ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിച്ചു. ഇന്ന് രാവിലെ ലോക്സഭ പാസാക്കിയ ബില്‍ ഉച്ചയോടെ രാജ്യസഭയും പാസാക്കുകയായിരുന്നു. ലോക്സഭയിലേതുപോലെ ചര്‍ച്ചയില്ലാതെയാണ് രാജ്യസഭയും ബില്‍ പാസാക്കിയത്.
കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് മൂന്ന് നിയമങ്ങളും പിന്‍വലിക്കാനുള്ള ഒറ്റവരി ബില്‍ അവതരിപ്പിച്ചത്.
ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ഇതോടെ സഭ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയിരുന്നു. രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലും ചര്‍ച്ചയില്ലാതെ പാസാക്കി. പ്രതിപക്ഷബഹളത്തിനിടെ ഇരു സഭകളിലും ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ ഒറ്റ ബില്ലാണ് െകാണ്ടുവന്നത്.
നേരത്തെതന്നെ പാര്‍ട്ടിയുടെ എല്ലാ എം.പിമാരും സഭയില്‍ ഹാജരായിരിക്കണമെന്ന് ബിജെപിയും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും വിപ്പ് നല്‍കിയിരുന്നു.
കാര്ഷികോല്പന്ന വ്യാപാര വാണിജ്യ പ്രോത്സാഹന സേവന നിയമം, വില സ്ഥിരത കര്‍ഷക സേവന കര്‍ഷക ശാക്തീകരണ സംരക്ഷണ കരാര്‍ നിയമം, അവശ്യസാധന ഭേദഗതി നിയമം എന്നിവയാണ് ഒരു വര്‍ഷം നീണ്ട കര്‍ഷകരുടെ ശക്തമായ ചെറുത്തു നില്പിനെ തുടര്‍ന്ന് പിന്‍വലിച്ചത്.
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിെന്റ ആദ്യദിനമായ തിങ്കളാഴ്ചയാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്.
അതേസമയം, മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കുമെതിരെ രാജ്യത്തെ കര്‍ഷകരില്‍ ചെറിയൊരു വിഭാഗമാണ് പ്രതിഷേധിച്ചതെന്ന് ബില്‍ വിശദീകരിച്ചു.
നാമമാത്ര, ചെറുകിടക്കാര്‍ അടക്കം കര്‍ഷകരുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് നേരത്തെ മൂന്നു നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് പിന്‍വലിക്കല്‍ ബില്ലില്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നു.
മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പു കിട്ടാതെ പിന്മാറ്റമില്ലെന്ന് വ്യക്തമാക്കി കര്‍ഷക സംഘടനകള്‍ സമരരംഗത്തു തന്നെ തുടരുകയാണ്.