Saturday, July 27, 2024
HomeKeralaപെരിയാറില്‍ മത്സ്യങ്ങള്‍ ചത്തസംഭവം: സബ് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി- മന്ത്രി രാജീവ്

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തസംഭവം: സബ് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി- മന്ത്രി രാജീവ്

കൊച്ചി: പെരിയാറില്‍മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ഫോർട്ട്കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്.

സബ് കളക്ടറോട് ശനിയാഴ്ച റിപ്പോർട്ട് നല്‍കാൻ നിർദ്ദേശിച്ചുണ്ടെന്നും മന്ത്രി അറിയിച്ചു.

മത്സ്യങ്ങള്‍ കൂട്ടത്തോടെ നശിക്കാനിടയായ സാഹചര്യം എന്തെന്ന് ലാബ് റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂ. മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടർ അതോറിറ്റി, ഫിഷറീസ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി. കൂടാതെ ഫിഷറീസ് യുണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച കമ്മിറ്റിയുടെ റിപ്പോർട്ടും പരിശോധിക്കും.

പെരിയാറില്‍ സംഭവിച്ചത് ഗൗരവമേറിയ കാര്യമാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഹ്രസ്വ, ദീർഘകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും. പാതാളം റെഗുലേറ്റർ ഷട്ടർ തുറന്നപ്പോഴാണ് ഇത് സംഭവിച്ചത്. എല്ലാ വശങ്ങളും പരിശോധിച്ച്‌ റിപ്പോർട്ട് നല്‍കാൻ സബ് കളക്ടറോട് നിർദേശിച്ചിട്ടുണ്ട്. സബ് കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ഉന്നതലതല സമിതി അന്വേഷിക്കും. ആരെങ്കിലും കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുകൃഷി ചെയ്ത മത്സ്യക്കർഷകർക്ക് ഉണ്ടായ നഷ്ടം സംബന്ധിച്ച്‌ ഫിഷറീസ് വകുപ്പ് നല്‍കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സർക്കാർതലത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കും. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള ദീർഘകാല നടപടി സ്വീകരിക്കും. ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ പഠനത്തിന്റെകൂടി അടിസ്ഥാനത്തിലാകും ഇത്.

ഇനിമുതല്‍ പാതാളം റഗുലേറ്റർ തുറക്കുന്നതിന് പ്രോട്ടോക്കോള്‍ തയ്യാറാക്കാൻ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇതിനായി മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, ഏലൂർ മുൻസിപ്പാലിറ്റി എന്നിവ ഉള്‍പ്പെട്ട സമിതി രൂപവത്കരിക്കാനും തീരുമാനിച്ചു. ഏലൂർ ഭാഗത്ത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുമതല ഉന്നതതല ഉദ്യോഗസ്ഥന് നല്‍കാൻ നിർദേശിച്ചു.

ഈ മേഖലയില്‍ ദുർഗന്ധം അനുഭവപ്പെടുന്നതു പരിഹരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തരമായി നടപടി സ്വീകരിക്കണം. ജൂലൈ 31-നകം എല്ലാ കമ്ബനികളിലും ബയോ ഫില്‍ട്ടർ സ്ഥാപിക്കണം. വ്യവസായ വകുപ്പും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. നാഷണല്‍ ഗ്രീൻ ട്രിബ്യൂണലിന്റെ നിർദേശം നടപ്പിലാക്കുന്നതിന് ഉന്നതതല യോഗം ചേരും.

പെരിയാർ സംരക്ഷിക്കാൻ ശാശ്വതമായ നടപടി സർക്കാർ സ്വീകരിക്കും. ഇതിനായി തിരുവനന്തപുരത്ത് ഉന്നതതല യോഗംചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കും. തുടർന്ന് പെരിയാർ പരിധിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ആക്ഷൻ പ്ലാൻ ചർച്ചചെയ്തു നടപ്പിലാക്കും.

പാതാളം റെഗുലേറ്ററിന്റെ മുകള്‍ഭാഗത്ത് പുഴയുടെ വലത് കരയില്‍ 1.2 കിലോമീറ്ററില്‍ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തില്‍ ഡയഫ്രം വാള്‍ സ്ഥാപിക്കും. ഇതോടൊപ്പം നിരീക്ഷണ പാതയും ഉണ്ടാകും. ഇവിടെ ഒരു മാസത്തിനകം റവന്യൂ വകുപ്പ് സർവേ നടപടികള്‍ പൂർത്തിയാക്കും. തുടർന്ന് ഇറിഗേഷൻ വകുപ്പ് വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരി ടി.സി.സി ഗസ്റ്റ് ഹൗസില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ സബ് കളക്ടർ കെ. മീര, എലൂർ നഗരസഭാ ചെയർമാൻ എ.ഡി സുജില്‍, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൻ എസ്. ശ്രീകല, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

STORIES

Most Popular