Saturday, July 27, 2024
HomeAsiaചാര ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഉത്തര കൊറിയ; പല രാജ്യങ്ങളുടെയും നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നേക്കും

ചാര ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഉത്തര കൊറിയ; പല രാജ്യങ്ങളുടെയും നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നേക്കും

സോള്‍: അടുത്ത മാസം നാലാം തീയതി ഉത്തര കൊറിയ രണ്ടാം ചാര ഉപഗ്രഹം വിക്ഷേപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഉപഗ്രഹ വിക്ഷേപണത്തിനുള്ള ലോഞ്ച് വിൻഡോ ഞായറാഴ്ച രാത്രി മുതല്‍ പ്രവർത്തനം ആരംഭിച്ചതായി ജപ്പാൻ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു.

കൊറിയൻ മുനമ്ബിനും ഫിലിപ്പീൻസ് ദ്വീപായ ലുസോണിനും സമീപത്തായി റോക്കറ്റിന്റെ അവശിഷ്‌ടങ്ങള്‍ പതിക്കാനിടയുള്ള മൂന്ന് സ്ഥലങ്ങള്‍ അപകടമേഖലയായി ഉത്തര കൊറിയ പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

എന്നാല്‍, ബാലിസ്റ്റിക് മിസൈല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉപഗ്രഹ വിക്ഷേപണം യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്നും ഉപഗ്രഹ വിക്ഷേപണ പദ്ധതി ഉപേക്ഷിക്കണമെന്നും കിം ജോംഗ് ഉന്നിനോട് ആവശ്യപ്പെടാൻ യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർ തമ്മില്‍ ധാരണയായി. 2023 നവംബറില്‍ ആദ്യ ചാര ഉപഗ്രഹം ഉത്തര കൊറിയ വിജയകരമായി വിക്ഷേപിച്ചിരുന്നു. പദ്ധതി യുഎൻ ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ച്‌ അന്നും യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

അതിന് പിന്നാലെയാണ് പ്യോംഗ്‌യാംഗ് രണ്ടാം ഉപഗ്രഹ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. മേഖലയിലെ യുഎസ് സാന്നിദ്ധ്യം നിരീക്ഷിക്കാനാണ് ഉപഗ്രഹവിക്ഷേപണം നടത്തുന്നതെന്നാണ് പ്യോംഗ്‌യാംഗ് പറയുന്നത്. വൈറ്റ് ഹൗസ്, പെന്റഗണ്‍ തുടങ്ങിയ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങള്‍ ഉപഗ്രഹം പകർത്തിയതായും അവർ അവകാശപ്പെടുന്നു.

ഉത്തരകൊറിയയുടെ പ്രധാന ശത്രുവായ ദക്ഷിണ കൊറിയൻ മേഖലകളില്‍ നിന്നുള്ള നിർണായക വിവരങ്ങള്‍ ഉപഗ്രഹത്തിലൂടെ പ്യോംഗ്‌യാംഗിന് ലഭിക്കുമെന്നും ഇത് സുരക്ഷാ ഭീഷണിയാകുമെന്നുമാണ് സോളിന്റെ ഭീതി. ഉപഗ്രഹ വിക്ഷേപണ നീക്കം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു. ഉപഗ്രഹ പദ്ധതിക്കായി ഉത്തര കൊറിയയ്‌ക്ക് റഷ്യൻ സഹായം ലഭിച്ചിട്ടുണ്ടെന്നും സോള്‍ ആരോപിക്കുന്നു. 2024ല്‍ മൂന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാൻ ഉത്തര കൊറിയ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്.

അടുത്തിടെ ചുവന്ന നിറമുള്ള ലിപ്സ്റ്റിക്കിന് ഉത്തര കൊറിയ നിരോധനം ഏർപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. ചുവപ്പ് മുതലാളിത്തത്തിന്റെ പ്രതീകമായി കാണുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചുവന്ന ലിപ്സ്റ്റിക്ക് നിരോധിച്ചത്. സ്‌ത്രീകള്‍ വലിയ രീതിയില്‍ മേക്കപ്പ് ധരിക്കുന്നത് ഉത്തര കൊറിയയില്‍ നിരോധിച്ചിട്ടുണ്ട്. ചുവന്ന നിറമുള്ള ലിപ്‌സ്റ്റിക് ധരിക്കുമ്ബോള്‍ സ്‌ത്രീകള്‍ അമിതമായി മേക്കപ്പ് ധരിച്ചതായി തോന്നുന്നു. അതും നിരോധനത്തിന് ഒരു കാരണമാണ്.

ചുവന്ന ലിപ്സ്റ്റികിന് മാത്രമല്ല, അടുത്തിടെ കിം ജോംഗ് ഉനിന്റെ ഭരണകൂടം സ്‌കിന്നി ആൻഡ് ബ്ലൂ ജീൻസ്, ബോഡി ഫിറ്റ്, ചില ഹെയർസ്റ്റെെലുകള്‍ എന്നിവയും നിരോധിച്ചിരുന്നു. രാജ്യത്ത് അംഗീകരിച്ച ഹെയർസ്റ്റെലുകള്‍ മാത്രമേ സ്വീകരിക്കാൻ അനുവദിക്കുകയുള്ളു. മറ്റ് ഹെെയർസ്റ്റെലുകള്‍ വയ്ക്കുന്നവർക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാറുണ്ട്.

കൂടാതെ നിരോധിച്ച സ്കിന്നി ജീൻസുകള്‍ ധരിക്കുന്നവർക്കെതിരെയും വളരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. പിഴ ചുമത്തുക, പൊതുസ്ഥലത്ത് നിർത്തി ശിക്ഷിക്കുക ഇങ്ങനെയുള്ളവയാണ് ശിക്ഷ രീതികള്‍.

RELATED ARTICLES

STORIES

Most Popular