Thursday, July 18, 2024
HomeIndiaഅപൂര്‍വ ഇന്ത്യൻ കറൻസികള്‍ ലണ്ടനില്‍ ലേലത്തിന്; നോട്ടുകള്‍ക്ക് പറയാനുള്ളത് 1918 ലെ കപ്പലാക്രമണത്തിന്റെ ചരിത്രം

അപൂര്‍വ ഇന്ത്യൻ കറൻസികള്‍ ലണ്ടനില്‍ ലേലത്തിന്; നോട്ടുകള്‍ക്ക് പറയാനുള്ളത് 1918 ലെ കപ്പലാക്രമണത്തിന്റെ ചരിത്രം

ന്യൂഡല്‍ഹി: 1918 ലെ കപ്പല്‍ ആക്രമണത്തെ അതിജീവിച്ച അപൂർവ ഇന്ത്യൻ നോട്ടുകള്‍ ലണ്ടനില്‍ ലേലത്തിന്. 10 രൂപയുടെ രണ്ട് ഇന്ത്യൻ കറൻസികളാണ് മെയ് 29 ന് നടക്കുന്ന ലേലത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ലോകത്തിലെ അപൂർവയിനം നോട്ടുകളുടെ ലേലത്തിലാണ് ഈ ഇന്ത്യൻ നോട്ടുകളും ഇടം പിടിച്ചിരിക്കുന്നത്.

1918 ല്‍ മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോയ എസ് എസ് ഷിരാല എന്ന കപ്പലിലെ നോട്ടുകളാണ് ലേലത്തിന് വച്ചിരിക്കുന്നത്. കപ്പലില്‍ നോട്ടുകള്‍ കൂടാതെ ആയുധശേഖരം, വൈൻ മുതലായ വസ്തുക്കളും ഉണ്ടായിരുന്നു. എന്നാല്‍ വഴിമധ്യേ ജർമ്മൻ യു-ബോട്ടിന്റെ മിസൈല്‍ ആക്രമണത്തില്‍ കപ്പല്‍ തകർന്ന് കടലില്‍ മുങ്ങുകയായിരുന്നു. അധികാരികള്‍ ഒപ്പിട്ടതും ഇടാത്തതുമായ ബാങ്ക് നോട്ടുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവയില്‍ വലിയൊരു ഭാഗവും കപ്പല്‍ തകർന്ന ഐറിഷ് തീരത്തടിഞ്ഞു. തുടർന്ന് അധികാരികള്‍ ഇവ വീണ്ടെടുത്ത് നശിപ്പിക്കുകയും പകരം പുതിയ നോട്ടുകള്‍ അച്ചടിക്കുകയും ചെയ്തു. 1918 മെയ് 25 ന് അച്ചടിച്ച ബാങ്ക് നോട്ടുകള്‍ ആയിരുന്നു ഇവ. നോട്ടുകള്‍ക്ക് തുടർച്ചയായ സീരിയല്‍ നമ്ബറുകള്‍ ഉണ്ടെന്നതും ഉപ്പു രസമുള്ള കടല്‍ വെള്ളവുമായി സമ്ബർക്കത്തില്‍ വന്നിട്ടും കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നുള്ളതും അധികൃതരെ അത്ഭുതപ്പെടുത്തുന്നു.

ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യയിലുണ്ടായിരുന്ന അപൂർവ 100 രൂപ നോട്ടും ലേലത്തിലുണ്ട്. കൊല്‍ക്കത്തയില്‍ അച്ചടിച്ച ഈ നോട്ടില്‍ തുക എത്രയാണെന്ന് ഹിന്ദി, ബംഗാളി ഭാഷകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലണ്ടനിലെ നൂനൻസ് മെയ്ഫെയർ ഓക്ഷൻ ഹൗസിലാണ് ലേലം നടക്കുന്നത്.

RELATED ARTICLES

STORIES

Most Popular