Saturday, July 27, 2024
HomeIndiaഫലംവരും മുമ്ബ്‌ ഇന്ത്യ മുന്നണിയുടെ യോഗം; അവലോകനവും സര്‍ക്കാര്‍ രൂപവത്കരണവും അജണ്ടയില്‍

ഫലംവരും മുമ്ബ്‌ ഇന്ത്യ മുന്നണിയുടെ യോഗം; അവലോകനവും സര്‍ക്കാര്‍ രൂപവത്കരണവും അജണ്ടയില്‍

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ ജൂണ്‍ ഒന്നിന് യോഗം ചേരും.

തിരഞ്ഞെടുപ്പ് അവലോകനത്തിനും, ഫലപ്രഖ്യാപനത്തിന് ശേഷം സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്യാനാണ് യോഗം. അടുത്ത സർക്കാർ രൂപവത്കരണം സംബന്ധിച്ചും സഖ്യ കക്ഷികളുടെ യോഗത്തില്‍ ചർച്ച നടന്നേക്കുമെന്ന് ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാക്കള്‍ അറിയിച്ചു.

രാജ്യത്ത് അവസാന ഘട്ട പോളിങ് നടക്കുന്ന ദിവസമാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കളുടെ യോഗം ചേരുന്നത്. 28 പാർട്ടികളാണ് ഇന്ത്യ സഖ്യത്തില്‍ ഉള്ളത്. രാഹുല്‍ ഗാന്ധി, മല്ലികാർജുന ഖാർഗെ, അരവിന്ദ് കെജ്രിവാള്‍, തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. ഡല്‍ഹി മദ്യനയ കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന കെജ്രിവാളിന് ജൂണ്‍ രണ്ടിന് തിഹാർ ജയിലിലേക്ക് മടങ്ങണം. ഇത് കൂടി കണക്കിലെടുത്ത് ആണ് ജൂണ്‍ ഒന്നിന് യോഗം ചേരുന്നത്.

ജൂണ്‍ നാലിന് ഫലം വരുന്ന ദിവസം ഇന്ത്യ സഖ്യം തകരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഇന്ത്യ സഖ്യത്തിലെ ചില കക്ഷികളെയും, എംപിമാരെയും ബിജെപി ലക്ഷ്യമിടുമെന്ന ആശങ്ക പ്രതിപക്ഷ പാർട്ടികള്‍ക്ക് ഉണ്ട്. ഈ സാഹചര്യത്തില്‍ ഫലം വന്നതിന് ശേഷവും സഖ്യത്തിലെ പാർട്ടികളെയും, എംപിമാരെയും ഒന്നിച്ച്‌ നിറുത്തുന്നതിനുള്ള നടപടികള്‍ ഇന്ത്യ സഖ്യം ചർച്ച ചെയ്യും. വോട്ടെടുപ്പില്‍ അട്ടിമറി ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും യോഗത്തില്‍ പങ്കെടുക്കുന്ന നേതാക്കള്‍ക്ക് കൃത്യമായ നിർദേശം നല്‍കും.

ബിജെപിക്ക് 230 സീറ്റില്‍ കുറവാണ് ലഭിക്കുന്നതെങ്കില്‍ ഇന്ത്യ സഖ്യത്തിന് സർക്കാർ രൂപവത്കരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് സഖ്യത്തിലെ മുതിർന്ന നേതാക്കള്‍ പറഞ്ഞു. അത്തരം ഒരു സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ സർക്കാർ രൂപവത്കരത്തിന് അടിയന്തിരമായി നടത്തേണ്ട നടപടികളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും.

RELATED ARTICLES

STORIES

Most Popular