Saturday, July 27, 2024
HomeAsiaഹമാസ് തന്ത്രം മനസിലാക്കാതെ ഇസ്രായേല്‍; നിരവധി സൈനികര്‍ കെണിയില്‍ വീണു, ഐഡിഎഫ് പറയുന്നത്.

ഹമാസ് തന്ത്രം മനസിലാക്കാതെ ഇസ്രായേല്‍; നിരവധി സൈനികര്‍ കെണിയില്‍ വീണു, ഐഡിഎഫ് പറയുന്നത്.

ഗാസ സിറ്റി: ഏഴ് മാസം പിന്നിട്ട ഇസ്രായേല്‍-ഹമാസ് യുദ്ധം ഇപ്പോഴും ശക്തമായി തുടരുന്നു. ഇരുപക്ഷത്തിനും വ്യക്തമായ മേല്‍ക്കോയ്മ നേടാന്‍ സാധിച്ചിട്ടില്ലെന്നിരിക്കെ, യുദ്ധ വിരാമത്തിനുള്ള ചര്‍ച്ചകളും ഫലം കണ്ടിട്ടില്ല.

അടുത്താഴ്ച മുതല്‍ പുതിയ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് വിവരം. അതിനിടെയാണ് ഇസ്രായേല്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നേരിടുന്നുവെന്ന പുതിയ വാര്‍ത്ത വന്നിരിക്കുന്നത്.

ഹമാസിനെ തുരത്തിയെന്ന് നേരത്തെ ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിരുന്ന വടക്കന്‍ ഗാസയില്‍ ഇപ്പോഴും ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ഈജിപ്ത് അതിര്‍ത്തിയോട് ചേര്‍ന്ന റഫയിലും ഇസ്രായേല്‍ ആക്രമണം ശക്തമാണ്. അതിനിടെയാണ് ജബാലിയ ക്യാമ്ബില്‍ ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു എന്ന വിവരം അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതലറിയാം…

ഇസ്രായേല്‍-ഗാസ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ് ജബാലിയ ക്യാമ്ബ്. ഇവിടെ ഭൂമിക്കടയില്‍ നിര്‍മിച്ച തുരങ്കങ്ങളില്‍ പതിയിരുന്നാണ് ഹമാസ് ഇസ്രായേലിനെതിരായ പോരാട്ടം ശക്തമാക്കിയിട്ടുള്ളത്. തുരങ്കങ്ങളില്‍ പലതും ഇസ്രായേല്‍ നേരത്തെ തകര്‍ത്തിരുന്നു. എന്നാല്‍ മിക്ക തുരങ്കങ്ങളും ഇസ്രായേല്‍ സൈനികരെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണത്രെ.

ജബാലിയയില്‍ ആക്രമണം നടത്താനെത്തിയ ഇസ്രായേല്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കി എന്നാണ് ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഉബൈദയുടെ വാദം. ഇസ്രായേല്‍ സൈനികരെ തുരങ്കത്തിനകത്തേക്ക് ആകര്‍ഷിപ്പിച്ചായിരുന്നു ഹമാസ് ആക്രമണം എന്നാണ് മനസിലാകുന്നത്. നിരവധി ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടുവത്രെ. ചിലര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ സൈനികരെ പിടികൂടിയെന്നും അബു ഉബൈദ അവകാശപ്പെടുന്നു.

അതേസമയം, ഇസ്രായേലുമായി ചര്‍ച്ച നടത്തി സമയം കളയേണ്ടെന്നാണ് ഹമാസ് വക്താവ് ഉസാമ ഹംദാന്‍ പ്രതികരിച്ചത്. ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. ഗാസയില്‍ ആക്രമണം നടത്താന്‍ ഇസ്രായേലിന് കൂടുതല്‍ സമയം നല്‍കുക മാത്രമാണ് ഇതിലൂടെ സംഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സൈനികരെ കൊലപ്പെടുത്തുകയും പിടികൂടുകയും ചെയ്തുവെന്ന ഹമാസ് വാദം ഇസ്രായേല്‍ സൈന്യം നിഷേധിച്ചു.

തുരങ്കത്തില്‍ ഹമാസ് നേതാക്കളുണ്ടെന്നാണ് ഇസ്രായേല്‍ സൈന്യം കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ഹമാസ് പുറത്തുവിട്ടത് അവരുടെ യുദ്ധ തന്ത്രമായിരുന്നു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസ് നേതാക്കളെയും പ്രവര്‍ത്തകരെയും പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് തുരങ്കത്തില്‍ സൈന്യം പ്രവേശിച്ചത്. എന്നാല്‍ കാത്തിരുന്നത് ശക്തമായ ആക്രമണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഖസ്സാം ബ്രിഗേഡ് വക്താവിന്റെ ഓഡിയോ പശ്ചിമേഷ്യയിലെ നിരവധി മാധ്യമങ്ങള്‍ പുറത്തുവിട്ടു.

തങ്ങളുടെ സൈനികരെ ഹമാസ് പിടികൂടിയിട്ടില്ലെന്ന് ഇസ്രായേല്‍ പറയുന്നു. സൈനികരെ തട്ടിക്കൊണ്ടുപോയി എന്ന പ്രചാരണവും ശരിയല്ലെന്ന് സൈന്യം ‘എക്‌സി’ല്‍ കുറിച്ചു. അതേസമയം, റഫയില്‍ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിട്ടുണ്ട്. പലസ്തീന് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകാരം നല്‍കുമെന്ന് പ്രഖ്യാപിച്ചതും ഇസ്രായേലിന് തിരിച്ചടിയാണ്.

RELATED ARTICLES

STORIES

Most Popular