Saturday, July 27, 2024
HomeIndiaഎൻ.ഡി.എ ഘടകകക്ഷികള്‍ക്ക് തിരിച്ചടിയാകുമെന്ന് രുചിര്‍ ശര്‍മ

എൻ.ഡി.എ ഘടകകക്ഷികള്‍ക്ക് തിരിച്ചടിയാകുമെന്ന് രുചിര്‍ ശര്‍മ

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഘടകകക്ഷികളുടെ അവസ്ഥ ‘കട്ടപ്പൊക’യായിരിക്കുമെന്ന് പ്രമുഖ നിക്ഷേപകനും സാമ്ബത്തിക വിദഗ്ധനുമായ രുചിർ ശർമ.

ബിഹാറില്‍ ജെ.ഡി.യു, മഹാരാഷ്ട്രയില്‍ അജിത് പവാർ പക്ഷ എൻ.സി.പിയും ഏക് നാഥ് ഷിൻഡെയുടെ ശിവസേനയും കർണാടകയില്‍ ജനതാദള്‍ എസും ഇത്തവണ തിരിച്ചടി നേരിടുമെന്ന് വർഷങ്ങളായി തെരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്യുന്ന രുചിർ ശർമ ‘ഇന്ത്യ ടുഡേ’ പോപ് അപ് കോണ്‍ക്ലേവില്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ പകുതി ഇൻഡ്യ സഖ്യത്തിന് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കനത്ത നഷ്ടമുണ്ടാകുന്നത് ബി.ജെ.പിക്കൊപ്പമുള്ള ശിവസേനക്കും എൻ.സി.പിക്കുമാകും. ആന്ധ്രപ്രദേശിലെ ടി.ഡി.പി ഒഴികെയുള്ള ബി.ജെ.പി ഘടകകക്ഷികള്‍ കടുത്ത പ്രതിസന്ധിയിലാകുമെന്നും രുചിർ ശർമ അഭിപ്രായപ്പെട്ടു.

ആന്ധ്ര, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പുകാലത്ത് സഞ്ചരിച്ചപ്പോള്‍ ജനങ്ങളുടെ ആവശ്യങ്ങളും മറ്റും വ്യത്യസ്തമായി തോന്നി. വ്യത്യസ്തരായ നേതാക്കളെയാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും മനസ്സിലായി. ആന്ധ്രയില്‍ വൈ.എസ്.ആർ കോണ്‍ഗ്രസിന്റെ ജഗൻ മോഹൻ റെഡ്ഡിയും ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവുമാണ് താരങ്ങള്‍. ദേശീയ നേതാക്കളും പാർട്ടികളും അവിടെ പ്രസക്തമല്ല. കോണ്‍ഗ്രസ് പൂർണമായും അപ്രസക്തമായ അവസ്ഥയിലാണ്. നായിഡുവിന്റെയും പവൻ കല്യാണിന്റെയും ചുമലിലേറുകയാണ് ബി.ജെ.പി.

കർണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും കടുത്ത പോരാട്ടമാണെന്ന് രുചിർ പറഞ്ഞു. ജനതാദള്‍ എസ് തുടച്ചുനീക്കപ്പെടും. മഹാരാഷ്ട്രയില്‍ ഏത് പാർട്ടി ആരുടെ കൂടെയാണെന്ന് ആശയക്കുഴപ്പമുണ്ട്. കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള ഉദ്ധവ് താക്കറെയോടും ശരദ് പവാറിനോടും ജനങ്ങള്‍ക്ക് സഹതാപമുണ്ടെന്നും രുചിർ ശർമ ചൂണ്ടിക്കാട്ടി.

അതേസമയം, ആന്ധ്രയില്‍ 25ല്‍ ആറ് സീറ്റില്‍ മാത്രമാണ് ബി.ജെ.പി മത്സരിക്കുന്നതെങ്കിലും ടി.ഡി.പിയുടെ വിജയം എൻ.ഡി.എക്ക് നേട്ടമാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗൻ മോഹൻ റെഡ്ഡി വൻ പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ അടുത്തിടെ പ്രവചിച്ചിരുന്നു. തെലുങ്ക് ചാനലായ ആർ.ടി.വി 25 ലോക്സഭ സീറ്റുകളില്‍ 15 എണ്ണം ടി.ഡി.പിക്കും എട്ടുസീറ്റുകള്‍ ഭരണകക്ഷിയായ വൈ.എസ്.ആർ.സി.പിക്കും പ്രവചിച്ചിരുന്നു.

RELATED ARTICLES

STORIES

Most Popular