻഷനില്‍; ബാര്‍ കോഴ ആരോപണം തള്ളി ബാറുടമകളുടെ സംഘടന

തിരുവനന്തപുരം: മദ്യനയത്തിന് ഇളവുനല്‍കാൻ സംസ്ഥാന സർക്കാരിന് കോഴ നല്‍കാൻ പിരിവെടുത്തെന്ന ആരോപണം തള്ളി ബാറുടമകളുടെ സംഘടന.

കഴിഞ്ഞ ഏഴു വർഷത്തിനിടെ തങ്ങള്‍ ഒരു പിരിവും നടത്തിയിട്ടില്ല. അംഗങ്ങളോട് പണം ആവശ്യപ്പെട്ടത് കെട്ടിട നിർമാണത്തിന് ആവശ്യമായ ഫണ്ടിന് വേണ്ടിയാണെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷൻ പ്രസിഡന്റ് സുനില്‍ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

താൻ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്ബോള്‍ കേരളത്തില്‍ ബാറുകള്‍ നിരോധിച്ചിരിക്കുകയായിരുന്നു. പിന്നീട്, എല്‍.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോള്‍ ബാർ തുറന്നുതന്നു. അന്ന് ഇത്തരത്തില്‍ ഒരു ആരോപണവും ഇല്ലായിരുന്നു. അതിനുശേഷം കോവിഡ് വന്നു. അന്നും വ്യവസായം കുഴപ്പമില്ലാതെ മുന്നോട്ട് പോകാനുള്ള സാഹചര്യം സർക്കാർ അനുവദിച്ചു. ആ കാലയളവില്‍ രണ്ട് തിരഞ്ഞെടുപ്പുകളുമുണ്ടായിരുന്നു. എന്തെങ്കിലും ചെയ്യണമായിരുന്നെങ്കില്‍ ബാർ തുറന്നു നല്‍കിയ സാഹചര്യത്തിലായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ഇപ്പോള്‍ കേരളത്തില്‍ 820-ഓളം ഹോട്ടലുകളുണ്ട്. ഒരു ഹോട്ടല്‍ പോലും ലൈസൻസ് നേടാൻ പണം നല്‍കിയതായി തന്റെ അറിവിലില്ല. 650 അംഗങ്ങളാണ് ഈ സംഘടനയിലുള്ളത്. സംഘടനയ്ക്കായി തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാല്‍, എറണാകുളത്ത് ഒരു ഓഫിസ് ഉള്ളതുകൊണ്ട് തിരുവനന്തപുരത്ത് ഓഫിസ് വേണ്ട എന്ന് അഭിപ്രായമുള്ള ചിലർ സംഘടനയിലുണ്ടായിരുന്നു. ഇതോടെ രണ്ട് തവണ തീരുമാനിച്ചിട്ടും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്നാം തവണ തീരുമാനം നടപ്പാക്കാൻ തന്നെ തീരുമാനിച്ചു.

സംഘടനയില്‍ 650 അംഗങ്ങളുണ്ടെങ്കിലും 450 അംഗങ്ങളില്‍നിന്നായി നാലരക്കോടിയോളം രൂപ മാത്രമാണ് ലഭിച്ചത്. ഒരു ലക്ഷം രൂപ വച്ചാണ് ഓരോ അംഗങ്ങളില്‍ നിന്നും വാങ്ങിയത്. ഈ കരാർ കാലാവധി തീരാൻ ഇനി 5-6 ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. 5 കോടി 60 ലക്ഷം രൂപയാണ് സ്ഥലം ഉടമയ്ക്ക് നല്‍കേണ്ടത്. റജിസ്ട്രേഷൻ ചിലവുകള്‍ക്കായി ഏകദേശം 60 ലക്ഷം രൂപയും വേണം. ഇതോടെ, പണം കണ്ടെത്തുന്നതിനായി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ രണ്ടര ലക്ഷം രൂപ വീതം സംസ്ഥാന കമ്മിറ്റിക്ക് വായ്പയായി നല്‍കണമെന്ന് ആവശ്യപ്പെട്ടു.

വായ്പ ആവശ്യപ്പെട്ടതിനോട് അനിമോൻ അടക്കമുള്ളവർ എതിർപ്പറിയിച്ചു. അദ്ദേഹം സംഘടനയെ പിളർത്താൻ കൊല്ലത്തും തൃശ്ശൂരുമുള്ള ആളുകളുമായി ചർച്ച നടത്തിയിട്ട് രണ്ട് മാസമായി. കഴിഞ്ഞ ദിവസം നടന്ന ചർച്ചയില്‍ അനിമോന്റെ സാന്നിധ്യത്തില്‍ത്തന്നെ ചർച്ച ചെയ്തു. തുടർന്ന്, അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു. അപ്പോള്‍ തന്നെ അദ്ദേഹം അവിടെ നിന്നും ഇറങ്ങിപ്പോയെന്നും സുനില്‍ കുമാർ കൂട്ടിച്ചേർത്തു.

RELATED ARTICLES

STORIES

Most Popular