Saturday, July 27, 2024
HomeKeralaകാലത്തിനു മുൻപേ നടന്ന കാവലാള്‍; ഇന്ന് പണ്ഡിറ്റ് കെ.പി. കറുപ്പന്റെ 140-ാം ജന്മദിനം

കാലത്തിനു മുൻപേ നടന്ന കാവലാള്‍; ഇന്ന് പണ്ഡിറ്റ് കെ.പി. കറുപ്പന്റെ 140-ാം ജന്മദിനം

കൊടുങ്ങല്ലൂർ: ‘ഇക്കാണും ലോകങ്ങളീശ്വരന്റെ മക്കളാണെല്ലാമൊരു ജാതി, നീക്കിനിറുത്താമോ സമസൃഷ്ടിയെ ദൈവം നോക്കിയിരിപ്പല്ലേ?’അയിത്താചാരവും ജാതിമതാന്ധതകളും നിലനിന്നിരുന്ന കാലത്ത് പുരോഗമനാശയങ്ങള്‍ ഉയർത്തി നിരാലംബർക്കുവേണ്ടി പോരാടിയ നവോത്ഥാനനായകരില്‍ പ്രമുഖനായിരുന്ന കവിതിലകൻ പണ്ഡിറ്റ് കറുപ്പന്റെ വരികളാണിത്.

ചേരാനല്ലൂരില്‍ കണ്ടെത്തിപ്പറമ്ബില്‍ പാപ്പു എന്ന അത്തോപൂജാരിയുടെയും കൊച്ചുപെണ്ണിന്റെയും മകനായി 1885 മേയ് 24-ന് ജനിച്ച പണ്ഡിറ്റ് കെ.പി. കറുപ്പന്റെ 140-ാം ജന്മദിനമാണ് വെള്ളിയാഴ്ച.

പന്ത്രണ്ടാം വയസ്സില്‍ കൊടുങ്ങല്ലൂർ കോവിലകത്ത് സംസ്കൃതപഠനത്തിനായി എത്തുകയും ആനാപ്പുഴയില്‍ പി.സി. ശങ്കരനാശാന്റെ വസതിയില്‍ താമസിക്കുകയും ചെയ്ത കാലഘട്ടത്തിലാണ് ജാതി അനാചാരങ്ങള്‍ക്കെതിരേയുള്ള ആദ്യ കൃതിയായ ജാതിക്കുമ്മി പണ്ഡിറ്റ് കറുപ്പൻ പ്രസിദ്ധീകരിച്ചത്. കൊച്ചിയില്‍ പുലയ സമുദായ അംഗങ്ങള്‍ക്ക് യോഗം കൂടാൻ കൊച്ചിരാജാവ് അനുമതി നിഷേധിച്ചപ്പോള്‍ കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി കായല്‍സമ്മേളനം നടത്തി കൊച്ചി പുലയ മഹാസഭയ്ക്ക് രൂപം കൊടുക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. കൊച്ചി നിയമസഭാംഗം, നാട്ടുഭാഷാ സൂപ്രണ്ട്, ആദ്യ ഹരിജന ക്ഷേമബോർഡ് അംഗം, എറണാകുളം മഹാരാജാസ് കോളേജിലെ മലയാള വകുപ്പ് ആദ്യ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

1909-ല്‍ ആനാപ്പുഴയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച വായനശാല 115 വർഷത്തിനിപ്പുറം 40,000-ത്തോളം പുസ്തകങ്ങളും 1269 അംഗങ്ങളുമായി ഇപ്പോഴും പ്രവർത്തിക്കുന്നു. 1938 മാർച്ച്‌ 23-ന് 53-ാം വയസ്സിലായിരുന്നു പണ്ഡിറ്റ് കറുപ്പന്റെ അന്ത്യം.

RELATED ARTICLES

STORIES

Most Popular