Saturday, July 27, 2024
HomeIndiaമുസ്ലീം സംവരണത്തെ എതിര്‍ക്കുന്നത് മതാധിഷ്ഠിത പ്രചാരണമാണെങ്കില്‍ അത് തുടരും: അമിത് ഷാ

മുസ്ലീം സംവരണത്തെ എതിര്‍ക്കുന്നത് മതാധിഷ്ഠിത പ്രചാരണമാണെങ്കില്‍ അത് തുടരും: അമിത് ഷാ

ന്യൂഡല്‍ഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി വമ്ബന്‍ വിജയം നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്താല്‍ ബിജെപിയോട് പോസിറ്റീവായ ജനവിധി ഈ സംസ്ഥാനങ്ങളിലുണ്ടാവുമെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം പ്രതിപക്ഷത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

പ്രതിപക്ഷം അവരുടെ തോല്‍വിയെ മറച്ചുപിടിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. പിടിഐയുമായുള്ള അഭിമുഖത്തിലായിരുന്നു പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രംഗത്ത് വന്നു. ബിജെപി ഒരിക്കലും മതാധിഷ്ഠിതമായ പ്രചാരണം നടത്തിയിട്ടില്ലെന്ന് അമിത് ഷാ അവകാശപ്പെട്ടു.

മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കുന്നതും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ച്‌ വോട്ടര്‍മാരോട് സംസാരിക്കുന്നതും, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രചാരണം നടത്തുന്നതും മതാധിഷ്ഠിത പ്രചാരണമാണെങ്കില്‍ തീര്‍ച്ചയായും അത് തുടരുമെന്നും അമിത് ഷാ പറഞ്ഞു. ഇവിഎമ്മിനെ കുറിച്ചും വോട്ടിംഗ് ഡാറ്റയെ കുറിച്ചുമെല്ലാം പ്രതിപക്ഷം നടത്തുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്.

ബിജെപി പരാജയപ്പെട്ട തെലങ്കാന, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകളിലും ഇത് തന്നെയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പരാജയപ്പെട്ട തിരഞ്ഞെടുപ്പുകള്‍ സുതാര്യമെങ്കില്‍ ജയിച്ച തിരഞ്ഞെടുപ്പുകളും സുതാര്യമാണ്. തോല്‍വി മുന്‍കൂട്ടി കാണുമ്ബോള്‍ തീര്‍ച്ചയായും ഓരോ കാരണങ്ങള്‍ അതിനായി കണ്ടെത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ആരോപണം ഒരിക്കലും നീണ്ടുപോകില്ല. അവര്‍ ജൂണ്‍ ആറിന് ശേഷം വിദേശത്തേക്ക് വെക്കേഷനായി പോകും. അതോടെ മറ്റെന്തെങ്കിലുമായിരിക്കും അവര്‍ പറയുകയെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് പോളിംഗ് നടപടികളെ കുറിച്ച്‌ ചോദ്യം ചെയ്യുന്നത് രാഹുല്‍ ഗാന്ധിയുടെ പരാജയം മറയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പിന് മുമ്ബ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കം വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യാതൊന്നും നിര്‍ദേശിച്ചിട്ടില്ല. പ്രതിപക്ഷം എവിടെയെല്ലാം പരാജയപ്പെടുന്നുവോ, അവിടെയെല്ലാം അവര്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കും. ഇവിഎമ്മില്‍ കൃത്രിമത്വം കാണിക്കാനുള്ള സാധ്യത തീരെയില്ല. പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടക്കാനാണ് ആഗ്രഹമെന്നും അമിത് ഷാ പറഞ്ഞു.

ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കുമ്ബോള്‍ എന്‍ഡിഎ 400 സീറ്റ് നേടണമെന്നത് വെറുമൊരു പ്രചാരണമല്ല. അത് ഒരുപാട് ചിന്തിച്ചെടുത്ത ലക്ഷ്യമാണ്. ഞങ്ങള്‍ 399 സീറ്റ് നേടിയാല്‍ നിങ്ങള്‍ പറയും 400 കടന്നില്ലെന്ന്. അത് നിങ്ങളുടെ കാര്യമാണ്. 400 സീറ്റ് എന്നത് ഉറപ്പുള്ള കാര്യമാണ്. മോദിയാണ് ബിജെപിയുടെ മുഖമെന്നത് നെഗറ്റീവല്ല പോസിറ്റീവാണ്.

അതാണ് ബിജെപിക്ക് വോട്ടായി മാറുന്നത്. ഞങ്ങള്‍ അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉറപ്പായും ജനങ്ങളുടെ പിന്തുണ ലഭിക്കും. അധികാരമില്ലാത് ഇടങ്ങളില്‍ കൂടുതല്‍ വലിയ വിജയം നേടും. ഇത് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പോസിറ്റീവായ ജനവിധിയാണെന്നും അമിത് ഷാ പറഞ്ഞു.

RELATED ARTICLES

STORIES

Most Popular