Saturday, July 27, 2024
HomeIndia200,50; മുന്നില്‍ പടനയിച്ച്‌ തേജസ്വി; പിൻവാങ്ങല്‍ പാതയില്‍ നിതീഷ്‌

200,50; മുന്നില്‍ പടനയിച്ച്‌ തേജസ്വി; പിൻവാങ്ങല്‍ പാതയില്‍ നിതീഷ്‌

ന്യൂഡല്‍ഹി: ‘ഒരുഭാഗത്ത് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരുമടങ്ങുന്ന വൻ സന്നാഹം. അവരോടെതിരിടാൻ മറുഭാഗത്ത് 34-കാരനായ തേജസ്വി യാദവ്’ – കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന എൻ.ഡി.എ.യ്ക്കെതിരേ ബിഹാറില്‍ മഹാസഖ്യത്തിന്റെ പോരാട്ടം നയിക്കുന്ന ആർ.ജെ.ഡി.

നേതാവ് തേജസ്വി യാദവിന്റെതന്നെ വാക്കുകളാണിത്. ഓരോ തിരഞ്ഞെടുപ്പുകള്‍ കഴിയുന്തോറും ഇരുത്തം വന്ന നേതാവായി തേജസ്വി വളരുമ്ബോള്‍ മറുഭാഗത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അസ്തമയം പ്രവചിക്കുന്നവരേറെ.

തേജസ്വി യാദവ് ഇക്കുറി ഇരുനൂറോളം റാലികളിലാണ് പങ്കെടുത്തത്. കടുത്ത നടുവേദന വകവെക്കാതെ വേദികളില്‍നിന്ന് വേദികളിലേക്ക് പായുന്ന തേജസ്വിയുടെ മുഖ്യ മുദ്രാവാക്യം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നതാണ്. ബിഹാറില്‍ താൻ ഉപമുഖ്യമന്ത്രിയായിരുന്ന 17 മാസവും നിതീഷ് എൻ.ഡി.എ.യുടെ മുഖ്യമന്ത്രിയായിരുന്ന 17 വർഷവും താരതമ്യം ചെയ്യാനാണ് തേജസ്വിയുടെ അഭ്യർഥന. എതിർവികാരം മനസ്സിലാക്കിയിട്ടെന്നോണം നിതീഷ് ഇതുവരെ പങ്കെടുത്തത് അമ്ബതോളം റാലികളില്‍ മാത്രമാണ്. പലയിടത്തും ചെറു പ്രസംഗങ്ങള്‍മാത്രം.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നതുമുതല്‍ മഹാസഖ്യത്തിന്റെ തീരുമാനങ്ങളെല്ലാം തേജസ്വിയുടെ കൈയില്‍ ഭദ്രമായിരുന്നു. സീറ്റുവിഭജനം അല്പം വൈകിയെങ്കിലും തേജസ്വിയുടെ തീരുമാനത്തെ കോണ്‍ഗ്രസും ഇടതുപാർട്ടികളും എതിർത്തില്ല. എൻ.ഡി.എ.യ്ക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിമാത്രം 13 റാലികളാണ് ബിഹാറില്‍ നടത്തിയത്. കൂടാതെ, ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റു കേന്ദ്ര മന്ത്രിമാർ, യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാർ എന്നിവരും അണിനിരന്നു. അതേസമയം, മഹാസഖ്യത്തിനുവേണ്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരു തവണയും ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രണ്ടുതവണയുമാണ് ഇതുവരെ ബിഹാറിലെത്തിയത്. ആരോഗ്യപ്രശ്നങ്ങളാല്‍ പിതാവ് ലാലു പ്രസാദ് യാദവും വിട്ടുനില്‍ക്കുന്നതോടെ മഹാസഖ്യത്തിന്റെ നേതൃത്വം തേജസ്വിയുടെ ചുമലിലായി.

തങ്ങള്‍ക്കാണ് ആധിപത്യമെന്ന് പരോക്ഷമായി പറഞ്ഞുവെക്കുന്ന ബി.ജെ.പി., ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു.വിന്റെ പ്രകടനം തങ്ങളെക്കാള്‍ മോശമാണെങ്കില്‍ നിതീഷ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന ആവശ്യം ഉന്നയിച്ചേക്കുമെന്നാണ് സൂചന.

RELATED ARTICLES

STORIES

Most Popular