Friday, June 21, 2024
HomeIndiaഡല്‍ഹിയില്‍ ഒറ്റ മൊഹല്ല ക്ലിനിക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന് ബി.ജെ.പി എം.പി; ക്ലിനിക്കും ഡോക്ടര്‍മാരും മരുന്നുമുണ്ടെന്ന് ആള്‍ക്കൂട്ടം-പൊളിച്ചടുക്കല്‍ ലൈവായി

ഡല്‍ഹിയില്‍ ഒറ്റ മൊഹല്ല ക്ലിനിക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന് ബി.ജെ.പി എം.പി; ക്ലിനിക്കും ഡോക്ടര്‍മാരും മരുന്നുമുണ്ടെന്ന് ആള്‍ക്കൂട്ടം-പൊളിച്ചടുക്കല്‍ ലൈവായി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി നേതാവിന്റെ കള്ളങ്ങള്‍ പൊളിച്ചടുക്കി നാട്ടുകാർ. ബി.ജെ.പിയുടെ തീപ്പൊരി പ്രഭാഷകയും ലോക്സഭാ എം.പിയുമായ നവനീത് കൗർ റാണയാണ് ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ലൈവായി ആള്‍ക്കൂട്ടത്തിനു മുന്നില്‍ നാണംകെട്ടത്.

ഡല്‍ഹിയിലെ മൊഹല്ല ക്ലിനിക്കിനെ കുറിച്ചായിരുന്നു എം.പിയുടെ വ്യാജ പ്രചാരണം.

ഡല്‍ഹിയില്‍ മൊഹല്ല ക്ലിനിക്കുകളെല്ലാം അടച്ചുപൂട്ടിയെന്നായിരുന്നു നവനീത് റാണയുടെ ഒരു വാദം. വാചകം പൂർത്തിയാക്കും മുന്നെ തന്നെ ആള്‍ക്കൂട്ടത്തില്‍നിന്നു പ്രതികരണവും വന്നു; ഇവിടെ മൊഹല്ല പ്രവർത്തിക്കുന്നുണ്ടെന്നു നാട്ടുകാർ. അതോടെ വാദം മാറ്റിപ്പിടിക്കാൻ നോക്കി ബി.ജെ.പി നേതാവ്. ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഡോക്ടർമാരെല്ലാം എവിടെ? ഒരിടത്തും ഡോക്ടർമാരില്ലെന്നായി നവനീത്. എന്നാല്‍, ആ വാദവും നാട്ടുകാർ പൊളിച്ചു. ഡോക്ടർമാര്‍ മാത്രമല്ല മരുന്നുമുണ്ടെന്നു തിരിച്ചടിച്ചു ജനം.

ആം ആദ്മി പാർട്ടി ഡല്‍ഹിയില്‍ നടപ്പാക്കിയ അഭിമാന പദ്ധതികളിലൊന്നാണ് മൊഹല്ല ക്ലിനിക്. സാധാരണക്കാർക്ക് അടിസ്ഥാന വൈദ്യ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന കേന്ദ്രങ്ങളാണിവ. ഡല്‍ഹിയില്‍ ഇത്തരത്തില്‍ 500ഓളം ക്ലിനിക്കുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഇവിടെനിന്ന് 450ഓളം മെഡിക്കല്‍ ടെസ്റ്റുകള്‍ സൗജന്യമായി നടത്താനാകും. നൂറു മുതല്‍ 300 വരെ ഫീ വരുന്ന ടെസ്റ്റുകള്‍ സ്വകാര്യ ലാബുകളില്‍നിന്നു നടത്തിയാല്‍ എ.എ.പി സർക്കാർ നിശ്ചിത തുക രോഗികള്‍ക്കു നല്‍കുകയും ചെയ്യും.

ഡല്‍ഹിയില്‍ എ.എ.പിയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും ജനപ്രീതി വർധിപ്പിച്ച പദ്ധതിക്കെതിരെ ബി.ജെ.പി നേരത്തെയും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇവ ഏറ്റുപിടിച്ചായിരുന്നു കഴിഞ്ഞ ദിവസം നവനീത് റാണ ഡല്‍ഹിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിച്ചത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ടുണ്ടാക്കിയ മൊഹല്ല ക്ലിനിക്കുകളൊന്നും ഇപ്പോള്‍ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു അവരുടെ വാദം. ഇതു മുന്നില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടം തന്നെ തത്സമയം തിരുത്തുന്ന കാഴ്ചയാണു കണ്ടത്. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

തെലുങ്ക് നടി കൂടിയായ നവനീത് കൗർ റാണ നിലവില്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍നിന്നുള്ള ബി.ജെ.പി എം.പിയാണ്. 2019ല്‍ ശിവസേനയുടെ ആനന്ദ്‌റാവുവിനെ 36,951 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പിച്ചാണ് പാർലമെന്റിലെത്തിയത്. ഇത്തവണയും നവനീതിനെയാണ് ബി.ജെ.പി മണ്ഡലത്തില്‍ മത്സരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ബല്‍വന്ത് ബസ്വന്ത് വാങ്കഡെയാണു പ്രധാന എതിരാളി. ഏപ്രില്‍ 26നു നടന്ന വോട്ടെടുപ്പില്‍ 60.74 ശതമാനം പോളിങ്ങാണു മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്.

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ക്കു പേരുകേട്ടയാള്‍ കൂടിയാണ് നവനീത് കൗർ റാണ. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ നടപടികളുമായി വിവാദം സൃഷ്ടിച്ചിരുന്നു. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നടന്ന ബി.ജെ.പി റാലിയില്‍ ‘ഹിന്ദു രാഷ്ട്രം’ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയായിരുന്നു ഒരിക്കല്‍ പ്രകോപനം. മറ്റൊരു പരിപാടിയില്‍ മുസ്‌ലിം പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്ബെയ്തും വിവാദം സൃഷ്ടിച്ചു. ഹൈദരാബാദില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ മത്സരിച്ച മറ്റൊരു തെലുങ്ക് നടി മാധവി ലതയും സമാനമായ അംഗവിക്ഷേപങ്ങളുമായി വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനു ചുവടുപിടിച്ചായിരുന്നു നവനീതിന്റെ നടപടിയും.

ഏറ്റവുമൊടുവില്‍ ഉവൈസി സഹോദരങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കിയും വാർത്തകളില്‍ നിറഞ്ഞു. ഹൈദരാബാദില്‍ പൊലീസിനെ 15 സെക്കൻഡ് ഡ്യൂട്ടിയില്‍നിന്നു മാറ്റിനിർത്തിയാല്‍ ഉവൈസിമാരെ തീർത്തുകളയുമെന്നായിരുന്നു ഭീഷണി. അസദുദ്ദീൻ ഉവൈസി, സഹോദരൻ അക്ബറുദ്ദീൻ ഉവൈസി എന്നിവരെ ലക്ഷ്യമിട്ടായിരുന്നു പ്രകോപന പരാമർശം. മാധവി ലതയുടെ പ്രചാരണ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം. പരാമര്‍ശങ്ങളില്‍ തെലങ്കാന പൊലീസ് നടിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

STORIES

Most Popular